- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കള്ളന് സ്മാര്‍ട്ടെങ്കില്‍ കേരളാ പോലീസ് അതുക്കും മേലെ..! ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി തുടങ്ങിയ അന്വേഷണം; ടീ ഷര്‍ട്ടിട്ടയാളെ വിടാതെ പിന്തുടര്ന്നു; 'എന്‍ടോര്‍ക്ക് 125' സ്കൂട്ടറിന്റെ ഉടമയെ കണ്ടെത്തിയതോടെ പ്രതിയിലേക്ക്; ഹിന്ദി പറഞ്ഞ് വഴിതെറ്റിച്ച റിജോ ആന്റണിയെ ആഢംബര വസതിയിലെത്തി പൊക്കി; കേരളാ പോലീസ് എന്നാ സുമ്മാവാ..!
കള്ളന് സ്മര്ട്ടെങ്കില് കേരളാ പോലീസ് അതുക്കും മേലെ..!
ചാലക്കുടി: കേരളാ പോലീസ് എന്നാ സുമ്മാവാ..! എന്ന് അക്ഷരാര്‍ഥത്തില്‍ പറയാന്‍ കഴിയുന്ന അന്വേഷണ മികവാണ് ചാലക്കുടിയിലെ ബാങ്ക് മോഷണത്തിലെ പ്രതിയെ പൊക്കിയ പോലീസിന്റെ മിടുക്ക്. ഹിന്ദി പറഞ്ഞ് വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും പ്രത്യക്ഷത്തില്‍ കാര്യമായ തുമ്പുണ്ടാകാതിരുന്നിട്ടും പോലീസ് റിജോ ആന്റണിയെന്ന മോഷ്ടാവിലേക്ക് എത്തിയത് 36 മണിക്കൂറുകള്‍ കൊണ്ടാണ്. താന്‍ സ്മാര്‍ട്ടായ കള്ളനാണെന്ന് റിജോ കരുതിയിടത്തു നിന്നുമാണ് കേരളാ പോലീസ് അതുക്കും മേലെയാണെന്ന് തെളിയിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദം ഇല്ലാത്ത കേസുകളില്‍ കേരളാ പോലീസിന്റെ അന്വേഷണ മികവ് എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പോട്ടയിലെ ഫെഡറല്‍ ബാങ്കിലെ മോഷ്ടാവിനെ പിടികൂടിയ സംഭവം.
ഒരു സ്‌കൂട്ടറും രണ്ട് ടി ഷര്‍ട്ടുകളും കൊണ്ട് പ്രതി പൊലീസിനെ കറക്കിയെങ്കിലും ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി അതിന്റെ ചുവടുപിടിച്ചാണ് പ്രതിയെ വലയിലാക്കിയത്. ബാങ്ക് കൊള്ളക്ക് ശേഷം പ്രതി പല തവണ തവണ വസ്ത്രം മാറിയിരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു. മോഷണത്തിനെത്തിയപ്പോള്‍ സ്‌കൂട്ടറിന് റിയര്‍ വ്യൂ മിറര്‍ ഇല്ലായിരുന്നു. മോഷണത്തിന് ശേഷം സിസിടിവിയെ വെട്ടിയ്ക്കാന്‍ കടന്നു കളയുന്നതിനിടെ റിയര്‍വ്യൂ മിറര്‍ വെച്ചുവെന്നും പ്രതി ഉപയോഗിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നുവെന്നും തൃശൂര്‍ റൂറല്‍ എസ്പി പറഞ്ഞു.
സ്‌കൂട്ടര് കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണായകമായി മാറി. 'എന്‍ടോര്‍ക്ക് 125' സ്‌കൂട്ടര്‍. അന്വേഷണം വഴിതിരിച്ചു വിടാന്‍ പ്രതി റിജോ ആന്റണി നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞ എന്‍ടോര്‍ക്ക് സ്‌കൂട്ടറില്‍ തട്ടി നിന്നു, യഥാര്‍ഥ റൂട്ടിലേക്ക് തിരിച്ചു പോയി. ബ്ലൂടൂത്ത് കണക്ഷനും നാവിഗേഷന്‍ സൗകര്യവുമുള്ള ഇന്ത്യയിലെ ആദ്യ സ്‌കൂട്ടറുകളിലൊന്നാണ് എന്‍ടോര്‍ക്ക്. ഇക്കുറി എന്‍ടോര്‍ക്ക് പൊലീസിനെ കൃത്യമായി റിജോയുടെ വീട്ടില്‍ എത്തിച്ചു. എന്‍ടോര്‍ക്കിന്റെ നാവിഗേഷനും പോലീസിന് സഹായകമായി മാറി.
പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് അന്നു തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് സ്‌കൂട്ടര്‍ സംബന്ധിച്ച സൂചന ലഭിച്ചു. തുടര്‍ന്ന് ബാങ്കിലും തൊട്ടു മുന്നിലെ പള്ളിയിലും പരിസരത്തും വന്നു പോകുന്നവരില്‍ എന്‍ടോര്‍ക്ക് ഉടമകളെ പൊലീസ് തേടി. പള്ളിയില്‍ നിന്ന് റിജോയുടെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചു. സംഭവ ദിവസം മോഷണം നടന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് റിജോ വീട്ടില്‍ നിന്ന് പുറപ്പെട്ടതായും മോഷണത്തിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് തിരികെ എത്തിയതായും സ്ഥിരീകരിച്ചു.
ഇതോടെ അന്വേഷണം റിജോയിലേക്ക് നീണ്ടു. റിജോയാണെന്ന് ഉറപ്പിക്കാന്‍ പലവഴികളും പോലീസ് തേടിയിരുന്നു. മോഷണ ശേഷം വീട്ടില്‍ തന്നെ കഴിഞ്ഞു കൂടിയെന്നാണ് പൊലീസിനോട് പറഞ്ഞത്. ഡിഐജി ഹരി ശങ്കര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ എന്നിവര്‍ ഇന്ന് ഉച്ചയോടെ ഇരിങ്ങാലക്കുടയില്‍ എത്തി നടത്തിയ അന്വേഷണമാണ് റിജോയില്‍ എത്തിയത്.
ധൂര്‍ത്തടിച്ചു കളഞ്ഞ പണം കണ്ടെത്താനണ് റിജോ മോഷണം ആസുത്രണം ചെയ്തത്. ഹൈവേയില്‍നിന്ന് മാറി ഇടറോഡിലുള്ള ഫെഡറല്‍ ബാങ്ക്, പള്ളിയില്‍ വരുമ്പോള്‍ റിജോ നേരത്തെ കണ്ടിരുന്നു. സമീപത്ത് കടകള്‍ ഇല്ല, റോഡില്‍ വാഹനങ്ങളും കുറവ്. കവര്‍ച്ചയ്ക്ക് ഈ ബാങ്ക് അനുയോജ്യമെന്ന് റിജോ ഉറപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവിടെ റിജോയ്ക്ക് അക്കൗണ്ടില്ല. ഏതാനും ദിവസം മുന്‍പ് ബാങ്കില്‍ റിജോ ചെന്നു. എടിഎം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല, എന്ന് ബാങ്ക് ജീവനക്കാരോട് പറഞ്ഞു.
