- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ കത്ത് പ്രചരിച്ചതു പാർട്ടി അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിൽ; അതിലെ അംഗങ്ങളേയും ഏരിയ കമ്മിറ്റി അംഗത്തേയും ലോക്കൽ സെക്രട്ടറിയേയും വെറുതെ വിട്ടു; മൊബൈലും കത്തു തയാറാക്കിയ കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടറുകളും ആരും പരിശോധിച്ചില്ല; മേയർ വ്യാജമെന്ന് ആവർത്തിക്കുമ്പോഴും അന്വേഷണം നേർവഴിക്കല്ല; നേരറിയാൻ വേണ്ടത് സിബിഐ തന്നെ
തിരുവനന്തപുരം: താൽക്കാലിക നിയമനങ്ങൾക്കു പാർട്ടി പട്ടിക ആവശ്യപ്പെട്ടു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക ലെറ്റർപാഡിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയതായി പുറത്തു വന്ന കത്ത് ആദ്യം എത്തിയത് മനോരമയിലാണ്. മനോരമയിലെ ലേഖകന്റെ പേരു വച്ചു വന്ന കത്ത്. ഈ വാർത്ത എഴുതിയ റിപ്പോർട്ടറെ ചോദ്യം ചെയ്താൽ തന്നെ മേയർ വ്യാജമെന്ന് പറയുന്ന കത്ത് കണ്ടെത്താം. മേയറുടെ മെയിലിൽ നിന്ന് ജില്ലാ സെക്രട്ടറിയുടെ മെയിലിലേക്ക് കത്ത് അയച്ചോ എന്ന് ശാസ്ത്രീയ പരിശോധന നടത്തിയാൽ ശുപാർശ കത്തിൽ എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാക്കാം. പക്ഷേ ക്രൈംബ്രാഞ്ച് ഇതൊന്നും ചെയ്യില്ല. കത്ത് വിവാദത്തെ തണുപ്പിക്കാനാണ് നീക്കം. കത്തിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും കേസെടുത്ത് തുടരന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് ശുപാർശ എത്തുമ്പോൾ ചർച്ചയാകുന്നത് ഒളിച്ചുകളിയാണ്.
'കത്ത് കൃത്രിമമാണോയെന്ന് ഉറപ്പിക്കണമെങ്കിൽ ഒറിജിനൽ കണ്ടെത്തിയേപറ്റൂ. കത്തിന്റെ വാട്സാപ്പിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ഇതുമാത്രം വച്ച് നിഗമനങ്ങളിൽ എത്താനാകില്ല. വിശദമായ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്' ക്രൈംബ്രാഞ്ച് എഡിജിപി ഷേഖ് ദർവേഷ് സാഹിബിനു കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കത്ത് കൃത്രിമമാണെന്ന മേയർ ആര്യ രാജേന്ദ്രന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പരാമർശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് റിപ്പോർട്ട് കൈമാറിയത്. ഏതു വകുപ്പു പ്രകാരമുള്ള കേസാണു രജിസ്റ്റർ ചെയ്യേണ്ടതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. കത്ത് പ്രസിദ്ധീകരിച്ച മാധ്യമത്തെ കുറിച്ചും റിപ്പോർട്ടറെ കുറിച്ചും റിപ്പോർട്ടിൽ ഒന്നുമില്ല. ഇവരെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണത്തിൽ നിഗമനത്തിൽ എത്തുമെന്നും ആർക്കും അറിയില്ല. അങ്ങനെ അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുകയാണ് ക്രൈംബ്രാഞ്ച്.
വിവാദ കത്ത് പ്രചരിച്ചതു പാർട്ടി അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിലാണ്. അതിലുള്ള അംഗങ്ങൾ, ആരോപണവിധേയരായ ഏരിയ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി എന്നിവരെയൊന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ബന്ധപ്പെട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്കും മുതിർന്നില്ല. സംശയമുള്ളവരുടെ മൊബൈൽ ഫോണുകൾ, കത്തു തയാറാക്കിയ കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടറുകൾ എന്നിവ അന്വേഷണ വിധേയമാക്കാതിരുന്നതും ആക്ഷേപത്തിന് ഇടയാക്കി-ഇന്ന് മനോരമയുടെ വാർത്തയിൽ പറയുന്ന വാചകമാണ് ഇത്. അതായത് കത്ത് പ്രസിദ്ധീകരിച്ചവർ ഉറവിടം കിറുകൃത്യമായി പറഞ്ഞിട്ടും അന്വേഷണത്തിന് ആരും തയ്യാറല്ല. മനോരമ ലേഖകന്റെ മൊഴി എടുത്താൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് ആ വഴിക്ക് അന്വേഷണം പോകാത്തത്.
സർക്കാർ നിലപാട് അറിഞ്ഞശേഷമാകും തുടരന്വേഷണം സംബന്ധിച്ച് ഡിജിപി അനിൽകാന്ത് തീരുമാനമെടുക്കുക. അന്വേഷണം ലോക്കൽ പൊലീസിനു കൈമാറേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം തന്നെ കേസെടുത്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നും ആഭ്യന്തര വകുപ്പിൽ അഭിപ്രായമുണ്ട്. എന്നാൽ ഈ കേസ് അന്വേഷിക്കാൻ ലോക്കൽ പൊലീസാണ് നല്ലതെന്നതാണ് വസ്തുത. അതിനിടെ കത്ത് കേസ് ഹൈക്കോടതിയിലുണ്ട്. ഹൈക്കോടതിയിൽ കേസുള്ളതിനാൽ പൊലീസിന് കരുതലുകൾ എടുക്കണം. അല്ലാത്ത പക്ഷം അന്വേഷണത്തിന് സിബിഐ എത്തും. അതുണ്ടായാൽ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോകും. അതിനാൽ ഇരുട്ടിലാണ് സർക്കാർ. പ്രതിപക്ഷത്തെ സമാധാനിപ്പിച്ച് അന്വേഷണം മരവിപ്പിക്കാനും ചില ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്.
കോർപറേഷൻ ആരോഗ്യ വിഭാഗത്തിൽ 295 താൽക്കാലിക നിയമനങ്ങൾക്കു പാർട്ടി പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു എഴുതിയ കത്ത് ഈ മാസം അഞ്ചിനാണു പുറത്തായത്. എസ്എടി ആശുപത്രി നിയമനത്തിനായി ആനാവൂരിനു കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എഴുതിയ കത്തു കൂടി പുറത്തുവന്നതോടെ വിവാദം രൂക്ഷമായി. തുടർന്നാണു പ്രാഥമിക അന്വേഷണത്തിനു ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. കത്തിനു പിന്നിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കാൻ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയും ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്റെ അതേ നിഗമനങ്ങളിൽതന്നെയാണ് വിജിലൻസും എത്തിയത്. ഇതിന് പിന്നാലെ സഹകരണ സ്ഥാപന നിയമനത്തിലെ കത്തും പുറത്തു വന്നു. ഇതും നിയമ ലംഘനമാണ്. ഈ കത്തിൽ ആരും അന്വേഷണം നടത്തുന്നില്ല.
തദ്ദേശസ്ഥാപന ഓംബുഡ്സ്മാൻ മേയറോടും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിനോടും വിശദീകരണം തേടിയെങ്കിലും ഇന്നലെയും മറുപടി നൽകിയില്ല. ഞായറാഴ്ച വരെയായിരുന്നു സമയപരിധി. കത്ത് വിഷയത്തിലെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മേയറുടെ രാജിക്കായി കോൺഗ്രസും ബിജെപിയും പ്രക്ഷോഭം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