ദില്ലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർത്താവിനെ കൊല്ലാൻ ഭാര്യയും സഹോദരങ്ങളും ചേർന്ന് ക്വട്ടേഷൻ നൽകിയതാണെന്നാണ് കണ്ടെത്തൽ. ബറേലിയിൽ ഇസത്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈകാലുകൾ ഒടിഞ്ഞ നിലയിൽ കാട്ടിൽ കണ്ടെത്തിയ രാജീവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാൾ ചികിത്സയിലാണ്.

ഒരു ഡോക്ടറുടെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു രാജീവ്. 2002ലാണ് രാജീവും സാധനയുമായുള്ള വിവാഹം നടന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഭാര്യയും ബന്ധുക്കളും ചേർന്ന് നടത്തിയ കൊലപാതക ശ്രമത്തിൽ നിന്നാണ് രാജീവ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കൈകാലുകൾ ഒടിഞ്ഞ നിലയിൽ ഒരു അപരിചിതനാണ് രാജീവിനെ കാട്ടിൽ കണ്ടെത്തിയത്. ഭാര്യ സാധനയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് രാജീവിന്റെ ആരോപണം. ഭഗവാൻ ദാസ്, പ്രേംരാജ്, ഹരീഷ്, ലക്ഷ്മൺ എന്നിവരുൾപ്പെടെയുള്ള 5 സഹോദരങ്ങളെ കൂട്ടുപിടിച്ച് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയും ചെയ്തു.

ജൂലൈ 21 ന് രാത്രി 11 പേർ ചേർന്നാണ് സംഭവം. രാജീവിനെ വീട്ടിൽ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. 11 പേരടങ്ങുന്ന സംഘമാണ് രാജീവിനെ ആക്രമിച്ചതെന്നാണ് സൂചന. കൈയും രണ്ട് കാലുകളും ഒടിച്ച ശേഷം ജീവനോടെ കുഴിച്ചിടാനായിരുന്നു ഇവർ പദ്ധതിയിട്ടത്. തുടർന്ന് രാജീവിനെ ഇവർ കാട്ടിലേക്ക് കൊണ്ടുപോയി. കുഴിയെടുക്കുന്നതിനിടെ അവരെ അവിടെ വെച്ച് ഒരു അപരിചിതൻ കണ്ടതിനാൽ പദ്ധതി ഉപേക്ഷിച്ച് ഓടിപ്പോകുകയായിരുന്നു.

അവശനിലയിൽ വേദനകൊണ്ട് നിലവിളിക്കാൻ പോലും സാധിക്കാതെ രാജീവ് അവിടെ കിടന്നു. എന്നാൽ അപരിചിതൻ രാജീവിനെ കണ്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചു. തുടർന്ന് ഇയാളെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാജീവിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മരുമകൾക്കും സഹോദരന്മാർക്കുമെതിരെയാണ് പരാതി. തുടർന്ന് പോലീസ് കേസെടുത്തു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.