- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു; മരിച്ചെന്നു കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാവ്; നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; കുഞ്ഞ് സ്വാഭാവികമായി ശ്വസിച്ചു തുടങ്ങിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരും; മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞിന് തൂക്കക്കുറവ്
ആറന്മുള: പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങിയെന്നത് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്. ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ദ്ധർ കാണുന്നത്. എന്നാൽ പൂർണ ആരോഗ്യത്തിൽ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവിൽ പറയാൻ കഴിയില്ലെന്നും ഡോക്ടർമാർ പറയുന്നു.
കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഉടൻ മാറ്റാൻ അധികൃതർ ഉദ്ദേശിക്കുന്നില്ല. മാസം തികയാതെ ജനിച്ചതിനാലും ഭാരക്കുറവ് ഉള്ളതിനാലും കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചു വരികയാണ്. രക്തസ്രാവമോ മറ്റു പരുക്കുകളോ കണ്ടെത്താനായിട്ടില്ല. മന്ത്രി വീണാ ജോർജ് ഇന്നലെ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ചു മെഡിക്കൽ സംഘവുമായി ഫോണിൽ ചർച്ച നടത്തി.
അതിനിടെ സംഭവത്തിൽ കുഞ്ഞിന്റെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റിൽ ഉപേക്ഷിച്ചതെന്ന മറുപടിയാണു ആറന്മുള കോട്ട സ്വദേശിയായ യുവതി നൽകിയത്. കുഞ്ഞിനെ എന്തു കൊണ്ട് ആശുപത്രിയിൽ എത്തിച്ചില്ലെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടിയില്ല. യുവതി ചികിത്സയിൽ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ആറന്മുള എസ്ഐ അലോഷ്യസ് അലക്സാണ്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
യുവതിയുമായി അകന്നു കഴിയുന്ന ഭർത്താവ്, യുവതിക്കൊപ്പം ആശുപത്രിയിലെത്തിയ അമ്മ എന്നിവരിൽ നിന്നു വിശദാംശങ്ങൾ തേടി. ഡോക്ടറുടെ മൊഴിയുമെടുത്തു. കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിക്കുകയായിരുന്നെന്നാണു യുവതിയുടെ മൊഴി. ഇന്നലെ യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് പൊക്കിൾക്കൊടി മുറിക്കാനെടുത്ത കത്രിക കണ്ടെത്തി. വിവിധ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
അതേമയം നവജാത ശിശുവിനെ പത്തനംതിട്ട ജില്ലാ സി.ഡബ്ല്യു.സി ഏറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റിയേക്കും. കുട്ടിയുടെ താൽക്കാലിക സംരക്ഷണം തണൽ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. കുട്ടിക്ക് ഒരു കിലോ 300 ഗ്രാം തൂക്കം മാത്രമേയുള്ളുവെന്നും കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ടെന്നും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു
നിലവിൽ കുഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന കുഞ്ഞിനെ തണലിലേക്ക് മാറ്റും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് പറഞ്ഞു.
അതേസമയം, കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ച യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യൻ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. യുവതിയുടേയും അകന്നു കഴിയുന്ന ഭർത്താവിന്റെയും മൊഴിയും ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി പറഞ്ഞത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുളിമുറിയിലെ ബക്കറ്റിൽ നിന്നും കുഞ്ഞിനെ കണ്ടെടുത്തത്.
അതിനിടെ, കോട്ടയിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാൻ പ്രയത്നിച്ച പൊലീസ് സേനാംഗകൾക്കും ചെങ്ങന്നൂരിലെ നഴ്സിങ് ഹോമിലെ ഡോക്ടർമാരെയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോട്ടയിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാൻ പ്രയത്നിച്ച പൊലീസ് സേനാംഗകൾക്കും അമ്മ പറയുന്നതിൽ സംശയം തോന്നി പൊലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്സിങ് ഹോമിലെ ഡോക്ടർക്കും ഹൃദയാഭിവാദ്യങ്ങൾ. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പൊലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ല.
ഈ കുഞ്ഞിന്റെ മൂത്ത സഹോദരൻ 9 വയസുകാരന്റെ വാക്കുകൾ ഗൗരവത്തിൽ എടുത്തതുകൊണ്ടാണ് പൊലീസ് ആശുപത്രിയിൽ നിന്ന് അവർ താമസിച്ച വീട്ടിൽ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ നടത്തുന്നുണ്ട്.
സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നൽകുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഒരു കെയർ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതൽ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
മറുനാടന് ഡെസ്ക്