- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് കേസെടുത്തു; പ്രതികാരമായി വളപട്ടണം സ്റ്റേഷനിലെ അഞ്ച് വാഹനങ്ങൾ കത്തിച്ചത് ചാണ്ടി ഷമീം; മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ കാപ്പാ പ്രതി ധരിക്കുന്നത് ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങൾ; പൊലീസിനെ മുമ്പ് 'ഭീഷണിപ്പെടുത്തിയ' ഗുണ്ടാതലവൻ വീണ്ടും അകത്ത്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലിസ് സ്റ്റേഷനിൽ ഗുണ്ടാ നേതാവ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ തീവെച്ചു നശിപിച്ചു. അഞ്ച് വാഹനങ്ങളാണ് ഇവിടെ നിന്നും പൂർണമായികത്തി നശിച്ചത്. ചൊവ്വാഴ്‌ച്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊലിസ് വിവിധ കുറ്റകൃത്യങ്ങളിൽ പിടികൂടിയ അഞ്ച് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിന് പിന്നിൽ അട്ടിമറിയായിരുന്നു. സംഭവത്തിൽ കാപ്പാ കേസ് പ്രതി ചാണ്ടി ഷമീമിനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വളപട്ടണം പൊലിസ് സ്റ്റേഷനിലെ ഒരു പൊലിസുകാരനെ കൈയേറ്റം ചെയ്തതിന് ചാണ്ടി ഷമീമിനെതിരെ കേസെടുത്തിരുന്നു.
പൊലിസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ചാണ്ടി ഷമീം. നേരത്തെ പൊലീസിനെ വെല്ലുവിളിക്കുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീവയ്പിന് പിന്നിൽ ചാണ്ടി ഷമീമാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്റ്റേഷൻ പരിസരത്ത് നിർത്തിയ അഞ്ചു വാഹനങ്ങൾ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. അതിവേഗം തന്നെ ബലപ്രയോഗത്തിലൂടെ ഷാണ്ടി ഷമീമിനെ പൊലീസ് അറസ്റ്റു ചെയ്തു. സാഹസികമായാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. സംഭവ സമയം മറ്റാരും പൊലീസ് സ്റ്റേഷന് പുറത്തുണ്ടായിരുന്നില്ല. വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ വാഹനങ്ങൾ കത്തി നശിച്ചതോടെ വെട്ടിലായിരിക്കുകയാണ് വളപട്ടണം പൊലിസ്. ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിന് പിന്നാലെ പൊലീസിനെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച ഗുണ്ടാത്തലവനാണ് ചാണ്ടി ഷമീം. കാപ്പ അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ പ്രതിക്കെതിരേയുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിക്കുന്നതും തെറി പറയുന്നതും സ്ഥിരം ശൈലിയാണ്.
2018ൽ ഇയാളെ മൽപ്പിടിത്തത്തിലൂടെ അറസ്റ്റു ചെയ്തിരുന്നു. അന്ന് അതിരാവിലെയാണ് പൊലീസ് ഗുണ്ടാത്തലവനെത്തേടി കണ്ണൂർ ജില്ലയിലെ കക്കാട് എത്തിയത്. മൊബൈൽ ഫോൺ ലൊക്കഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഗുണ്ടാ ത്തലവൻ കക്കാട് ഭാഗത്തുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് വീടിനടുത്തെത്തിയപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. തുടർന്ന് പരിസരത്തെ വീടുകളിൽക്കയറി പൊലീസ് അന്വേഷണം തുടങ്ങി. ഗുണ്ടാത്തലവന്റെ വീടിനടുത്ത് പൊലീസ് എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസുമായി ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിൽ പ്രതിയെ കീഴ്‌പ്പെടുത്തി വാഹനത്തിൽ കയറ്റി.
എട്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനിലെത്തിയ പ്രതിയെ ഉടനെ ലോക്കപ്പിലേക്ക് മാറ്റി. സ്റ്റേഷൻ പരിസരത്ത് ആളുകൾ എത്തിയതോടെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് പല സമയത്തും ഗുണ്ടാത്തലവൻ നടത്തിയത്. അന്ന് ഷഹദ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടാത്തലവൻ നാദാപുരം എസ്‌ഐ.ക്കെതിരേയും നാദാപുരത്തുകാർക്കെതിരേയും വധഭീഷണിയുമായി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ഈ കേസിലായിരുന്നു 2018ലെ അറസ്റ്റ്.
2018ൽ മയക്കു മരുന്ന് വിതരണ സംഘത്തിൽപെട്ടവർ കടമേരിയിൽ എത്തി നാട്ടുകാർക്കെതിരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഇവരുടെ അക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തലവനായ പാറേമ്മൽ നിയാസുമായുള്ള സാമ്പത്തിക ഇടപാട് തർക്കം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ നിന്നും ക്രിമിനൽ സംഘം കടമേരിയിലെ നിയാസിന്റെ വീട്ടിൽ എത്തിയത്. ഇവർ തമ്മിൽ ഉണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയാണ് ക്രിമിനൽ സംഘം ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചത്. കടമേരിയിലെ ആക്രമണത്തിന് ശേഷം സ്വദേശമായ കണ്ണൂർ നാറാത്തേക്ക് രക്ഷപ്പെട്ട ഷമീമിനെ നാദാപുരം പൊലീസ് ഫോൺ ലൊക്കേഷൻ നോക്കി പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. സാഹസികമായി ഇയാളുടെ വാഹനം പിന്തുടർന്ന പൊലീസ് കണ്ണൂർ കക്കാട് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാൾ ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങളും ഉപയോഗിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. 2018ൽ ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ്‌ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടത്. 'സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്'- എന്നാണ് ഷമീം വീഡിയോയിൽ പറഞ്ഞത്. സോഷ്യൽ മീഡിയ പേജിലൂടെ നാദാപുരം പൊലീസിനും നാട്ടുകാർക്കുമെതിരെ ഇയാൾ നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ ഷമീം പിടിയിലായി.




