- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേയിൽ ജോലിക്ക് 14 ലക്ഷം വാങ്ങി നിയമന ഉത്തരവ് നൽകി; പരാതി ഉയർന്നപ്പോൾ ഒത്തുതീർപ്പാക്കാൻ സിപിഎം നേതാക്കളുടെ ഇടപെടൽ; കേസ് എടുക്കാതെ പൊലീസിന്റെ ഒത്തുകളി; നാലു വർഷം മുൻപുള്ള തട്ടിപ്പിനെതിരേ കോടതിയെ സമീപിച്ചപ്പോൾ കേസ് എടുക്കാൻ നിർദ്ദേശം; ശാസ്താംകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത് സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനും ഭാര്യയ്ക്കുമെതിരേ
കൊല്ലം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവ് തയാറാക്കി നൽകുകയും ചെയ്തുവെന്ന പരാതിയിൽ ഒടുവിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്തു. കേസെടുക്കാതിരിക്കാൻ സിപിഎം നേതൃത്വം ആവുന്നതു ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കോടതി നിർദേശപ്രകാരം ഗത്യന്തരമില്ലാതെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സിപിഎം ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മറ്റിയംഗവും സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗവുമായ മനക്കര കല്ലറയിൽ വീട്ടിൽ ബാബു ചന്ദ്രൻ പിള്ള (ബി.സി. പിള്ള), ഭാര്യ ശ്രീജ എന്നിവർക്കെതിരേയാണ് ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മകൾക്ക് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 13,18,500 രൂപ പല തവണയായി തട്ടിയെടുത്തുവെന്ന് കാട്ടി മനക്കര സ്വദേശി രാജേന്ദ്രൻ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
പണം വാങ്ങിയതിന് ശേഷം വ്യാജനിയമന ഉത്തരവ് നൽകിയാണ് പറ്റിച്ചത്. രാജേന്ദ്രന്റെ മകളെ ദക്ഷിണ റെയിൽവേയിൽ എൻജിനീയർ തസ്തികയിൽ ട്രെയിനിയായി നിയമിച്ചു കൊണ്ടുള്ള സോണൽ റെയിൽവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒപ്പും പേരും സീലും ഉപയോഗിച്ചാണ് നിയമന ഉത്തരവ് ചമച്ചത്. ഇത് നൽകി 2018 ൽ മൂന്നു തവണയായിട്ടാണ് പണം വാങ്ങി എടുത്തത്.
സംഘത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയിലായി എന്ന വാർത്ത വന്നപ്പോഴാണ് രാജേന്ദ്രൻ താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സിപിഎം ഏരിയാ നേതാക്കൾ ഇടപെട്ടു. പരാതി ഒഴിവാക്കാൻ പല തവണ പിള്ളയ്ക്ക് സമയം നീട്ടിൽ നൽകി. പൊലീസ് സ്റ്റേഷനിലും റൂറൽ എസ്‌പിക്കും പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ തയാറായില്ല. ഒടുവിൽ ഗതികെട്ട് രാജേന്ദ്രൻ കോടതിയെ സമീപിക്കുകയായിരുന്നു.
കുന്നത്തൂർ താലൂക്കിൽ നിരവധി പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ചിലർക്കൊക്കെ പകുതി തുക മടക്കി കൊടുത്ത് പരാതി ഒഴിവാക്കി. സിപിഎം നേതാക്കളും പൊലീസും ചേർന്ന് ഇയാൾക്ക് സംരക്ഷണം നൽകുകയാണ്. കേസ് എടുത്തെങ്കിലും അറസ്റ്റുണ്ടാകാനുള്ള സാധ്യത കുറവാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്