കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം ഇനിയും അവ്യക്തം. എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്നതാണ് സംശയം. മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായ നിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. എസിയിലെ ഗ്യാസ് ചോര്‍ച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തില്‍ പൊലീസ് അസ്വാഭാവികത സംശയിക്കുന്നുമുണ്ട്.

ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് പരിശോധന പകല്‍സമയത്തേക്ക് മാറ്റിയത്. റൂറല്‍ എസ്.പി. പി. നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രിതന്നെ സ്ഥലത്തെത്തി. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്. തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് വണ്ടിക്കുചുറ്റും വടംകെട്ടി. കരിമ്പനപ്പാലം ഭാഗത്ത് ഇടയ്ക്കിടെ ഗതാഗതതടസ്സമുണ്ടായി.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് രണ്ടുപേരെ കാരവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍ മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ് (27), കണ്ണൂര്‍ പറശ്ശേരി തട്ടുമ്മല്‍ ജോയല്‍ (26) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നു. രാത്രിയോടെയാണ് വാഹനത്തിന്റെ സ്‌റ്റെപ്പിനടുത്തായി ഒരാള്‍ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിന്‍ഭാഗത്തും ഒരാളെ കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാര്‍ വടകര പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും മരിച്ചെന്ന് സ്ഥിരീകരിച്ചത്.

മലപ്പുറം എടപ്പാളില്‍ ഫ്രണ്ട് ലൈന്‍ ഹോസ്പിറ്റാലിറ്റി പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിന്റേതാണ് വാഹനം. കെ എല്‍ 54 പി 1060 വാഹനത്തില്‍ എടപ്പാളില്‍നിന്നും വിവാഹ പാര്‍ട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരില്‍ ഇറക്കി തിരിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവര്‍ വാഹനവുമായി എത്തേണ്ടിയിരുന്നതാണ്.

എത്താതായതോടെ ലൊക്കേഷന്‍ മനസ്സിലാക്കി സ്ഥാപനവുമായി ബന്ധപ്പെട്ടവരും അന്വേഷണത്തിലായിരുന്നു. എസി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്.

ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്. തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല.