കണ്ണൂര്‍: അച്ചാര്‍ കുപ്പിയില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് യുവാവിന്റെ കൈവശം സൗദി അറേബ്യയിലേക്ക് കൊടുത്തയയ്ക്കാന്‍ അയല്‍വാസിയും സംഘവും ശ്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് പൊലീസ്. മിഥിലാജിനെ കുടുക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കുടുംബം തയാറായിട്ടില്ല. ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയില്‍ ജോലി ചെയ്യുന്ന, നാട്ടുകാരന്‍ കൂടിയായ വഹീന്‍ എന്നയാള്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയിലാണ് കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഒളിപ്പിച്ചത്.

കൃത്യമായ പദ്ധതിയോടെയാണ് ലഹരിമരുന്ന് അച്ചാറിന്റെ കുപ്പിയിലാക്കിയത്. കേരളത്തില്‍നിന്നു പിടിച്ചാല്‍ കൊടുത്തയച്ചവരിലേക്ക് അന്വേഷണം വരുമെന്നു പ്രതികള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാകാം കുറഞ്ഞ അളവില്‍ ലഹരി വസ്തു വച്ചത്. കൂടുതല്‍ അളവില്‍ വച്ചാല്‍ കേരളത്തിലും ജാമ്യം കിട്ടില്ലായിരുന്നു. ചക്കരക്കല്‍ കുളംബസാറില്‍ കെ.പി. അര്‍ഷാദ് (31), കെ.കെ. ശ്രീലാല്‍ (24), പി. ജിസിന്‍ (26) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സാധ്യതകളാണ് പൊലീസ് പറയുന്നത്: ലഹരി മരുന്നു കടത്തുന്നതിന് വലിയ ശിക്ഷ ലഭിക്കുന്ന സൗദിയില്‍ വച്ച് പിടിക്കപ്പെട്ടാല്‍ മിഥിലാജ് ജയിലിലാകും. അതുവഴി അവനെ കുടുക്കുക എന്നതാകാം ഒരു ലക്ഷ്യം. മറ്റൊന്ന്, ലഹരി മരുന്നു കിട്ടാന്‍ പ്രയാസമുള്ള രാജ്യത്ത് ലഹരിയെത്തിയാല്‍ വന്‍ തുകയ്ക്ക് വില്‍പന നടത്താന്‍ കഴിയും.

ബുധനാഴ്ച രാത്രിയാണ് ജിസിന്‍, അച്ചാറുള്‍പ്പെടെയുള്ള സാധനങ്ങള്‍ മിഥിലാജിന്റെ വീട്ടില്‍ ഏല്‍പിച്ചത്. സുഹൃത്ത് ശ്രീലാല്‍, ജിസിന്റെ കയ്യില്‍ ഏല്‍പിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീന്‍ നിരന്തരം ഫോണ്‍ വിളിച്ചതും അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാത്തതുമാണ് കുടുംബത്തിന് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോള്‍ ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കള്‍ കണ്ടെത്തി. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ 3.40 ഗ്രാം ഹാഷിഷ് ഓയില്‍, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി.

മിഥിലാജിന്റെ പിതാവ് ടി. അഹമ്മദിനു തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താന്‍ സഹായമായത്. വഹീനിന്റെ നിരന്തരമുള്ള ഫോണ്‍വിളിയില്‍ സംശയം തോന്നിയപ്പോഴാണ് അഹമ്മദ് അച്ചാര്‍കുപ്പി തുറന്നുപരിശോധിക്കാന്‍ നിര്‍ദേശിച്ചത്. പാക്കറ്റില്‍ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയില്‍നിന്നാണു പിടികൂടിയതെങ്കില്‍ മകന്‍ ഒരുപക്ഷേ പുറംലോകം കാണില്ലായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. അതിനിടെ, മിഥിലാജ് വ്യാഴാഴ്ച രാത്രി ഗള്‍ഫിലേക്കു തിരിച്ചുപോയി.