കണ്ണൂർ: വളപട്ടണം പൊലിസ് സ്റ്റേഷനിലെ കോംപൗണ്ടിൽ നിർത്തിയിട്ട വിവിധ കേസുകളിലെ വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പൊലിസ് പിടികൂടിയത് നിർണ്ണായക നീക്കത്തിലൂടെ. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്. സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങളാണ് ചൊവ്വാഴ്‌ച്ച പുലർച്ചെ രണ്ടു മണിയോടെ ഇയാൾ കത്തിച്ചത് സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറയിൽ നിന്നും ഈ കാര്യം വ്യക്തമായിരുന്നു. കണ്ണുരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് പുലർച്ചെ നാലു മണിയോടെയാണ് തീ കൊടുത്തിയത്.

പുഴാതിയിലെ ഒരു പഴയ കെട്ടിടത്തിൽ ഷമീം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലിസ് വളഞ്ഞു പിടികൂടുകയായിരുന്നു. ഇതിനിടെയിൽ കുതറി മാറാൻ രക്ഷപെടാൻ ശ്രമിച്ച ഷമീമിന്റെ ആക്രമണത്തിൽ രണ്ടു പൊലിസുകാർക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. വളപട്ടണം, കണ്ണൂർ പൊലീസിന് തീരാ തല വേദനയാണ് ചാണ്ടി ഷമീം. മയക്കുമരുന്ന് - ഗുണ്ടാ കേസുകളിലെ പ്രതിയായ ഇയാൾ സോഷ്യൽ മീഡിയയിലൂടെ പൊലിസിനെ വെല്ലുവിളിക്കുന്നത് പതിവാണ്.

നേരത്തെ സോഷ്യൽ മീഡിയയിലുടെ പൊലിസിനെ അക്രമിക്കുമെന്ന് പറഞ്ഞ ഷമീമിനെ പൊലീസ് പുതിയ തെരുവിലെ താമസ സ്ഥലത്തു കയറി അറസ്റ്റു ചെയ്തിരുന്നു. കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് സ്വദേശിയാണ് ഷമീം. കഴിഞ്ഞ ദിവസം വളപട്ടണം പൊലീസ് സ്റ്റേഷനിലെ ചില പൊലിസുകാരുമായി ഷമീം തർക്കത്തിലേർപ്പെട്ടിരുന്നു. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ ആവുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഷമീം ഇയാളുടെത് ഉൾപെടെയുള്ള വാഹനങ്ങൾ കത്തിച്ചത്.

ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കീഴടക്കിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീപ്പിടിച്ചത്. മൂന്നുവാഹനങ്ങൾ പൂർണമായും രണ്ടുവാഹനങ്ങൾ ഭാഗികമായും കത്തിനശിച്ചിരുന്നു. സംഭവം അപകടമല്ലെന്നും വാഹനങ്ങൾക്ക് തീയിട്ടതാണെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് വ്യക്തമായി. വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്ന് ഇയാളെ പിടികൂടിയത്.

വാഹനങ്ങൾക്ക് തീയിട്ടശേഷം പഴയ ഇരുനിലകെട്ടിടത്തിൽ ഒളിവിൽകഴിയുകയായിരുന്നു ഷമീം. പൊലീസിനെതിരേ ചെറുത്തുനിൽപ്പിനും പ്രതി ശ്രമിച്ചിരുന്നു. ഇതിനിടെ തന്റെ താടി പറിച്ചെടുത്തെന്നും അടിച്ചെന്നും ഇയാൾ ഉറക്കെവിളിച്ചുപറയുകയും ചെയ്തു. കാപ്പ കേസ് പ്രതിയായ ഷമീമും സഹോദരനും കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും പൊലീസുകാരനെ മർദിക്കുകയും ചെയ്തിരുന്നു. കാപ്പ കേസ് പ്രതിയായതിനാൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പൊലീസ് തന്നെ പിന്തുടരുന്നതും നിരീക്ഷിക്കുന്നതും ഇയാളെ പ്രകോപിപ്പിച്ചു.

ഇത് ചോദ്യംചെയ്യാനാണ് ഷമീമും സഹോദരനും കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത്. തുടർന്ന് പൊലീസുകാരോട് തട്ടിക്കയറുകയും പൊലീസുകാരനെ മർദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഷമീം സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ ഷമീമിന്റെ സഹോദരനെയും ഇവരുടെ ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഷമീം സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. പുലർച്ചെ മൂന്നുമണിയോടെ മുഖംമറച്ചെത്തിയ ഇയാൾ സ്റ്റേഷനിലെ ചുറ്റുമതിലിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയായിരുന്നു.