- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചാക്കയിൽ നിന്നും കാണാതായ രണ്ടു വയസ്സുകാരിക്ക് ഡിഎൻഎ പരിശോധന
തിരുവനന്തപുരം : കേരളാ പൊലീസ് അതിനിർണ്ണായക നീക്കങ്ങളിൽ. ചാക്കയിൽനിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിന് പിന്നിൽ കുട്ടികളെ വാടകയ്ക്ക് എടുക്കുന്ന മാഫിയയുണ്ടോ എന്നാണ് സംശയം.ഈ സാഹചര്യത്തിൽ ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പൊലീസിന്റെ െഫാറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നാടോടി സംഘത്തിലുള്ളവരാണോ കുട്ടിയുടെ യഥാർത്ഥ അച്ഛനും അമ്മയും എന്ന് ഉറപ്പിക്കാനാണ് ഇത്. രക്തത്തിൽ മദ്യത്തിന്റെ സാമ്പിൾ അടങ്ങിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിൽപ്പനയ്ക്കു കൊണ്ടുവന്നതാണോയെന്നതും അന്വേഷണപരിധിയിലുണ്ട്.
ഡിഎൻഎ പരിശോധനാ ഫലം അതിനിർണ്ണായകമാകും. കുട്ടിയുടെ മതാപിതാക്കൾ നാടോടി സംഘത്തിലുള്ളവരാണെന്ന് ഉറപ്പിച്ചാൽ അച്ഛനേയും അമ്മയേയും പൊലീസ് വിശ്വാസത്തിലെടുക്കും. കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയിലെത്തി എന്നതിൽ അന്വേഷണസംഘത്തിന് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആരെങ്കിലും കൊണ്ടിട്ടതാണോയെന്ന കാര്യം പൊലീസ് ഇപ്പോഴും ഉറപ്പിക്കുന്നില്ല. കുഞ്ഞിന്റെ ശരീരത്തിൽ പോറലേറ്റ പാടുകളൊന്നുമില്ല. ഈ സഹചര്യത്തിലാണ് അന്വേഷണം. അന്വേഷണം തീരും വരെ കുട്ടിയെ വിട്ടുകൊടുക്കില്ല. അന്വേഷണം കഴിയുന്നതുവരെ കുഞ്ഞ് തലസ്ഥാനത്തു തുടരണമെന്ന് ബന്ധുക്കൾക്ക് പൊലീസ് നിർദ്ദേശം നൽകി. പൊന്തക്കാട്ടിലേക്ക് കുഞ്ഞ് സ്വയം നടന്നുപോകില്ലെന്നാണ് അച്ഛൻ പറയുന്നത്. കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുഞ്ഞ് പോയിട്ടില്ല.
നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയെ വേഗം വിട്ടുതരണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ ബഹളമുണ്ടാക്കിയിരുന്നു. നാലുമണിക്കൂർ നേരം ഇവർ പ്രതിഷേധിച്ചു. കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്കു മാറ്റി. ഇവിടെനിന്ന് അമ്മയെയും കുഞ്ഞിനെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റാൻ കമ്മിറ്റി ഉത്തരവിട്ടെങ്കിലും മാതാപിതാക്കൾ പോകില്ലെന്നു ശാഠ്യംപിടിച്ചു. നാട്ടിലേക്കു വിടണമെന്നാണ് ഇവരുടെ ആവശ്യം. അന്വേഷണം കഴിഞ്ഞാൽ മാത്രമേ കുഞ്ഞിനെ വിട്ടുനൽകൂവെന്ന് ജില്ലാ ബാലക്ഷേമസമിതി അധ്യക്ഷ ഷാനിബ ബീഗം വ്യക്തമാക്കി. കുഞ്ഞിന്റെ ബന്ധുക്കളായ മൂന്നുപേരെ പേട്ട പൊലീസ് ചോദ്യംചെയ്തു. ഇവരുടെ മൊഴികൾ രേഖപ്പെടുത്തി. നേരത്തേ കൊടുത്ത മൊഴികളിൽ വൈരുധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യംചെയ്തത്.
