- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചിട്ടി കേസില്‍ വ്യാജ രേഖ നിര്‍മ്മിച്ചെന്ന് ആരോപിച്ച് ഗോകുലം ഗോപാലന്‍ എതിരെ കേസ്; കേസെടുത്തത് പെരിന്തല്‍മണ്ണ കോടതി ഉത്തരവിന് പിന്നാലെ; പരാതിക്കാരായ കളത്തില്‍ ബഷീറും ഭാര്യയും കേസ് നല്‍കിയത് വസ്തുതകള്‍ മറച്ചുവച്ചെന്ന് ഗോകുലം ഗോപാലന്‍; കോടതി ശിക്ഷിച്ച ഇരുവരുടെയും വ്യാജപ്രചാരണത്തിന് എതിരെ നിയമനടപടിയെന്നും ഗ്രൂപ്പ് ചെയര്‍മാന്‍
ചിട്ടി കേസില്‍ വ്യാജ രേഖ നിര്‍മ്മിച്ചെന്ന് ആരോപിച്ച് ഗോകുലം ഗോപാലന്‍ എതിരെ കേസ്
തിരുവനന്തപുരം: ചിട്ടിക്കേസില്‍ വ്യാജ സീലും വ്യാജ ഒപ്പും അടക്കം വ്യാജ രേഖ നിര്‍മിച്ചെന്ന് ആരോപിച്ച് ഗോകുലം ഗോപാലനെതിരെ കേസ്. മലപ്പുറം അലനല്ലൂര്‍ സ്വദേശി കളത്തില്‍ ബഷീറും ഭാര്യ ഷീജ എന്‍ പി യും നല്‍കിയ പരാതി വ്യാജമെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രതികരിച്ചു.
മുഹമ്മദ് ബഷീറിന്റെ പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നില്ല. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കേസെടുത്തത്. ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടര്‍മാരെല്ലാം കേസില്‍ പ്രതികളാണ്.
ബഷീര്‍, ഗോകുലം ചിറ്റ് ഫണ്ട്‌സിന്റെ പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ നിന്ന് ചിട്ടി എടുത്തിരുന്നു. ഇതില്‍ 48 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളതെന്ന് ബഷീറും ഒരു കോടി 85 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും ഗോകുലവും വാദിച്ചതോടെ ഇരുകക്ഷികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. അതിനിടെയാണ് ബഷീറും ഷീജയും വ്യാജ രേഖാ കേസ് നല്‍കിയത്.
അതേസമയം, ബഷീറിന്റെ പരാതി വസ്തുതകള്‍ മറച്ചുവച്ചാണെന്ന് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പരാതിക്കാരനായ കളത്തില്‍ ബഷീറിനെയും ഭാര്യ എന്‍ പി ഷീജയും ഗോകുലം ചിറ്റ്‌സിനെ കബളിപ്പിച്ചതിന് കോടതി ശിക്ഷിച്ചവരാണ്. മൂന്നുചെക്ക് കേസുകളില്‍ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്.
പരാതിക്കാര്‍, ഗോകുലം ചിറ്റ്‌സിന്റെ പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ നിന്ന് 4 ചിട്ടികളില്‍ ചേര്‍ന്ന് ഒരു കോടി 85 ലക്ഷം രൂപ വിൡച്ചടുത്തിരുന്നു. എന്നാല്‍, ചിട്ടിപ്പണം തിരിച്ചടയ്ക്കാതെ കമ്പനിയെ കബളിപ്പിക്കുകയായിരുന്നു. ചിട്ടി വിളിച്ചെടുത്തിട്ടുണ്ടെങ്കില്‍ ഓരോ ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ടതാണ്. പക്ഷേ ഈ പണം തിരിച്ചടയ്ക്കാതെ ഗോകുലം ഗ്രൂപ്പിനെ അവര്‍ വഞ്ചിക്കുകയാണ് ചെയ്തത്.
ചെന്നൈയിലെ ചിട്ടി ആര്‍ബിട്രേഷന്‍ കോടതിയില്‍ നടന്ന കേസില്‍ ഗോകുലം ചിറ്റ്‌സിന് അനുകൂലമായ വിധി വന്നിരുന്നു. വിധിക്ക് എതിരെ ഇരുവരും അപ്പീല്‍ പോലും നല്‍കിയിട്ടില്ലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയില്‍, മൂന്നുചെക്ക് കേസുകള്‍ കൂടി ഗോകുലം ചിറ്റ്‌സ് നല്‍കിയിരുന്നു. ഈ കേസില്‍, ബഷീറിനെയും ഭാര്യയെയും കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഈ കേസിലെ വസ്തുതകള്‍ മറച്ചുവച്ചുകൊണ്ട് വീണ്ടും വ്യാജ രേഖകള്‍ ആണെന്ന് ആരോപിച്ചുകൊണ്ട് വീണ്ടും കേസെടുക്കുന്ന രീതിയിലേക്ക് പരാതിക്കാര്‍ പോയിരിക്കുന്നത്. വസ്തുതകള്‍ മറച്ചുവച്ചുകൊണ്ടുള്ള വ്യാജ പ്രചാരണമാണ് ഇരുവരും നടത്തുന്നതെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗോകുലം ഗോപാലന്‍ പ്രതികരിച്ചു.