പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമര (58)യ്ക്കായി അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല. കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ തന്നെ തുടരുകയാണെന്നാണ് പൊലീസിന്റെ നിഗമനം. കയ്യില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാല്‍ ചെന്താമരയ്ക്ക് മലയില്‍ അധിക നേരം തുടരാന്‍ സാധിക്കില്ലെന്നും പ്രതി ഉടന്‍ കാടിറങ്ങുമെന്നുമാണ് കണക്കുകൂട്ടല്‍. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന്റെ അന്വേഷണം തുടരുകയാണ്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര. അതുകൊണ്ട് തന്നെ മല ഇറങ്ങുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രതി ബസ് മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വീട്ടില്‍നിന്നും ലഭിച്ച പാതി ഒഴിഞ്ഞ വിഷക്കുപ്പി പോലീസിനെ തെറ്റിധരിപ്പിക്കാനാണെന്ന സംശയവും ഉണ്ട്. ചെന്താമര ആത്മഹത്യക്ക് ശ്രമിച്ചിരിക്കാം എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ച് രക്ഷപ്പെടാനാണ് ചെന്താമര ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പൊലീസ് നടത്തികൊണ്ടിരിക്കുന്നത്. ഏഴ് സംഘമായിട്ടാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനുണ്ട്. കൂടാതെ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടിലും ചെന്താമരക്കായി പരിശോധന ആരംഭിച്ച് കഴിഞ്ഞു. ചെന്താമരയുടെ സഹോദരനെയും കൂട്ടി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലേക്ക് പോയങ്കിലും പലമുണ്ടായില്ല. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര തിങ്കളാഴ്ച രാവിലെ 9.30നാണ് രാവിലെയാണ് അയല്‍വാസിയായ വയോധികയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയും (76) മകന്‍ സുധാകരനും (58) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയോടുള്ള അടങ്ങാത്ത പകയാണ് ചെന്താമരയെ കൊലപാതകത്തിലേക്കു നയിച്ചത്. 2019 ആഗസ്റ്റില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ചന്താമരയ്ക്കെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ നെന്മാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. നേരത്തെ പൊലീസിനെതിരെ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിക്കെതിരെ സുധാകരനും മകളും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കേസ് എടുക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലക്കേസിലെ പ്രതിയായ ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിരുന്നു. ഇതിലും പോലീസ് നടപടി എടുത്തില്ല. 2019ല്‍ സജിതയെ കൊലപ്പെടുത്തിയ ചെന്താമരയെ അരക്കമലയിലെ ഗുഹയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഈ ഗുഹയില്‍ ഇപ്പോള്‍ ചെന്താമര ഇല്ല. ചെന്താമര മുന്‍പ് ജോലി ചെയ്തിരുന്ന തിരുപ്പൂരിലേക്ക് പുറപ്പെട്ട മറ്റൊരു അന്വേഷണ സംഘം ഇയാള്‍ക്കായി ഇവിടെ പരിശോധന വ്യാപകമാക്കി.

അയല്‍വീട്ടിലെ മൂന്നുപേരെയും ചെന്താമര കൊലപ്പെടുത്തിയത് ആസൂത്രിതമായാണ്. 2019ല്‍ ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരിലെ ജോലിസ്ഥലത്തും മക്കള്‍ സ്‌കൂളിലുമായിരുന്ന സമയത്തായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. ഈ സമയം വീട്ടില്‍ സജിത തനിച്ചാണെന്ന് ചെന്താമര മനസ്സിലാക്കിയിരുന്നു. പിറകിലൂടെ എത്തി കത്തികൊണ്ട് കഴുത്തില്‍ വെട്ടിയാണ് സജിതയെ കൊന്നത്. സജിതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് തിങ്കളാഴ്ചയിലെ കൊലകളും നടത്തിയത്. തന്റെ ഭാര്യയും കുട്ടിയും പിണങ്ങിപ്പോയതിനു പിന്നില്‍ അയല്‍വാസിയായ സജിതക്കും മറ്റു ചില അയല്‍വാസികള്‍ക്കും പങ്കുണ്ടെന്ന് കരുതി അതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് സജിതയെ കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയതിനുശേഷം ചെന്താമര സെക്യൂരിറ്റി ജോലി ചെയ്തിരുന്നു. നാട്ടിലെത്തിയിട്ട് രണ്ടു മാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. സുധാകരനെയും അമ്മയെയും വധിക്കുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ പൊലീസിന് വിചിത്ര വിശദീകരണമാണുള്ളത്. പരാതിക്കു പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നെന്ന് ഡിവൈ.എസ്.പി അജിത് കുമാര്‍ പറഞ്ഞു. ഭീഷണിയെപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് നിന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് താക്കീത് നല്‍കി പറഞ്ഞുവിടുകയായിരുന്നെന്നും ഡിവൈ.എസ്.പി പറഞ്ഞു. ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 29നാണ് ചെന്താമരയെ പൊലീസ് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇയാള്‍, അകത്തേക്ക് കയറാന്‍ തയാറായിരുന്നില്ല. വേണമെങ്കില്‍ പൊലീസ് പുറത്തേക്ക് വരട്ടെ എന്നായിരുന്നു പ്രതി പറഞ്ഞത്. അകത്ത് വരാന്‍ പറ്റില്ലെന്ന് ചെന്താമര പറഞ്ഞതിനാല്‍ താന്‍ പുറത്തേക്ക് ചെന്നാണ് അയാളോട് സംസാരിച്ചതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ച പ്രതിയെ താക്കീത് നല്‍കി തിരികെ വിടുകയായിരുന്നു പൊലീസ്. നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറഞ്ഞു.