- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷം മുൻപ് മുത്തൂറ്റ് ഫിനാൻസിന്റെ ആറാട്ടുപുഴ ശാഖയിൽ നിക്ഷേപിച്ചത് 25 ലക്ഷം; നൽകിയതുകൊൽക്കത്ത ആസ്ഥാനമായ കമ്പനിയുടെ രസീതും രേഖകളും; ഇപ്പോൾ മുതലും പലിശയുമില്ല: മുത്തൂറ്റ് ഫിനാൻസ് മാനേജർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് ആറന്മുള പൊലീസ്
പത്തനംതിട്ട: നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖാ മാനേജർക്കെതിരേ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തടിയൂർ പനക്കൽ തടം മാവുങ്കൽ പുത്തൻപുരയിൽ വിമൽ കുമാർ നൽകിയ പരാതിയിൽ മുത്തൂറ്റ് ഫിനാൻസ് ആറാട്ടുപുഴ ശാഖാ മാനേജർ ശ്രീകലയ്ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.
18 വർഷം ഗൾഫിൽ ജോലി നോക്കി മടങ്ങിയെത്തിയ വിമൽ കുമാർ 2018 മാർച്ച് 16 നാണ് ആറാട്ടുപുഴ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. കൺവർട്ടബിൾ ഡിബഞ്ചർ സർട്ടിഫിക്കറ്റാണ് (എൻസിബി) ഇതിന് നൽകിയത്. ഇതാകട്ടെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ (എസ്ആർഇഐ) ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റേതാണ്.
വിമൽ കുമാർ നടത്തിയ അന്വേഷണത്തിൽ ഈ കമ്പനിയുടെ ലൈസൻസ് 2020 ഒക്ടോബർ മാസത്തിൽ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലാത്തതിന്റെ പേരിൽ റിസർവ് ബാങ്ക് റദ്ദാക്കിയിട്ടുള്ളതായി അറിയാനും കഴിഞ്ഞു. തുടർന്ന് വിമൽ കുമാർ ശാഖാ മാനേജർ ശ്രീലതയെ സമിപിച്ച് പണം തിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നപ്പോൾ മുത്തൂറ്റ് ഫിനാൻസ് ചെയർമാനും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടർമാരുമായും നേരിൽ സംസാരിച്ചുവെന്ന് വിമൽ കുമാറിന്റെ മൊഴിയിൽ പറയുന്നു.
അവർ പണം തിരികെ നൽകാമെന്ന് വാക്കാൽ പറഞ്ഞുവത്രേ. കേന്ദ്രസർക്കാരിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണ് പണം അവിടെ നിക്ഷേപിച്ചത്. എന്നാൽ, പണം ആവശ്യപ്പെട്ടിട്ട് തിരികെ കിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. മുത്തൂറ്റ് ബാങ്ക് ശാഖയിലെ ജീവനക്കാരുടെയും മാനേജർമാരുടെയും പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് പലരും പണം നിക്ഷേപിച്ചത്.
പത്തനാപുരത്തും സമാന രീതിയിലുള്ള തട്ടിപ്പ് നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. കലഞ്ഞൂർ സ്വദേശികൾക്കാണ് പണം നഷ്ടപ്പെട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായി രംഗത്തു വരാനുള്ള സാധ്യതയുണ്ടെന്ന് അറിയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്