- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമകൾക്കെതിരേ തിരുവല്ലയിലും കേസ്
തിരുവല്ല: നിക്ഷേപകന് പണം മടക്കി നൽകാത്തതിന് ലഭിച്ച പരാതിയിൽ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമകൾക്കെതിരേ തിരുവല്ല പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു. പണം മടക്കി ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. നെടുമ്പറമ്പിൽ ഉടമകളെ മർദിച്ചുവെന്ന പരാതിയിൽ നിക്ഷേപകനും രണ്ടു മകൾക്കുമെതിരേയും തിരുവല്ല പൊലീസ് കേസെടുത്തു.
നിക്ഷേപിച്ച 1.43 കോടി തിരിച്ചു കിട്ടിയില്ലെന്ന് കാട്ടി ലഭിച്ച നെടുമ്പറമ്പിൽ ഉടമകൾക്കെതിരേ ഇലവുംതിട്ട പൊലീസ് കഴിഞ്ഞ വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. രണ്ടു കേസുകളും ബഡ്സ് നിയമപ്രകാരം കൂടിയുള്ളതാണ്. നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ നിക്ഷേപിച്ച 15 ലക്ഷം തിരികെ നൽകുന്നില്ലെന്ന് കാട്ടി കൊല്ലം മേലില പുലമൺ ഇമ്മാനുവൽ കോട്ടേജിൽ റെജിമോന്റെ ഭാര്യ റീന റെജി നൽകിയ പരാതിയിൽ ഇന്നലെ ഉച്ചയ്ക്കാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ഥാപനത്തിന്റെ എം.ഡി എൻ.എം. രാജു, ബ്രാഞ്ച് മാനേജർ സന്ധ്യ എന്നിവരെ പ്രതികളാക്കി ബഡ്സ് ആക്ട് ഉൾപ്പെടെ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ ഇന്നലെ രാത്രി 9.30 ന് റെജിമോനും രണ്ടു മക്കളും ചേർന്ന് രാമൻചിറയിലുള്ള നെടുമ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി എൻ.എം. രാജുവിന്റെ സഹോദരന്റെ മകൻ സാം ജോൺ, രാജുവിന്റെ മക്കളായ അലൻ, ഭാര്യ പ്രിൻസി, ആൻസൻ, ഭാര്യ മരിയ, രാജുവിന്റെ ഭാര്യ ഗ്രേസി എന്നിവരെ മർദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
നിക്ഷേപത്തുക തിരികെ കിട്ടാതെ വന്നതോടെ റെജിമോനും കുടുംബവും കിഴക്കന്മുത്തൂരിൽ എൻ.എം. രാജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസം. ദിവസവും പണം ചോദിച്ച് രാജുവിനെ ഇവർ സമീപിച്ചിരുന്നു. കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് പൊലീസിൽ പരാതി കൊടുത്തതും കേസ് രജിസ്റ്റർ ചെയ്തതും. ഇതിന് ശേഷമാണ് റെജിമോനും കുടുംബവും രാജുവിന്റെ വീട്ടിലെത്തി ബഹളം വച്ചത്. സംഘട്ടനത്തിൽ രാജുവിന്റെ സഹോദര പുത്രൻ സാം ജോണിന്റെ മുഖത്ത് പരുക്കേറ്റു. മൂക്കിന്റെ എല്ലിന് പൊട്ടലും കവിളിൽ മുറിവും ഉണ്ടായി. ബാക്കിയുള്ളവർക്ക് പരുക്കുണ്ട്.
ഇലവുംതിട്ടയിലെ പരാതി 1.43 കോടി രൂപയുടേത്..
2019 ജൂലൈ അഞ്ചു മുതൽ 16 തവണയായിട്ടാണ് 1.43 കോടി രൂപ മെഴുവേലി ആലക്കോട്ടുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന്റെ ശാഖയിൽ മലപ്പുറം ചുങ്കത്തറ പാലുണ്ട കളരിക്കൽ വീട്ടിൽ ജോർജ് ഫിലിപ്പ് നിക്ഷേപിച്ചത്. ജോർജ് ഫിലിപ്പ് ഡയറക്ടറായിട്ടുള്ള ചുങ്കത്തറ ഗുഡ്ഷെപ്പേർഡ് മോഡേൺ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ചുങ്കത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന്റെ കുഴിക്കാല ഫെഡറൽ ബാങ്കിലുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
സ്ഥാപനം എം.ഡി രാജു ജോർജ് എന്ന എൻ.എം. രാജു, ഭാര്യ ഗ്രേസ് രാജു, മക്കളായ അലൻ ജോർജ്, ആൻസൻ ജോർജ്, മാനേജർ മാത്യു സാമുവൽ എന്നിവരെ പ്രതികളാക്കിയാണ് ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷററും ഉന്നതാധികാര സമിതി അംഗവുമാണ് എൻ.എൻം. രാജു. മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ്.