വളപട്ടണം: വളപട്ടണം പൊലിസ് സ്റ്റേഷനിൽ തീക്കളി നടത്തിയ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ചാണ്ടി ഷമീമിനെതിരെ കുരുക്ക് മുറുക്കി പൊലിസ്. ഷമീമിനെ വീണ്ടും കാപ്പകുരുക്കിൽ കുടുക്കാനാണ് പൊലിസ് ഒരുങ്ങുന്നത്. വളപട്ടണം പൊലിസ് സ്റ്റേഷനിലെ വാഹനങ്ങൾ കത്തിച്ച കേസിൽ അറസ്റ്റിലായ ചാണ്ടിഷമീം സ്ഥിരം കുറ്റവാളിയാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത്കുമാർ പ്രതികരിച്ചു. വളപട്ടണം പൊലിസ് സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഈക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

24 കേസുകളിൽ പ്രതിയാണിയാൾ. നേരത്തെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നുവെന്നും വീണ്ടും ഷമീമിനെതിരെ കാപ്പ ചുമത്തണോയെന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ പറഞ്ഞു. വളപട്ടണം പൊലിസ് സ്റ്റേഷനിൽ തീവയ്‌പ്പു നടന്ന സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. സുരക്ഷാ വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കാൻ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഷമീമും സഹോദരനും വളപട്ടണം പൊലിസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഷമീമിന്റെ സഹോദരനെ പൊലിസ് അറസ്റ്റു ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലിസ് സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീവെച്ചതെന്ന് എസ്‌പി പറഞ്ഞു. ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് വളപട്ടണം പൊലിസ് സ്റ്റേഷൻ കോംപൗണ്ടിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായ അഞ്ചു വാഹനങ്ങൾ ഷമീം കത്തിച്ചത്. ഇതിൽ ഇയാളുടെ വാഹനവും ഉൾപ്പെടും.

ഇരുചക്രവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. പുലർച്ചെ നാലുമണിയോടെയാണ് തീ മുഴുവനായി അണയ്ക്കാൻ കഴിഞ്ഞത്. വളപട്ടണം പൊലിസ് സ്റ്റേഷന്റെ ചുറ്റുമതിലിന്റെ നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ മുൻവശത്തെ കോംപൗണ്ടിലാണ് നിർത്തിയിട്ടിരുന്നത്. തീവയ്‌പ്പിനു പിന്നിൽ ഷമീമാണെന്ന് വ്യക്തമായ പൊലിസ് സ്‌ക്വാഡുകളായി ഇയാൾക്കു വേണ്ടി തെരച്ചിൽ നടത്തിയിരുന്നു. കണ്ണൂർ കോർപറേഷൻ പരിധിയിലെ പുഴാതിയിലെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്.

ബലപ്രയോഗത്തിലൂടെയാണ് പൊലിസ് പ്രതിയെ കീഴടക്കിയത്. ഇതിനിടെ രണ്ടു പൊലിസുകാർക്ക് നിസാര പരുക്കേറ്റിരുന്നു. കണ്ണൂർ പൊലിസിന് തീരാതലവേദനയാണ് ഷമീമും സഹോദരനും ഉൾപ്പെടുന്ന സംഘം. നേരത്തെ പുതിയ തെരുവിലെ താമസസ്ഥലത്തു നിന്നും ഇയാൾ ഫേസ്‌ബുക്ക് ലൈവിലൂടെ വളപട്ടണം എസ്. ഐക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു. കണ്ണൂരിൽ മാത്രമല്ല മറ്റു ജില്ലകളിലും ഇയാൾക്കെതിരെ മയക്കുമരുന്ന് വിൽപ്പനകേസുൾപ്പെടെയുള്ളവയുണ്ട്. ഷമീമിനെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. നേരത്തെ ഒരുസംഘടനയുടെ പ്രവർത്തകനായിരുന്നുവെങ്കിലും സ്വഭാവദൂഷ്യം കാരണം ഇയാളെ ഒഴിവാക്കുകയായിരുന്നു.