കണ്ണൂർ: കണ്ണൂരിൽ പൊലിസ് സ്്റ്റേഷനിലെ തീവയ്‌പ്പു കേസിൽ പൊലിസ് പിടികൂടിയ ചാണ്ടി ഷമീമിന്റെ തീവ്രവാദ ബന്ധങ്ങളും പൊലിസ് അന്വേഷിക്കുന്നു. നേരത്തെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടായിരുന്ന ഇയാളെ പിന്നീട് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ആ സംഘടന ഒഴിവാക്കുക ആയിരുന്നു. എന്നാൽ പിന്നീട് പ്രത്യക്ഷത്തിൽ ഇത്തരം സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും രഹസ്യബന്ധങ്ങൾ ചാണ്ടി ഷമീമിനു ഇപ്പോഴും ഉണ്ടോയെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ചാണ്ടി ഷമീമിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച കേസിലെ പ്രതി ചാണ്ടി ഷമീമിനെ മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് വലയിലാക്കിയത്. നിരന്തരമായി മയക്കുമരുന്ന് ഉപയോഗത്തിലൂടെ അക്രമാസക്തമായ മനോനിലയുള്ള പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴക്കിയത്. 24 കേസാണ് ഇയാൾക്കെതിരെ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുള്ളത്.

വളപട്ടണം പൊലീസ് സ്റ്റേഷനിൽ തീപിടിത്തമുണ്ടായെന്ന വാർത്ത പരന്നതിന് പിന്നാലെ സ്റ്റേഷനിലെത്തിയവർ കണ്ടത് ചാണ്ടി ഷമീമെന്ന കൊടുംകുറ്റവാളിയുടെ ക്രൂരകൃത്യമാണ്. വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സ്വന്തം വാഹനത്തിന് തീയിട്ട് പൊലീസുകാരെ അപായപ്പെടുത്താനും സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇയാൾ ശ്രമിച്ചത്. വാഹനങ്ങളിൽനിന്ന് തീ സ്റ്റേഷനിലേക്ക് പടർന്നിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് വളപട്ടണം പൊലിസ് പറയുന്നു.

വധശ്രമം, കഞ്ചാവ് കടത്ത്, യാത്രക്കാരനെ തട്ടിക്കൊണ്ടുപോകൽ ക്വട്ടേഷനുൾപ്പടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകൾ ഷമീമിന്റെ പേരിലുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ വെളിപ്പെടുത്തിയിരുന്നു. കേസിൽപ്പെട്ട് കിടക്കുന്ന നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും കോമ്പൗണ്ടിലുണ്ടായിരുന്നു. ഇതിലേക്കൊന്നും തീപടരാതെ അഗ്നിരക്ഷാസേനയും പൊലീസും അവസരോചിതമായി ഇടപെട്ടതിനാലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

സ്റ്റേഷന് പിറകിൽ ക്യാമറയുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് പ്രതി തീയിടാനെത്തിയത്. എന്നാൽ പിറകുവശത്തുണ്ടായിരുന്ന ക്യാമറയിൽ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാവിലെ പത്തോടെ പ്രതി പുഴാതി കോട്ടക്കുന്നിന് സമീപത്തുണ്ടെന്ന് വ്യക്തമായി.

പൊലീസെത്തുമ്പോൾ കൂസലില്ലാതെ റോഡിൽ നിൽക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തിയതോടെ പ്രതി സമീപത്തെ ഇരുനില കെട്ടിടത്തിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ പൊലീസ് സാഹസികമായാണ് ഇയാളെ കീഴ്പെടുത്തിയത്. പൊലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായും വിവരമുണ്ട്. ഷമീമിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനിടെയിൽ സിപിഒമാരായ ലവൻ, കിരൺ, സന്ദീജ് എന്നിവർക്ക് പരിക്കേറ്റു.

നിരവധി കേസിൽ പ്രതിയായതിനാൽ നേരത്തെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കാപ്പ കാലാവധി കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ഷമീമിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. പുഴാതി ആശാരിക്കമ്പനിക്കടുത്ത വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസെത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് തിങ്കളാഴ്ച രാവിലെ ഷമീം സഹോദരൻ ഷംഷീനുമായി സ്റ്റേഷനിലെത്തി തർക്കിച്ചത്. സഹോദരനെ അറസ്റ്റ് ചെയ്തപ്പാേൾ അവിടെനിന്ന് കടന്നു. ഇതിന് പിന്നാലെ സഹോദരനെ തൊട്ടവരുടെ കൈ താൻ വെട്ടും അത് ഏത് പൊലീസായാലുമെന്ന് ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിട്ടതിന് പിന്നാലെയാണ് സ്റ്റേഷനിലെത്തി ജീപ്പിന് തീയിട്ടത്.

എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രഞ്ജിത്ത്, നിധിൻ, സിപിഒമാരായ വിൽസൺ, ബിനോയ്, സനൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ പൊലിസിന് നിരന്തരം തലവേദനയായ ചാണ്ടി ഷമീം സോഷ്യൽ മീഡിയയിലൂടെയാണ് പൊലിസിനെതിരെ വധഭീഷണി മുഴക്കിയിരുന്നത്.
നേരത്തെ കാപ്പ ചുമത്തി ദീർഘകാലം ജയിലിൽ കിടന്ന ഇയാൾ പുറത്തിറങ്ങിയപ്പോൾ വീണ്ടും പൊലിസിന് തലവേദന സൃഷ്ടിക്കുകയായിരുന്നു.കണ്ണൂർ നഗരത്തിൽ പ്രവർത്തിച്ചുവരുന്നവന്മയക്കുമരുന്ന്, ഗുണ്ടാ മാഫിയ സംഘത്തിലെ കണ്ണിയാണ് ഷമീമെന്നാണ് പൊലിസ് പറയുന്നത്.

ബംഗ്ളൂര്, മൈസൂര്, മുംബൈ, എന്നിവടങ്ങളിൽ നിന്നും സിന്തറ്റിക്ക് മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്ന സംഘവുമായി ഷമീമിന് അടുത്ത ബന്ധമുള്ളതായാണ് പൊലിസ് പറയുന്നത്.മയക്കുമരുന്ന് വിൽപനയിലൂടെയാണ് ഷമീം ജീവിക്കാനായുള്ള പണം കണ്ടെത്തിയിരുന്നു. ആളൊഴിഞ്ഞ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. മയക്കുമരുന്ന് വിൽപക്കനക്കാരും ഉപയോഗിക്കുന്നവരുമായ യുവാക്കളുടെ ഗ്യാങ് തന്നെ ഷമീമിനൊപ്പമുണ്ട്.