- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
ന്യൂഡൽഹി: സ്വന്തം പേരിലുള്ള സ്ഥാപനത്തിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്താകുമോ? ആഗോള ശ്രദ്ധ നേടിയ എഡ്യുക്കേഷൻ ആപ്പായ ബൈജൂസിൽ നിന്നും ബൈജുവിനെ ചാടിക്കാൻ ശ്രമങ്ങൾ വിവിധ കോണുകളിൽ നിന്നും നടക്കുകയാണ്. ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചതോടെ അദ്ദേഹത്തിനെതിരായ നീക്കങ്ങൾ പുതിയ തലത്തിലെത്തി.
കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. കമ്പനിയിൽ ഓഡിറ്റ് നടത്തണമെന്നും ഇവർ കമ്പനി നിയമ ട്രിബ്യൂണലിന് മുമ്പാകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയ ഡയറക്ടർ ബോർഡിനേയും നിയമിക്കണം. അതേസമയം, ബൈജുവിനേയും കുടുംബത്തേയും ഡയറക്ടർ ബോർഡിൽ നിന്നും മാറ്റാൻ ലക്ഷ്യമിട്ട് ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗവും ഇന്ന് നടക്കുന്നുണ്ട്. എന്നാൽ, ഈ യോഗം നിയമവിരുദ്ധമാണെന്നാണ് ബൈജു രവീന്ദ്രന്റെ വാദം.
നേരത്തെ കർണാടക ഹൈക്കോടതി ബൈജു രവീന്ദ്രന് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത് വരുന്നത് വരെ ജനറൽ ബോഡി യോഗം ചേർന്ന് ബൈജുവിനെ പുറത്താക്കരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, ജനറൽ ബോഡി യോഗവുമായി മുന്നോട്ട് പോകാൻ നിക്ഷേപകർ തീരുമാനിക്കുകയായിരുന്നു. കോടതി തീരുമാനത്തിന് അനുസരിച്ചാവും ബോർഡിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്താകുക.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ ബോർഡിൽനിന്ന് ബൈജുവിനെയും ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥിനെയും ബൈജുവിന്റെ സഹോദരൻ റിജു രവീന്ദ്രനെയും പുറത്താക്കണമെന്ന് പൊതുയോഗ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. വമ്പൻ നഷ്ടവും നിരവധി കോടതി വ്യവഹാരങ്ങളും നേരിടുന്ന ബൈജു രവീന്ദ്രന് മറ്റൊരു തിരിച്ചടിയാണ് ഓഹരി ഉടമകളുടെ യോഗവും പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പും. ഓഡിറ്റർ രാജിവെച്ചതും വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ പാപ്പരാക്കൽ നടപടികൾ തുടങ്ങിയതും അമേരിക്കയിൽ വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച കോടതി നടപടികളും കൂടുതൽ ആഘാതമായി.
അതിനിടെ, ഓഹരി ഉടമകളെ തണുപ്പിക്കാൻ ബൈജു രവീന്ദ്രൻ കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. എല്ലാവരുടെയും സമ്മതത്തോടെ രണ്ട് നോൺ-എക്സിക്യൂട്ടിവ് ഡയറക്ടർമാരെ നിയമിക്കാമെന്നും പണം വിനിയോഗിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ബൈജു കത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ ദുബായിലുള്ള ബൈജുവിന് ഉടൻ നാട്ടിൽ തിരിച്ചെത്തേണ്ടി വന്നേക്കും. രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് വന്ന സാഹചര്യത്തിലാണ് ഇത്. ദുബായിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്ര മലയാളി വേണ്ടെന്ന് വച്ചു.
കണ്ണൂരുകാരനായ ബൈജു അതിവേഗമാണ് ശതകോടീശ്വരനായി മാറിയത്. കോവിഡിന് ശേഷം ബൈജൂസ് തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്നു. കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ നൽകിയ കേസിൽ അനുകൂല വിധി നേടി ഒരു ദിവസം പിന്നിടുമ്പോഴാണ് ഇ.ഡി കുരുക്കിട്ടത്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും കാട്ടി ബൈജു രവീന്ദ്രൻ ഓഹരി ഉടമകൾക്ക് കത്തയച്ചിരുന്നു. കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദേശങ്ങളാണ് കത്തിൽ. ഇതിനിടെയാണ് ഇഡിയുടെ പുതിയ നീക്കം. ബൈജു അറസ്റ്റിലാകാനും സാധ്യതയുണ്ട്.
ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുമെന്നതാണ് ബൈജു പ്രഖ്യാപിച്ച ഏറ്റവും വലിയ വാഗ്ദാനം. ബൈജൂസിന്റെ മാതൃ കമ്പനിയായ ആയ തിങ്ക് ആൻഡ് ലേണിന്റെ റൈറ്റ്സ് ഇഷ്യൂ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി ബൈജു ബുധനാഴ്ച ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ അറിയിച്ചിരുന്നു.
നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്ന് യോഗം വിളിച്ചത്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്റെ ഒരു അജണ്ട. സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ഇജിഎം നിയമവിരുദ്ധമെന്ന് ബൈജൂസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെ നടക്കുന്ന ഇജിഎമ്മിൽ നടക്കുന്ന വോട്ടെടുപ്പ് നിയമപരമല്ല. ഇതിൽ എടുക്കുന്ന തീരുമാനങ്ങൾ കമ്പനികാര്യ നിയമം (2013) പ്രകാരം നിലനിൽക്കുന്നതല്ല. കമ്പനിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള പുകമറ മാത്രമാണ് ഇന്നത്തെ യോഗമെന്നും ബൈജൂസ് വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ഷിപ്പിങ്ങിൽനിന്ന് അദ്ധ്യാപനത്തിലേക്ക്
കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽ തയ്യിലെ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ് ബൈജു. അദ്ധ്യാപക ദമ്പതിമാരുടെ മകൻ ചെറുപ്പത്തിൽതന്നെ പഠനത്തിൽ മികവു പുലർത്തിയിരുന്നു. അഴീക്കോട്ടെ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. കുട്ടിക്കാലത്ത് ക്ലാസുകൾ ഒഴിവാക്കി വീട്ടിൽ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു ബൈജു. കാരണം പഠനത്തിൽ അദ്ദേഹത്തിന് എപ്പോഴും ചില കുറുക്ക് വഴികൾ ഉണ്ടായിരുന്നു. പ്ലസ് ടു പഠന ശേഷം, കണ്ണൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കി. തുടർന്ന് ഒരു മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലി. ചെറുപ്പത്തിലെ പഠിപ്പിക്കാനും ബൈജു മിടുക്കൻ ആയിരുന്നു. കൂട്ടുകാരിൽ പലരും പറയും അവർ ബൈജുവിന്റെ ക്ലാസാണ്് അവർക്ക് നല്ല മാർക്ക് വാങ്ങിക്കൊടുത്തത് എന്ന്. പക്ഷേ അപ്പോൾ ഒന്നും അദ്ദേഹം അദ്ധ്യാപനം ഒരു തൊഴിൽ മേഖലയായി എടുത്തിരുന്നില്ല.
2003ൽ ഒരു അവധിക്കാലത്ത് ക്യാറ്റ് പരീക്ഷക്ക് പഠിക്കുന്ന സുഹൃത്തുക്കളെ സഹായിച്ചതാണ് ബൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ആ സുഹൃത്തുക്കൾ ഉയർന്ന മാർക്കിൽ പാസ്സായി. ഇതോടെ സുഹൃത്തുക്കളും അധ്യയനം പ്രൊഫഷൻ ആക്കാൻ ബൈജുവിനെ നിർബന്ധിച്ചു. രണ്ട് വർഷത്തിന് ശേഷം, ബൈജു ക്യാറ്റ്് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ഒരു കോച്ചിങ്ങ് ക്ലാസ് തുടങ്ങി. ഇതിന് ഗംഭീര പ്രതികരണമാണ് കിട്ടിയത്. ഇതോടെയാണ് അദ്ധ്യാപനമാണ് തന്റെ വഴിയെന്ന് ബൈജു തിരിച്ചറിയുന്നത്. തുടർന്ന് അദ്ദേഹം ജോലി ഉപേക്ഷിച്ച് വിവധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കന്നവർക്ക് കോച്ചിങ്ങ് നിൽകുന്ന ബൈജൂസ് ക്ലാസസ് തുടങ്ങി. അതും ഗംഭീര വിജയമായി. കേരളത്തിൽ അങ്ങോളമിങ്ങോളം പോയി ബൈജു ക്ലാസ് എടുത്ത് തകർത്തു. ഓഡിറ്റോറിയങ്ങളിൽ ആള് തികയാഞ്ഞതോടെ അത് സ്റ്റേഡിയത്തിലേക്ക് മാറി. വളരെ വ്യത്യസ്തമായി ക്ലാസ് എടുക്കാനുള്ള കഴിവ് വിദ്യാർത്ഥികളെ സ്വാധീനിച്ചു.