ഒരു മാസത്തേക്ക് കുട്ടികളെ വാടകയ്ക്ക് എടുത്ത് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന മാഫിയ തിരുവനന്തപുരത്ത് സജീവമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിന് കുട്ടിക്കൊപ്പമുള്ള നാടോടി സംഘത്തിലെ ഒരാൾ തന്നെ കൈമാറിയെന്ന സംശയം അന്വേഷകർക്കുണ്ട്. എന്നാൽ കുട്ടിയുടെ അമ്മയുടെ കർശന ഇടപെടൽ കാരണം ഈ പദ്ധതി പൊളിഞ്ഞു. കുട്ടിയെ കാണാതായപ്പോൾ തന്നെ അവർ അലമുറയിട്ടു കരഞ്ഞു. അങ്ങനെ അതിവേഗം വിഷയം പൊലീസിന് മുന്നിലെത്തി. മാധ്യമങ്ങൾ ഓയൂരിലെ തട്ടിക്കൊണ്ടു പോകലിന് സമാനമായി വിഷയം ഏറ്റെടുത്തു. ഇതോടെ വാടക മാഫിയയ്ക്ക് തിരിച്ചടിയായി. ഇതാണ് പൊലീസ് എത്തുന്ന പ്രാഥമിക നിഗമനം. എന്നാൽ തെളിവുകൾ ഒന്നും കിട്ടാത്തതു കൊണ്ട് അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ല.
കൊച്ചുവേളി റെയിൽവെ സ്റ്റേഷനടുത്തെ ഓടക്കരികിൽ നിന്നും കുട്ടിയെ കിട്ടിയെങ്കിലും എങ്ങിനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് ഇവിടേക്ക് നടന്നെത്തിയതോ ആകാമെന്ന സംശയത്തിലാണ് പൊലീസ്. പക്ഷ പൊലീസിന്റെ ഈ അനുമാനം തള്ളുകയാണ് കുട്ടിയുടെ കുടുംബം. ഇതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. കുട്ടി റെയിൽവെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുട്ടികൾ പോയിട്ടില്ലെന്നും അച്ഛൻ അമർദീപ് കുർമി വ്യക്തമാക്കി. സംഭവത്തിൽ ആരെയും പ്രത്യേകിച്ച് സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നും അപ്പൂപ്പൻ പ്രതികരിച്ചു.
കുട്ടിയെ വിട്ടുകിട്ടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടിയെ കിട്ടിയാൽ അവർ നാട്ടിലേക്ക് മടങ്ങുമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ കുടുംബക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇനിയുള്ള രണ്ടു മാസം കേരളത്തിൽ ഉത്സവകാലമാണ്. ആറ്റുകാൽ പൊങ്കാല അടക്കം വരുന്നു. ഈ സമയത്ത് ഭിക്ഷാടന മാഫിയ തിരുവനന്തപുരത്ത് നിറയാറുണ്ട്. ഈ മാഫിയകളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് സംശയം. ആറ്റുകാൽ പൊങ്കാലയിലെ സാധ്യതയും സാഹചര്യവും തിരിച്ചറിഞ്ഞാണോ നാടോടി സംഘം രണ്ടാഴ്ച മുമ്പ് കേരളത്തിലെത്തിയതെന്ന പരിശോധനയും അന്വേഷണ സംഘം നടത്തും. വിശദമായി തന്നെ കുടുംബാഗങ്ങളെ ചോദ്യം ചെയ്യുകായണ്. ബംഗ്ലൂരുവിൽ നിന്നും കുട്ടിയുടെ അച്ഛന്റെ അമ്മയും അച്ഛന്റെ സഹോദരിമാരും വിമാനത്തിൽ എത്തിയതിലും അന്വേഷണം നടക്കുണ്ട്. 2000ത്തിൽ താഴെ ടിക്കറ്റ് നിരക്കിലാണ് വിമാനത്തിൽ വന്നതെന്നാണ് ഇവർ നൽകുന്ന വിവരം. ഇതെല്ലാം പൊലീസ് പരിശോധി്ക്കുന്നുണ്ട്. ഈ വിമാന യാത്രയാണ് നാടോടി സംഘത്തിലേക്ക് അന്വേഷണം നീളാനുള്ള പ്രധാന കാരണം.
