ആലപ്പുഴ: കുട്ടനാട്ടിലെ എംഎൽഎ ആകുന്നതിന് മുമ്പേ കുപ്രസിദ്ധനാണ് തോമസ് കെ തോമസ്. അന്തരിച്ചു തോമസ് ചാണ്ടി പല കാര്യങ്ങളും നോക്കാൻ ഏൽപ്പിച്ചത് ഈ സഹോദരനെയായിരുന്നു. എന്നാൽ, പലകാര്യങ്ങളിലും പച്ചത്തെറി വിളിച്ചു കൊണ്ട് ഇടപെടൽ നടത്തുന്ന തോമസ് കെ തോമസിന്റെ ഓഡിയോകൾ അടക്കം പുറത്തുവന്നിരുന്നു. ഇപ്പോൾ എംഎൽഎ ആയ ശേഷവും വിവാദ നായകനാകുകയാണ് തോമസ് കെ തോമസ്.

വനിതാ നേതാവിനെ കഴുത്തിന് പിടിച്ചു മർദ്ദിച്ചു എന്ന പരാതിയിലാണ് ഇപ്പോൾ തോമസ് കെ തോമസിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ ഉഴപ്പിക്കളിച്ച കേസിൽ കോടതി ഉത്തരവിട്ടത് അനുസരിച്ചാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗം ആലീസ് ജോസിയാണ് പരാതിക്കാരി.

കോടതിയുടെ നിർദേശ പ്രകാര ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. എന്സിപി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മർദിച്ച സംഭവത്തിലാണ് നടപടി. കേസിൽ നാല് സംസ്ഥാന നേതാക്കളും ,ജില്ലാ നേതാക്കളും പ്രതികളാണ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ജോബിന് പെരുമാൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ റഷീദ്, രഘുനാഥന് നായർ എന്നിവരാണ് മറ്റ് പ്രതികൾ.

കഴിഞ്ഞ ഓഗസ്റ്റ് 23ന് എൻസിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നിൽ വച്ച് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ആലിസ് ജോസഫിനെ എംഎൽഎ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഉടൻ തന്നെ ആലിസ് ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കുന്നത്.

സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ആലിസ് ജോസ് നോമിനേഷൻ കൊടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാനായിരുന്നു ആലിസ് ജോസിന്റെ തീരുമാനം. എന്നാൽ തോമസ് കെ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ഇവരെ നോമിനേഷൻ നൽകുന്നതിനെ എതിർത്തു. തുടർന്നാണ് സംഘർഷം ഉണ്ടായത് . ഇതിനിടെ എംഎൽഎ മർദ്ദിച്ചു എന്നാണ് ആലിസിന്റെ പരാതി. ആക്രമണത്തിൽ ആലീസിന്റെ കാലിന് പരിക്കേറ്റിരുന്നു.

അതേസമയം ആക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ വാദം. കള്ള അംഗത്വബുക്കുമായാണ് സംസ്ഥാന സമിതി അംഗംമായ റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള വിഭാഗം സംഘടനാ തെരഞ്ഞെടുപ്പിന് എത്തിയതെന്നും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവർ ശ്രമിച്ചതെന്നും തോമസ് കെ തോമസ് ആരോപിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് നടപടിയിൽ തനിക്കു പങ്കില്ലെന്നും തോമസ് കെ.തോമസ് പറഞ്ഞു.