നമ്പര്‍ പ്ലേറ്റ് സ്ഥാപനത്തില്‍ നിന്ന് പുതിയ നമ്പര്‍ ഘടിപ്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ ജാക്കറ്റ് ധരിച്ചു. വിരലടയാളം മറയ്ക്കാന്‍ ഗ്ലൗസ് ഇട്ടു. മോഷണം നടത്തിയ ശേഷം പിന്നെ ഹൈവേയില്‍ കയറിയില്ല. വീട്ടിലേക്ക് ഇടറോഡിലൂടെ യാത്ര ചെയ്തു. പോകുന്ന വഴിക്ക് ഉപേക്ഷിക്കപ്പെട്ട ക്വാറിക്ക് സമീപം നിര്‍ത്തി. ജാക്കറ്റ് ഊരിക്കളഞ്ഞു. നമ്പര്‍ പ്ലേറ്റ് മാറ്റി. ഗ്ലൗസും കളഞ്ഞു. യാത്ര തുടര്‍ന്നു വീട്ടിലെത്തി. സിസിടിവിയില്‍ ജാക്കറ്റും നമ്പറും നോക്കി റോഡില്‍ പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആദ്യ ദിവസങ്ങളില്‍ എത്താത്തിന് കാരണം ഇതാണ്.
ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ ആന്റണിയെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നഴ്‌സാണ് റിജോ ആന്റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയക്കുന്ന പണം ഇയാള്‍ ധൂര്‍ത്തടിക്കുകയാണ്. ഉടന്‍ ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഇയാള്‍ മോഷണം നടത്താന്‍ തീരുമാനിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ ഇയാള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് പണം അയച്ചു നല്‍കിയിരുന്നത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ച് നല്‍കിയിരുന്നത്. ഈ പണമാണ് ആഡംബരത്തിനായി ഉപയോഗിച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകളിലെത്തി മദ്യപിച്ചും, സുഹൃത്തുക്കള്‍ക്ക് പ്രത്യേക പാര്‍ട്ടി നല്‍കിയുമാണ് പണം ചെലവഴിച്ചത്. ഒടുവില്‍ കടം വരുത്തി. പിന്നാലെ അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ഷൂവിനടിയിലെ നിറമാണ് നിര്‍ണമായതെന്ന് തൃശൂര്‍ റൂറല്‍ എസ്പി പറഞ്ഞു. പ്രതിക്ക് അരക്കോടിയോളം രൂപ കടം ഉണ്ടായിരുന്നു. നാട്ടിലെത്തിയ റിജോയ്ക്ക് ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിയുടെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് പണം ചെലവാക്കിയെന്നും പ്രതി സമ്മതിച്ചു. കൊള്ള നടത്തിയ ബാങ്കിന് സമീപമായിരുന്നു പ്രതി താമസിച്ചത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.
മോഷ്ടിച്ച പണത്തില്‍ മൂന്ന് കെട്ടില്‍ രണ്ട് കെട്ടും ഒരു കെട്ടിലെ കുറച്ചു പൈസയും അലമാരയില്‍ ഉണ്ടായിരുന്നു. ബാക്കിയുള്ള പണം കാടു കുറ്റിയിലുള്ള പലിശക്കാരന് കടംവാങ്ങിയ തുക തിരിച്ച് കൊടുത്തുവെന്നാണ് പ്രതിയുടെ മൊഴി. പ്രതി റിജോയ്ക്ക് 2 കുട്ടികള്‍ ഉണ്ട്. ഇളയ പെണ്‍കുട്ടി നാലാം ക്ലാസ്സിലും. മൂത്ത ആണ്‍കുട്ടി പ്ലസ് വണ്ണിലും പഠിക്കുന്നു. 2020 മുതല്‍ പ്രതി നാട്ടില്‍ ഉണ്ട്. നാട്ടില്‍ മറ്റ് ജോലി ഒന്നും ചെയ്തിരുന്നില്ല. മേലൂര്‍ ആയിരുന്നു താമസം രണ്ടുവര്‍ഷമായി പോട്ട ആശാരി പാറയില്‍ വീട് പണിത് താമസിക്കുകയായിരുന്നു റിജോ.
നാല് സംഘമായി തിരിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്. ഒടുവിലാണ് പ്രതി പിടിയിലായത്. ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സി.സി.ടി.വിയില്‍ നിന്ന് മനസിലായി. ഇതനുസരിച്ച് പ്രധാനമായും പൊലീസ് അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.