പന്തീരാങ്കാവ്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. നേരത്തെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ച അന്വേഷണ ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കി കൊണ്ടാണ് പുതിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിൻ അടക്കമുള്ളവരെയാണ് ഒഴിവാക്കിയത്.

ഫറോക്ക് എസിപിക്ക് അന്വേഷണച്ചുമതല നൽകാൻ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വീഴ്ചയിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. പൊലീസ് നടപടി വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ ആണ് നിർദ്ദേശം നൽകിയത്.

നേരത്തെ നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്‌സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ ഇടപെട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ ഭർത്താവ് പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുൽ പി. ഗോപാലിന്റെ (29) പേരിൽ വധശ്രമത്തിന് കേസെടുത്തു.

ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിത കമീഷനും എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിക്കും പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയോട് നീതി കാണിച്ചില്ലെന്നും പിതാവ് പറഞ്ഞു. പറവൂർ സ്വദേശിയായ യുവതിയുമായി ഈ മാസം അഞ്ചിനായിരുന്നു രാഹുലിന്റെ വിവാഹം. അടുക്കള കാണൽ ചടങ്ങിന് 12ന് രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂര മർദനത്തിന് ഇരയായത് ബന്ധുക്കൾ അറിഞ്ഞത്.

വിവാഹം കഴിഞ്ഞ് ആദ്യദിവസങ്ങളിൽ സ്‌നേഹത്തോടെയായിരുന്നു രാഹുലിന്റെ പെരുമാറ്റം. 11ന് രാവിലെ രാഹുലും അമ്മയും ഒറ്റക്കിരുന്ന് കുറേ നേരം സംസാരിച്ചിരുന്നു. ഇതിനുശേഷം രാഹുൽ ഭാര്യക്കൊപ്പം കോഴിക്കോട് ബീച്ചിൽ പോയ സമയത്ത് സ്ത്രീധനം കുറഞ്ഞത് സംബന്ധിച്ച് തർക്കമുണ്ടായി. വീട്ടിൽ തിരിച്ചെത്തിയശേഷം പുറത്തേക്ക് പോയ രാഹുൽ മദ്യപിച്ച ശേഷം രാത്രി ഏറെ വൈകിയാണ് മടങ്ങിവന്നതെന്ന് പെൺകുട്ടി പറയുന്നു.

അതിനിടെ കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.