ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച് 17 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 'ആള്‍ദൈവ'ത്തിനെതിരായ അന്വേഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു. വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി ചാറ്റുകളില്‍നിന്ന് വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.

പാര്‍ത്ഥ സാരഥി എന്നറിയപ്പെടുന്ന ചൈതന്യനന്ദ ഒട്ടേറെ വിമാനക്കമ്പനികളുടെ എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ള വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ ഒന്നിലധികം സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സേവ് ചെയ്തിരുന്നു.

ഇയാളുടെ സഹായികളായ രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വസന്ത് കുഞ്ചിലെ ഒരു സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനമായ ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ മുന്‍ ഡയറക്ടറായ ഇയാള്‍ക്കെതിരെ നിലവില്‍ വിവിധ വകുപ്പുകളിലായി കേസുകളുണ്ട്. വനിതാ ഹോസ്റ്റലില്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.

ഇരകള്‍ പോലീസില്‍ മൊഴി നല്‍കിയതിന് ശേഷം 50 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ രണ്ട് ദിവസം മുന്‍പാണ് ആഗ്രയിലെ ഒരു ഹോട്ടലില്‍നിന്ന് പിടികൂടിയത്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ കള്ളം പറയുകയാണെന്നും പോലീസ് പറഞ്ഞു. വിസിറ്റിങ് കാര്‍ഡുകളും പാസ്‌പോര്‍ട്ടുകളും വ്യാജമായി നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ തട്ടിപ്പുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. യുണൈറ്റഡ് നേഷന്‍സ്, ബ്രിക്സ് അംബാസഡര്‍ എന്ന് രേഖപ്പെടുത്തിയ രണ്ട് വ്യാജ വിസിറ്റിങ് കാര്‍ഡുകള്‍ ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ഇയാളുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി മാനേജ്മെന്റിന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ഇയാള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു.

തുടര്‍ന്ന്, മാനേജ്മെന്റ് ഡിപ്ലോമ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി ആരോപിച്ച് 17 വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ മൊഴി നല്‍കി. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ ഇരകളിലൊരാളുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ അടുത്ത സഹായി ഹരി സിങ് കോപ്കോട്ടി(38)യെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചൈതന്യാനന്ദ പറയുന്നത്. തന്റെ ഫോണുകളുടെയും മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളുടെയും പാസ്വേഡുകള്‍ മറന്നുപോയെന്നും ഇയാള്‍ അവകാശപ്പെട്ടു. മൂന്ന് ഫോണുകളും ഒരു ഐപാഡും അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

ആഗ്രയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ചൈതന്യാനന്ദയെ അറസ്റ്റു ചെയ്തത്. വിദ്യാര്‍ഥിനികളുടെ പീഡനപരാതികള്‍ക്കു പിന്നാലെ ഒളിവില്‍പോയ ചൈതന്യാനന്ദ 50 ദിവസത്തിനിടെ 15 ഹോട്ടലുകളില്‍ മാറി താമസിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായി സിസിടിവി ക്യാമറകളില്ലാത്ത, കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകളിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സഹായികളാണ് ഹോട്ടലുകള്‍ തിരഞ്ഞെടുത്തതെന്നും അവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയറക്ടറായിരുന്നു ചൈതന്യാനന്ദ. വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന തങ്ങളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തെന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ചിലര്‍ വെളിപ്പെടുത്തി.