കുട്ടിയെ ഉപേക്ഷിക്കാൻ വന്നത് ചാക്ക ഭാഗത്തു നിന്നെന്നാണ് പൊലിസിന്റെ നിഗമനം. അറപ്പുര വിളാകത്ത് ഭാഗത്തു നിന്നും ചാക്ക ഐ.ഐ.ടി ഭാഗത്തേക്കുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയാണ് പൊലിസ്. ഉറങ്ങിക്കിടക്കുന്നിടത്താണ് മേരി എന്ന രണ്ടു വയസ്സുകാരിയെ കാണാതാവുന്നത്. രാത്രി 12 മണിക്കു ശേഷമാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുടുംബം നൽകിയ മൊഴി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞമഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തു കൊണ്ടുപോയി എന്നായിരുന്നു സഹോദരന്റെ ആദ്യ മൊഴി. എന്നാൽ പിന്നീട് അമ്മയുടെ കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടില്ലെന്നും പറഞ്ഞ സഹോദരൻ പിന്നീട് ഇക്കാര്യം തിരുത്തി പറഞ്ഞിരുന്നു. ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നാണ് പിന്നീട് നൽകിയ മൊഴി. ഇതെല്ലാം ദുരൂഹമായി തുടരുന്നുണ്ട്.
19 മണിക്കൂർ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലിസ് കണ്ടെത്തിയത്. എന്നാൽ കുട്ടി എങ്ങനെ അവിടെ എത്തി എന്നതിൽ വ്യക്തതയില്ല. കുട്ടിയുടെ ശരീരത്തിൽ കാര്യമായ പോറലുകളൊന്നും ഇല്ലാത്തതിനാൽ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസിന്റെ നിഗമനം. കൊച്ചുവേളിയിൽ കാട് വളർന്ന് മറഞ്ഞ നിലയിലുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകൽ ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്. ഇതെല്ലാം കുട്ടിയെ വാടകയ്ക്ക് എടുക്കുന്ന സംഘത്തിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
ചാക്ക-ഓൾസെയ്ന്റ്സ് റോഡുവക്കിലെ ഒഴിഞ്ഞ പറമ്പിൽ തമ്പടിച്ചായിരുന്നു തെലുങ്കാന സ്വദേശികളായ അമർദീപ്-അമല ദമ്പതിമാർ നാലു മക്കൾക്കൊപ്പം ഉറങ്ങിയത്. റെയിൽപ്പാളത്തിനും റോഡിനുമിടയിലെ ഈ തുറസ്സായ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നുറങ്ങിയത്. ടാർപ്പോളിനും വിരിപ്പുകളും വിരിച്ച നിലത്ത്് ചെറിയ കൊതുകുവലയ്ക്കുള്ളിലാണ് രണ്ടു വയസ്സുകാരി മേരി ഉറങ്ങിക്കിടന്നത്. കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് അച്ഛൻ അമർദീപ് തിങ്കളാഴ്ച രണ്ടുമണിയോടെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന അമർദീപും കുടുംബവും വർഷത്തിൽ രണ്ടു മാസമാണ് കേരളത്തിലെത്തുന്നത്. 15 വർഷത്തോളമായി കേരളത്തിൽ വന്നുപോകാറുള്ള ഇവർ രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരത്തെത്തിയത്. തെലങ്കാന ബാസ്തി ദേവിനഗർ സ്വദേശികളാണെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. മേരിയെക്കൂടാതെ മൂന്ന് ആൺകുട്ടികൾകൂടി ഈ ദമ്പതിമാർക്കുണ്ട്.