- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ്ഹൗസിൽ എത്തിയതിന് തെളിവുകൾ; ഓഗസ്റ്റിലും സെപ്റ്റംബറിലും മുറിയെടുത്തതായി വ്യക്തമായത് രജിസ്റ്ററിന്റെ പകർപ്പ് കിട്ടിയതോടം; എംഎൽഎക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ കൂടി ചുമത്തി; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്ച
തിരുവനന്തപുരം: അദ്ധ്യാപിക നൽകിയ പരാതിയിൽ എടുത്ത ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്ര് ഹൗസിൽ എത്തിയതിന് തെളിവ് കിട്ടി. കഴിഞ്ഞ മാസം 14 നാണ് എൽദോസ് കോവളം ഗസ്റ്റ് ഹൗസിൽ എത്തിയത്. എൽദോസിന് അനുവദിച്ചത് 9,10 റൂമുകൾ ആയിരുന്നു. കോവളം ഗസ്റ്റ് ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ രജിസ്റ്ററിന്റെ പകർപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 5, 6 തിയതികളിലും എൽദോസ് ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നു. അന്ന് യുവതിയുമായി എൽദോസ് ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കേസുൾപ്പെടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്തി. 307, 354 ആ വകുപ്പുകൾ എംഎൽഎക്കെതിരെ ചുമത്തിയിട്ടുണ്ട്. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. സെപ്റ്റംബർ 14 ന് കോവളത്ത് വെച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിക്കാരിയായ യുവതി മൊഴി നൽകിയിരുന്നു. കോവളം ആത്മഹത്യാ മുനമ്പിൽ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്.
കോവളം സൂയിസൈഡ് പോയിന്റിൽ എത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയിരുന്നു. ഇക്കഴിഞ്ഞ മാസം 14 നാണ് ഇതെല്ലാം സംഭവിച്ചതെന്നും പരാതിക്കാരി മൊഴി നൽകി. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു.
തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടി കൂടുകയും പൊലീസ് എത്തുകയും ചെയ്തു. എന്നാൽ അവരുടെ മുന്നിൽവെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതിനിടെ ഒളിവിൽ കഴിയുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. ഇന്നലെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസിന്റെ വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. എൽദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.
എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അഡി.സെഷൻസ് കോടതി 20ന് വിധി പറയും. കഴിഞ്ഞ മാസം 28നാണ് തന്നെ ഉപദ്രവിച്ചെന്നു കാട്ടി യുവതി കോവളം പൊലീസിൽ പരാതി നൽകിയത്. ഈ മാസം എട്ടിനാണ് കോവളം സിഐ യുവതിയുടെ പരാതി പരിഗണിക്കാൻ തയാറായത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിഐയെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന്, ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി.
മറുനാടന് മലയാളി ബ്യൂറോ