കണ്ണൂർ: കാടാച്ചിറ സർവീസ് സഹകരണബാങ്കിന്റെ പനോന്നേരി ശാഖയിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു എടക്കാട് പൊലിസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ചാല സ്വദേശിനിയയ പി.കെ രജനിയുടെ പരാതിയിലാണ് മൂന്നുപേർക്കെതിരെ പൊലിസ് കേസെടുത്തത്. പ്രമുഖ ജ്യോത്സ്യനും ക്ഷേത്രങ്ങളിൽ സപ്താഹ യജ്ഞം നടത്തുകയും ചെയ്യുന്ന മുൻസെക്രട്ടറിയും നിലവിൽ മാനേജരുമായ പ്രവീൺ പനോന്നേരി, ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥരായ രണ്ടു പേർ എന്നിവർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. സ്ഥിരം നിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് ബാങ്കിലുള്ള ചിലരുടെ ഒത്താശയോടെ പ്രവീൺ പനോന്നേരി തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

ബാങ്കിലെ സ്ഥിരനിക്ഷേപങ്ങൾ നഷ്ടപ്പെട്ട രജനി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2017-മുതൽ 2021-വരെയുള്ള വിവിധ സമയങ്ങളിലായി രജനി നേരിട്ടു ബാങ്കിലെത്തി സ്വന്തം പേരിലും മകളുടെ പേരിലുമായാണ് ഓരോവർഷ കാലാവധിയിൽ സ്ഥിരനിക്ഷേപങ്ങൾ നടത്തിയത്. 16 നിക്ഷേപങ്ങളിലായി 21.70 ലക്ഷം രൂപയാണ് ഇവർ നിക്ഷേപിച്ചത്. ഓരോവർഷവും സ്ഥിരനിക്ഷേപം പുതുക്കി സൂക്ഷിക്കുകയായിരുന്നു. ഇവർ പണയംവെച്ച എട്ടേമുക്കാൽ പവൻ സ്വർണവും കാണാതായിട്ടുണ്ട്. പലിശയടക്കം മുപ്പതുലക്ഷത്തിന്റെ തുകയാണ് അമ്മയ്ക്കും മകൾക്കുമായി നഷ്ടമായത്. എഫ്.ഡി ചിലതിൽ നിക്ഷേപകന് നൽകുന്ന സർട്ടിഫിക്കറ്റിൽ യഥാർത്ഥ തുകയും ബാങ്ക് വരവിൽ തുകകുറച്ചു കാണിച്ചും തട്ടിപ്പു നടത്തിയിട്ടുണ്ട്.

ബാങ്കിൽ 1,75,000രൂപ ഒരിക്കൽ സ്ഥിര നിക്ഷേപമിട്ട തുകയ്ക്ക് സമാനമായി സർട്ടിഫിക്കറ്റ് രജനിക്കു നൽകിയെങ്കിലും ബാങ്കിന്റെ വരവിൽ തുകയുടെ അവസാനപൂജ്യം ഒഴിവാക്കിയിരുന്നു. 17,500 മാത്രം കാണിച്ചു ഭീമമായ തുക പ്രവീൺ കൈക്കലാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു വർഷത്തെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് കാലാവധിക്ക് തൊട്ടടുത്ത ദിവസം പുതുക്കാനെന്ന പേരിൽ കൈക്കലാക്കിയാണ് തട്ടിപപു നടത്തിയത്. പിന്നീട് സർട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി സഹിതം നിക്ഷേപകർക്ക് നൽകി ഒറിജിനൽ സർട്ടിഫിക്കറ്റ് തിരിച്ചെടുത്ത ശേഷം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ടു നിക്ഷേപ തുക പണയംവെച്ച സ്വർണാഭരണങ്ങളും തട്ടിയെടുത്തുവെന്നാണ് പരാതി.

പ്രവീണിനെ വിശ്വസിച്ച് കാലാവധി പൂർത്തിയാകുന്ന ദിവസം സ്ഥിരനിക്ഷേപം പിൻവലിക്കാനായി ഫോമിൽ ഒപ്പിട്ടു നൽകിയ ചിലരുടെ തുകയും പ്രവീൺ ബാങ്കിൽ നിന്നും പിൻവലിച്ച ശേഷം നിക്ഷേപകർക്ക് തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയുമുണ്ട്. എന്നാൽ സ്വയം ഒപ്പിട്ടു നൽകിയതിനാൽ എങ്ങനെ പരാതി നൽകുമെന്ന ആശങ്കയിലാണ് ഇടപാടുകാരിൽ ചിലർ.

പ്രവീൺ പനോന്നേരിയുടെ അടുത്ത സുഹൃത്തുക്കൾ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ബാങ്കിലെ പ്രധാന ജീവനക്കാരനായതിനാലും എല്ലാ ഇടപാടുകളിലും പ്രവീൺ മുഖേനെയേ നടക്കൂവെന്നതിനാലും ഇയാൾ പറഞ്ഞത് നിക്ഷേപകർ വിശ്വസിച്ചു. ഇതാണ് പലനിക്ഷേപകർക്കും പിന്നീട് തിരിച്ചടിയായത്. ലക്ഷങ്ങളാണ് വ്യാജരേഖയുണ്ടാക്കി പ്രവീൺ പനോന്നേരിയും കൂട്ടരും തട്ടിയെടുത്തത്.

സംഭവത്തിൽ സഹകരണ രജിസ്ട്രാറിന്റെ നിർദ്ദേശപ്രകാരം സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് നിയന്ത്രിതബാങ്കാണ് കാടാച്ചിറ സർവീസ് സഹകരണബാങ്ക്. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നാട്ടിൽ തന്നെ ഭീമമായ വെട്ടിപ്പു കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നടന്നത് പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. കരുവന്നൂർ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടു സി.പി. എമ്മിനെതിരെ കോടികളുടെ കുംഭകോണം ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ കാടാച്ചിറ സർവീസ് സഹകരണ ബാങ്ക് അഴിമതി കാര്യത്തിൽ മൗനം പാലിക്കുകയാണ്.