ബംഗളൂരു: 'ലൈംഗികാരോഗ്യ പ്രശ്നങ്ങൾക്ക് 'ഉടൻ പരിഹാരം' വാഗ്ദാനം ചെയ്യുന്ന റോഡരികിലെ ബോർഡ് കണ്ടു ചികിത്സ തേടിയ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് നഷ്ടമായത് 48 ലക്ഷം രൂപ. വ്യാജ ആയുർവേദ വൈദ്യൻ ചമഞ്ഞെത്തിയ വിജയ് ഗുരുജിയുടെ കബളിപ്പിക്കലിലാണ് ബംഗളൂരു സ്വദേശിയായ ടെക്കി കുടുങ്ങിയത്. വ്യാജ വൈദ്യൻ പറഞ്ഞതനുസരിച്ച് കഴിച്ച മരുന്നുകൾ വൃക്കയുടെ പ്രവർത്തനം തകരാറിലാവാൻ കാരണമായതായും പരാതിയുണ്ട്.

സംഭവത്തിൽ, കബളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ നൽകി രോഗാവസ്ഥ വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിജയ് ഗുരുജിക്കും ഇയാൾക്ക് മരുന്നുകൾ വിതരണം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയ്ക്കുമെതിരെ ജ്ഞാനഭാരതി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. 2023-ൽ വിവാഹിതനായ യുവാവിന് പിന്നാലെയാണ് ലൈംഗികാരോഗ്യപരമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്.

ഇതിനായി ഇദ്ദേഹം ആദ്യം കെങ്കേരിയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, 2025 മേയ് 3-ന് കെ.എൽ.ഇ. ലോ കോളേജിന് സമീപം റോഡരികിൽ സ്ഥാപിച്ചിരുന്ന ഒരു താൽക്കാലിക ആയുർവേദ ടെന്റ് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടു. 'ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വതവും വേഗത്തിലുമുള്ള പരിഹാരം' എന്ന് വലിയ ബോർഡ് വെച്ച ഈ ടെന്റിലുണ്ടായിരുന്ന വിജയ് ഗുരുജിയെയാണ് യുവാവ് സമീപിച്ചത്.

പരിശോധനകൾക്ക് ശേഷം, ഹരിദ്വാറിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്ന 'ദേവരാജ് ബൂട്ടി', എന്ന 'അപൂർവ ആയുർവേദ മരുന്നുകൾ' കഴിച്ചാൽ അസുഖം പൂർണ്ണമായും ഭേദമാക്കാം എന്ന് ഗുരുജി ഉറപ്പുനൽകി. എന്നാൽ, ഈ മരുന്നുകളുടെ വില കേട്ട് യുവാവ് ഞെട്ടി. ഒരു ഗ്രാമിന് 1.6 ലക്ഷം രൂപ, മറ്റൊരു മരുന്നിന് 76,000 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. ഈ അപൂർവ മരുന്നുകൾ വാങ്ങാനായി യുവാവിനോട് ഡിജിറ്റൽ പേയ്മെന്റുകൾ ഒഴിവാക്കാനും പണം നോട്ടുകളായി തന്നെ നൽകാനും ഗുരുജി ആവശ്യപ്പെട്ടു.

ഗുരുജിയുടെ വാക്കുകൾ വിശ്വസിച്ച യുവാവ് ഭാര്യയിൽ നിന്നും മാതാപിതാക്കളിൽ നിന്നും 17 ലക്ഷം രൂപ കടം വാങ്ങുകയും, 20 ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുക്കുകയും, സുഹൃത്തുക്കളിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങുകയും ചെയ്താണ് ഈ 'വിലയേറിയ' മരുന്നുകൾ വാങ്ങിക്കഴിച്ചത്. ചികിത്സ പാതിവഴിയിൽ നിർത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ജീവന് തന്നെ അപകടമോ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി, കൂടുതൽ മരുന്നുകൾ വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതോടെ, ആകെ 48 ലക്ഷം രൂപ യുവാവിന് നഷ്ടമായി. ഇത്രയധികം പണം ചെലവഴിച്ചിട്ടും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഇല്ലാതിരുന്നതിനെ തുടർന്ന് യുവാവിന് സംശയമായി.

തുടർന്ന്, മറ്റൊരു ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് യുവാവിന് ബോധ്യമായത്. വ്യാജ ചികിത്സകൻ നൽകിയ മരുന്നുകളിലെ സുരക്ഷിതമല്ലാത്ത രാസവസ്തുക്കൾ കാരണം യുവാവിന്റെ വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. റോഡരികിലെ ഇത്തരം താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡി.സി.പി. അനിത ഹദ്ദണ്ണവർ അറിയിച്ചു.