തൊടുപുഴ: വിവിധ പേരുകളിൽ സഭകൾ സ്ഥാപിച്ച് നാടു നീളെ സുവിശേഷവുമായി നടക്കുകയും യേശുവിന്റെ നാമത്തിൽ രോഗശാന്തി ശുശ്രൂഷ നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന ഒരുപറ്റം പെന്തക്കോസ്തു പാസ്റ്റർമാർ മെത്രാൻ വേഷത്തിൽ അരങ്ങ് തകർക്കുന്നു. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട് വെല്ലൂർ കേന്ദ്രീകരിച്ച് രൂപീകരിച്ച പുതിയ വെട്ടിക്കൂട്ട് സംഘടനയുടെ മറ പിടിച്ച് പുതിയ ട്രിക്കുകളുമായി ഇടുക്കിയിലും വേരുറപ്പിക്കാൻ നീക്കം നടത്തുന്നത്.

ജില്ലയിലെ തോട്ടം മേഖലകൾ കേന്ദീകരിച്ചാണ് സംഘം പുതിയ ഇരകളെ ലക്ഷ്യമിട്ട് വല വിരിച്ചിരിക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാസ്റ്റർമാരെയും ചെറുകിട സുവിശേഷകരെയും മോഹന സുന്ദര വാഗ്ദാനങ്ങൾ ചെയ്താണ് ഇവർ ആകർഷിക്കുന്നത്. തുടക്കത്തിൽ താലൂക്ക് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം. ഇത്തരത്തിൽ കെണിയിൽ അകപ്പെടുന്നവരെ കോ-ഓർഡിനേറ്റർമാരായി നിയമിച്ച് ജില്ലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് നീക്കം. നീണ്ട ഇടവേളകൾക്ക് ശേഷമാണ് വെല്ലൂർ സംഘം കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഫെബ്രുവരി ആദ്യവാരം ചിലരെ മെത്രാന്മാരാക്കിയായിരുന്നു രംഗപ്രവേശം. പുതുതായി മെത്രാന്മാരായ പലരും വെല്ലൂർ സംഘത്തിന്റെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് പുതിയ സഭകൾ രൂപീകരിച്ചു തങ്ങളാൽ കഴിയും വിധം മെത്രാൻ കച്ചവടവുമായി രംഗത്തുവന്നതോടെ തിരുവനന്തപുരത്ത് തങ്ങൾ കച്ചി പിടിക്കില്ലെന്ന് മനസ്സിലാക്കിയതാണ് ഇടുക്കി ലക്ഷ്യമിട്ടതെന്നാണ് വിവരം. സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിരവധി പെന്തക്കോസ്ത് സഭകളുള്ളതാണ് ഇടുക്കിയിൽ ഇവരുടെ ശ്രദ്ധ പ്രധാനമായും പതിയാൻ കാരണം.

അങ്ങനെയാണ് തമിഴ് ഭൂരിപക്ഷമുള്ള തോട്ടം മേഖലയിൽ വെല്ലൂർ സംഘമെത്തിയത്. ഇടുക്കി, കോട്ടയം ജില്ലകൾ അതിർത്തി പങ്കിടുന്ന വാഗമൺ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങളുടെ പ്രാരംഭം. പ്രദേശത്തെ ഏതാനും ചില പാസ്റ്റർമാരെ പാട്ടിലാക്കിയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വെല്ലൂർ സംഘം തുടക്കമിട്ടത്. ഇവരെ ഉപയോഗിച്ച് മറ്റു താലൂക്കുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ കോട്ടയം, ഇടുക്കി പാസ്റ്റേഴ്സ് മീറ്റ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചതെന്നാണ് അറിയുന്നത്.

തൊടുപുഴയിലെ പ്രവർത്തനം നിലച്ച സിനിമ തീയറ്റർ കേന്ദ്രീകരിച്ചായിരുന്നു പരിപാടി.പി. ജെ ജോസഫ് എംഎ‍ൽഎ, ഡീൻ കുര്യാക്കോസ് എംപി, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ഡിവൈഎസ്‌പി: എം.ആർ. മധു ബാബു എന്നിവർ അതിഥികളായി പങ്കെടുക്കുമെന്നായിരുന്നു പരിപാടിക്കായി തയാറാക്കിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ വെല്ലൂർ സംഘത്തിന്റെ തട്ടിപ്പ് മനസിലാക്കിയ ജനപ്രതിനിധികൾ ആരും തന്നെ പങ്കെടുത്തതുമില്ല. പങ്കെടുത്തത് ഡിവൈഎസ്‌പി: എം.ആർ മധു ബാബു മാത്രം. തൊടുപുഴയിലെ പരിപാടിക്കെതിരെ ഇതേ സംഘത്തിനൊപ്പം പ്രവർത്തിച്ചിരുന്നവരിൽ ചിലർ രഹസ്യന്വേഷണ വിഭാഗത്തിന് പരാതി നൽകിയിരുന്നതായും വിവരമുണ്ട്. രണ്ട് ലക്ഷം രൂപ മുതൽ വാങ്ങിയാണ് ഇവർ മെത്രാന്മാരാക്കുന്നതെന്നായിരുന്നു പരാതി.

പരാതി സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് നേരത്തെ ലഭിച്ചിരുന്നുവെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് 'അൽഫോൻസു'മായി പരാതിയെ കുറിച്ച് സംസാരിച്ചപ്പോൾ മെത്രാനാക്കുന്നതിന് അഞ്ച് ലക്ഷമാണ് വാങ്ങുന്നതെന്ന് പറയണമെന്നുമായിരുന്നു അദ്ദേഹം നിർദ്ദേശിച്ചതെന്നാണ് വെല്ലൂർ സംഘത്തിന്റെ നീയമ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നയാൾ യോഗത്തിൽ വിളിച്ചു കൂവിയത്.

ഒരു പ്രമുഖ പെന്തക്കോസ്ത് സഭയിലെ പാസ്റ്ററായിരുന്ന പത്തനംതിട്ട കുമ്പനാട് സ്വദേശിയായ ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് വെല്ലൂർ സംഘത്തിനൊപ്പം ചേർന്ന് മെത്രാനായതെന്ന് പറയപ്പെടുന്നു. എന്നാൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്കാണെന്നുള്ള കാര്യം വ്യാജ പ്രചാരണം നടത്തിയ ഇയാൾക്ക് അറിവില്ലായിരുന്നു.