- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിച്ചെടുത്ത ഫോണിൽ മറ്റൊരു പെൺകുട്ടിയുടെ വീഡിയോ; പ്രതിയായ വിദ്യാർത്ഥിനിയെ ഒരു യുവാവ് ഭീഷണിപ്പെടുത്തിയെന്നും അഭിഭാഷകൻ; കുളിമുറി ദൃശ്യം പ്രചരിച്ചെന്ന കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും മറ്റൊരു യുവാവുമടക്കം മൂന്ന് പ്രതികളും റിമാൻഡിൽ
ന്യൂഡൽഹി: ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിച്ചെന്ന കേസിൽ അറസ്റ്റിലായ വിദ്യാർത്ഥിനിയേയും ആൺസുഹൃത്തിനെയും മറ്റൊരു യുവാവിനെയും പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സർവകലാശാലയിലെ വിദ്യാർത്ഥിനി പ്രതിയായ കേസിൽ ഏഴുദിവസത്തേക്കാണ് മൂവരെയും കോടതി റിമാൻഡ് ചെയ്തത്. അതിനിടെ, ചണ്ഡീഗഢ് സർവകലാശാലയിലെ കേസ് അന്വേഷിക്കാനായി പ്രത്യേക പൊലീസ് സംഘത്തെ രൂപവത്കരിച്ചു.
പിടിച്ചെടുത്ത ഫോണിൽനിന്ന് മറ്റൊരു പെൺകുട്ടിയുടെ വീഡിയോ കൂടി കണ്ടെടുത്തതായി പ്രതിഭാഗം അഭിഭാഷകനായ സന്ദീപ് ശർമ വെളിപ്പെടുത്തി. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രണ്ട് വീഡിയോകളാണ് കണ്ടെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിൽ ഒരു വീഡിയോ പ്രതിയായ വിദ്യാർത്ഥിനിയുടേത് തന്നെയാണ്. രണ്ടാമത്തെ വീഡിയോ മറ്റൊരു പെൺകുട്ടിയുടേതാണെന്നും പ്രതിയായ വിദ്യാർത്ഥിനിയെ ഒരു യുവാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥ ഗുർപ്രീത് കൗൺ ഡിയോയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേകസംഘം അന്വേഷണം നടത്തുകയെന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും പഞ്ചാബ് ഡി.ജി.പി. ഗൗരവ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ചണ്ഡീഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽനിന്നുള്ള കുളിമുറി ദൃശ്യങ്ങൾ പുറത്തായെന്നും ഇത് ഇന്റർനെറ്റിൽ പ്രചരിച്ചെന്നുമായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥിനി തന്നെയാണ് അറുപതോളം പെൺകുട്ടികളുടെ വീഡിയോ പകർത്തിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. തുടർന്ന് വീഡിയോ പകർത്തിയെന്ന് കരുതുന്ന പെൺകുട്ടിയെയും ഇവരുടെ ആൺസുഹൃത്തിനെയും മറ്റൊരു യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പെൺകുട്ടിയുടെ ഫോണിൽനിന്ന് മറ്റുപെൺകുട്ടികളുടെ വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പൊലീസ് ഇതുവരെ പ്രതികരിച്ചിരുന്നത്. പെൺകുട്ടി സ്വയം ചിത്രീകരിച്ച വീഡിയോകൾ മാത്രമാണ് ആൺസുഹൃത്തിന് പങ്കുവെച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