ജീവിതത്തിലും ബിസിനസിലും ബൈജു രവീന്ദ്രന്റെ പാർട്ണറാണ് ദിവ്യ ഗോകുൽനാഥ്. ബൈജൂസിന്റെ ആദ്യ ബാച്ചുകളിലൊന്നിലെ വിദ്യാർത്ഥിയായിരുന്നു ദിവ്യ. 'വൈ ഡോൻഡ് യു ടീച്ച്' എന്ന ബൈജുവിന്റെ ഒറ്റച്ചോദ്യത്തിലാണ് ബംഗളൂരു സ്വദേശിയായ ദിവ്യയുടെ ജീവിതം മാറിമറിഞ്ഞത്. വിദേശത്ത് വമ്പൻ സർവകലാശാലകളിൽനിന്ന് ബിരുദാനന്തരബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടും അത് വേണ്ടെന്നു വച്ച് ബൈജൂസിന്റെ ഭാഗമായി.
ബൈജൂസ് ആപ്പ് പിറക്കുന്നു
ഇന്ത്യയിൽ നടന്ന സാമ്പത്തിക ഉദാരീകരണത്തിന്റെയും, മൈാബൈൽ ടെക്ക്നോളിയുടെ വർധനവിന്റെയൊക്കെ ഗുണഭോക്താക്കൾ ആയിരുന്നു ബൈജൂസ്. ശരിയായ സമയത്ത് ശരിയായ മോഡൽ ഇറക്കാൻ കഴിയുക എന്നതാണ്, ഇന്നവേഷനുകളിൽ ഏറ്റവും പ്രധാനം. ബൈജൂസ് ക്ലാസ് കത്തി നിൽക്കുന്ന സമയം. സ്റ്റേഡിയങ്ങളിൽ നടത്തിയാൽ പോലും പരമാവധി 25,000 പേരെ മാത്രമേ ഒരു സമയം എൻഗേജ് ചെയ്യാൻ കഴിയൂ. എങ്ങനെ ഈ ക്ലാസുകളെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാം എന്ന അന്വേഷണത്തിന് ഒടുവിലാണ് ബൈജൂസ് ആപ്പ് പിറക്കുന്നത്. അതേക്കുറിച്ച് ദിവ്യ പറയുന്നത് ഇങ്ങനെ "2009-2010കാലയളവിൽ ഇതേ കണ്ടന്റ് ഞങ്ങൾ ഉപഗ്രഹ ടെക്നോളജി വഴി ഇന്ത്യ മുഴുവൻ എത്തിക്കാൻ തുടങ്ങി. 2011ലാണ് ബൈജൂസ് എന്ന കമ്പനി രൂപീകരിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ള തരത്തിൽ പഠിപ്പിക്കാൻ എന്തൊക്കെ വഴികൾ കണ്ടെത്തണമെന്നായിരുന്നു ഞങ്ങളുടെ ആലോചന. അങ്ങനെ ഞങ്ങൾ റിക്കോർഡഡ് വിഡിയോ ക്ലാസുകൾ തുടങ്ങി.
ഫോബ്‌സിന്റെ 2020 ലെ കണക്കനുസരിച്ച്, ബൈജുവിനും ഭാര്യക്കും സഹോദരൻ റിജു രവീന്ദ്രനും ചേർന്നുള്ള മൊത്തം ആസ്തി 3.05 ബില്യൺ ഡോളറായിരുന്ു. 2021 ജനുവരിയിൽ കുനാൽ ബഹലിനൊപ്പം അദ്ദേഹത്തെ ദേശീയ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയിൽ അനൗദ്യോഗിക അംഗമായി ചേർത്തു. നിരവധി പുരസ്‌ക്കാരങ്ങളും ബൈജു രവീരന്ദനെ തേടിയെത്തി. 2019 മനോരമ ന്യൂസ് ന്യൂസ്‌മേക്കർ അവാർഡ്, 2020 എർണസ്റ്റ് & യംഗ് ഫൈനലിസ്റ്റ്, എന്റെർപ്രണർ ഓഫ് ദ ഇയർ, ഇന്ത്യ വിജയി, ബിസിനസ് ട്രാൻസ്ഫോർമേഷൻ അവാർഡ്, 2021 ഫോബ്‌സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ് , എന്റെർപ്രണർ ഓഫ് ദ ഇയർ അവാർഡ് അങ്ങനെ ഒരു പാട് അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഇത്തരം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിടത്തു നിന്നുമാണ ബൈജൂസ് ഇപ്പോൾ വൻ തകർച്ച നേരടുന്നത്. തന്റെ പേരിലുള്ള സ്ഥാപനം പോലും കൈമോശം വരുന്ന അവസ്ഥയിലാണ് ബൈജു രവീന്ദ്രൻ ഉള്ളത്.