- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ പരുക്കേറ്റ യുവാവിന് അനുവദിച്ച ഇൻഷുറൻസ് തുക നൽകാതെ കബളിപ്പിച്ചെന്ന് പരാതി; കോട്ടയത്തെ അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്; തലയ്ക്ക് പരിക്കേറ്റ ക്ഷേത്ര ജീവനക്കാരന്റെ നഷ്ടപരിഹാരമായ 10 ലക്ഷം കൈക്കലാക്കിയെന്ന് എഫ്.ഐ.ആർ
കോട്ടയം: അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ക്ഷേത്രം ജീവനക്കാരന് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധിച്ചു. കോട്ടയം എം എ സി ടി കോടതിയാണ് തുക അനുവദിക്കാൻ ഉത്തരവിട്ടത്. എന്നാൽ തുക മുഴുവൻ കൈക്കലാക്കിയത് കേസ് നടത്തിയ അഭിഭാഷകൻ. കോട്ടയത്തെ അഭിഭാഷകനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ അഭിഭാഷകനായ പി. രാജീവിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
2015 മാർച്ചിലാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ നിധിന് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്കാണ് പരിക്കേറ്റത്. അഭിഭാഷകൻ പി. രാജീവ് കേസ് ഏറ്റെടുക്കുകയായിരുന്നു. 2020 ജനുവരി എഴിന് നഷ്ടപരിഹാരമായ 1155184 രൂപ നഷ്ടപരിഹാര തുക വിധിച്ചു. തുടർന്ന് നിധിന്റെ പക്കൽ നിന്നും ഇയാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ ആണെന്ന് പറഞ്ഞ് ബാങ്ക് പാസ്ബുക്ക്, ഐഡി കാർഡ് പകർപ്പ് , ചെക്ക്ലീഫ് എന്നിവ കൈക്കലാക്കി.
നിധിന്റെ പേരിലുള്ള ധനലക്ഷ്മി ബാങ്കിലേക്ക് എത്തിയ നഷ്ടപരിഹാര തുക നിധിൻ അറിയാതെ രണ്ടു തവണയായി ചെക്ക് ലീഫ് നൽകി പിൻവലിച്ചു. 10,85100 രൂപയാണ് പിൻവലിച്ചത്. ഇക്കാര്യം അറിഞ്ഞു നിധിൻ അഭിഭാഷകനെ സമീപിച്ചെങ്കിലും ഓരോ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ട്രസ്റ്റിൽ പണം ഇട്ടിരിക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും ആവശ്യപെട്ടാൽ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ചോദ്യം ചെയ്തപ്പോൾ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് നിധിൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കയാണ്.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞപ്പോൾ വൻ തുക കടബാധ്യത ആയി. ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ താത്കാലികമായുള്ള കീഴ്ശാന്തി ജോലിയാണ് നിധിന്റെ കുടുംബത്തിന്റെ ഏക വരുമാനം. നഷ്ടപരിഹാര തുക അഭിഭാഷകൻ തട്ടിയെടുത്തതോടെ കൂടുതൽ പ്രതിസന്ധിയിലുമായി. അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതിനാൽ ഭയം കൊണ്ട് ആരോടും പറഞ്ഞിരുന്നില്ല. ഗത്യന്തമില്ലാത്ത അവസ്ഥ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പി. രാജീവ് നിരവധിപേരെ ഇതുപോലെ നഷ്ടപരിഹാരം നൽകാതെ കബളിപ്പിച്ചതായി പരാതിയും ഉയരുന്നുണ്ട്. ഇയാൾക്കെതിരെ അഭിഭാഷകർക്കിടയിലും പ്രതിഷേധം ഉയർന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന അഭിഭാഷകർക്ക് നാണക്കേട് വരുത്തിയെന്നാണ് വക്കീലന്മാർ പറയുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിലെ സജീവ അംഗവുമാണ് രാജീവ്.