- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി കിട്ടിയിട്ട് നാലു ദിവസം; സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതിനാൽ എഫ്ഐആർ ഇടാൻ മടി; എതിർഭാഗത്തിന്റെ മൊഴിയെടുത്തിട്ട് നോക്കാമെന്ന് പൊലീസ്; ജില്ലാ പൊലീസ് മേധാവി ഇടപെട്ടപ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിഐ.ടി.യു നേതാവിനെതിരേ കേസെടുത്തു
പത്തനംതിട്ട: നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു മോനെ ഓഫീസിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഒടുവിൽ സിഐ.ടി.യു ജില്ലാ നേതാവിനും കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരേ പൊലീസ് കേസെടുത്തു. പരാതി ലഭിച്ച് നാലു ദിവസം കഴിഞ്ഞിട്ടും സിപിഎം ഇടപെടൽ മൂലം ഒളിച്ചു കളിച്ച പൊലീസ് ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് കേസ് എടുത്തത്.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐ.ടി.യു) ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും സിപിഎം കുമ്പഴ ലോക്കൽ കമ്മറ്റി അംഗവുമായ സക്കീർ അലങ്കാരത്ത് (57), കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർ എന്നിവരാണ് പ്രതികൾ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹെൽത്ത് ഇൻസ്പെക്ടറുടെ റൂമിൽ കടന്നു കയറിയ സക്കീറും സംഘവും ദീപു മോനെ ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന കൗൺസിലർമാരും മറ്റ് ജീവനക്കാരും ചേർന്ന് ഇവരെ തടഞ്ഞു.
നിന്റെ മൊട്ടത്തല അടിച്ചു പൊട്ടിക്കുമെന്നും കൈവെട്ടുമെന്നും നിന്നെ കൈകാര്യം ചെയ്യാൻ പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും ജീവൻ വേണമെങ്കിൽ രാജിവച്ചു പൊക്കൊള്ളാനുമായിരുന്നു ഭീഷണി. മർദിക്കാനും ശ്രമിച്ചു. അന്നു തന്നെ ദീപുമോൻ നഗരസഭാ സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നു. പരാതി പൊലീസിന് കൈമാറിയെങ്കിലും കേസ് എടുക്കാതെ ഒളിച്ചു കളിക്കുകയായിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെ ജീവനക്കാർ സംയുക്തമായി നഗരസഭാ കവാടത്തിൽ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തി.
ഇതിനിടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടതു സർവീസ് സംഘടന മുഖേനെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കാൻ ഇന്നലെ രാവിലെ ദീപുവിനെ വിളിച്ച് പൊലീസ് മൊഴിയെടുത്തു. എന്നാൽ എഫ്ഐആർ ഇടാൻ തയാറായില്ല. എതിർകക്ഷിയെ വിളിച്ചു ചോദിക്കട്ടെ അതിന് ശേഷമാകാം കേസെടുക്കുന്നത് എന്നായിരുന്നു പൊലീസ് ഭാഷ്യം. വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി കേസെടുക്കാൻ പത്തനംതിട്ട എസ്എച്ച്ഓയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, പൊതുസ്ഥലത്ത് വച്ച് അസഭ്യം വിളിക്കുക എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നഗരത്തിലെ അനധികൃത മത്സ്യ കച്ചവടം തടഞ്ഞ് വാഹനം പിടികൂടി പൊലീസിന് കൈമാറിയതിന്റെ പേരിലായിരുന്നു ഹെൽത്ത് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സിഐ.ടി.യു നേതാവ് മർദ്ദിക്കുവാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിട്ട് പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്ത്വത്തിൽ സെക്രട്ടറി ഷെർല ബീഗത്തെ ഉപരോധിച്ചു. അനധികൃത മത്സ്യ കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിച്ചതിനാണ് ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ സിപിഎം നേതാവ് അക്രമാസക്തനായത്. നാല് ദിവസമായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സെക്രട്ടറിയെ ഉപരോധിച്ചത്. അടിയന്തിര നടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. പാർലമെന്ററി ലീഡർ കെ ജാസിം കുട്ടി, മുൻ ചെയർമാൻ അഡ്വ എ സുരേഷ് കുമാർ, അംഗങ്ങളായ സി.കെ അർജുനൻ, ആനി സജി, അംബിക വേണു, മേഴ്സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്