പത്തനംതിട്ട: ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുള പൊലീസും കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കാട്ടി ആറന്മുള സ്വദേശിനിയുടെ മാതാവ് നൽകിയ പരാതിയിലാണ് കേസ്. അന്വേഷണം ആരംഭിച്ചതായി എസ്എച്ച് ഒ അറിയിച്ചു.

80,000 രൂപയാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് 50,000 രൂപ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവ് നൽകിയ കേസിലാണ് അരവിന്ദിനെ കന്റോൺമെന്റ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. എംപി ക്വാട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് ചെയ്ത വാഗ്ദാനം. ഇതിനായി വ്യാജരേഖയുമുണ്ടാക്കി.

പത്തനംതിട്ട ജില്ലയിൽ നിന്ന് മാത്രം അരവിന്ദ് അഞ്ചു പേരിൽ നിന്ന് മൂന്നര ലക്ഷം തട്ടിയെടുത്തുവെന്ന വിവരം പൊലീസിന് ലഭിച്ചു. ആറന്മുളയിൽ ബിജെപി നേതാവിൽ നിന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ ശീട്ടെഴുതുന്ന ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപയാണ് വാങ്ങിയത്. ആന്റോ ആന്റണി എംപിയുടെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. എംപി ക്വാട്ടയിലുള്ള ജോലിയാണെന്നായിരുന്നു പറഞ്ഞിരുന്നത്്. ഇതേ നമ്പർ ഇറക്കിയാണ് കരുനാഗപ്പള്ളി സ്വദേശിനിയിൽ നിന്ന് അരലക്ഷം രൂപ വാങ്ങിയത്.

എംപി ക്വാട്ടായിൽ റിസപ്ഷനിസ്റ്റ് ജോലിയായിരുന്നു വാഗ്ദാനം. യുവതിയുടെ സംശയം അകറ്റാൻ വേണ്ടിയാണ് വ്യാജ നിയമന ഉത്തരവ് നൽകിയത്. ഇത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ വന്നതോടെയാണ് പിടിവീണത്. ആദ്യം പരാതി നൽകാൻ മടിച്ചവരൊക്കെ മുന്നോട്ടു വന്നതോടെ തട്ടിപ്പിന്റെ വ്യാപ്്തി വലുതായി.