പാലക്കാട്: ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയത് സുധാകരനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ തന്നെ. ജാമ്യ വ്യവസ്ഥ ലംഘിച്ച് വീട്ടിലെത്തിയതും സുധാകരനെ നിരീക്ഷിക്കാന്‍. എല്ലാം മനസ്സിലാക്കി സുധാകരനും വീട്ടില്‍ നിന്നും മാറി നിന്നു. എന്നാല്‍ ക്ഷേമനിധിയില്‍ രേഖകള്‍ നല്‍കാനായി വീട്ടിലേക്ക് വരേണ്ടിയും വന്നു. അപ്പോഴും മകളെ കൂട്ടിയില്ല. ചെന്താമരയുടെ ലക്ഷ്യം സുധാകരനും അറിയാമായിരുന്നു. പക്ഷേ പോലീസ് മാത്രം പരാതി കിട്ടിയിട്ടും ചെന്താമരയുടെ മനസ്സ് വായിച്ചില്ല. ഇതാണ് നാടിനെ നടുക്കിയ ഇരട്ട കൊലയായി മാറിയത്. ജാമ്യത്തിലിറങ്ങിയശേഷം കുറച്ചുദിവസം പന്നിയങ്കര ടോള്‍പ്ലാസയില്‍ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്തിരുന്നു. ലോറിഡ്രൈവറായ സുധാകരന്‍ ടോള്‍പ്ലാസ വഴി കടന്നുപോകുന്നത് പ്രതീക്ഷിച്ചായിരുന്നോ ഇതെന്ന് സംശയമുണ്ട്. അഞ്ചുവര്‍ഷംമുന്‍പ് സജിതയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ കുടുംബ ജീവിതം തകര്‍ന്നതിന്റെ കാരണക്കാരി സജിതയാണെന്ന തോന്നലായിരുന്നു. ഈ പകയില്‍ സജിതുയെട ഭര്‍ത്താവിനേയും വകവരുത്തി. മകനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയേയും ചെന്താമര വെറുതെ വിട്ടില്ല. ഇരട്ട കൊലപാതകത്തില്‍ പോത്തുണ്ടി തിരുത്തമ്പാടം വാസികള്‍ കടുത്ത രോഷത്തിലാണ്. ചെന്താമരയ്‌ക്കെതിരേ നാട്ടുകാര്‍ ഒപ്പിട്ടുനല്‍കിയ പൊതുപരാതി പോലീസ് അവഗണിച്ചതാണ് കൊലപാതകത്തിന് വഴിവെച്ചതെന്നായിരുന്നു ഇവരുടെ ആക്ഷേപം.

ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനും കഴിഞ്ഞില്ല. നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബര്‍ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയത്. നെന്മാറ പഞ്ചായത്തിന് പുറത്താണ് വീട്. അതുകൊണ്ട് തന്നെ പ്രതിയുടേത് ജാമ്യ വ്യവസ്ഥാ ലംഘനമായിരുന്നു. ജാമ്യ കിട്ടിയതോടെ വീട്ടിലെത്തിയ ചെന്താമര സുധാകരനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ചില അയല്‍വാസികളെയും ഭീഷണിപ്പെടുത്തി. സമീപവാസികള്‍ ഇതുസംബന്ധിച്ച് നെന്മാറ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനുള്ളില്‍ കയറാതെ നിന്ന ഇയാളോട് ഇന്‍സ്‌പെക്ടര്‍ പുറത്തേക്കുവന്നാണ് സംസാരിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത് കോടതിയില്‍ റിപ്പോര്‍ട്ടുചെയ്ത് ജാമ്യം റദ്ദാക്കാനുള്ള നടപടി വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ചെന്താമരയുടെ ഭാര്യയും മകളും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അയല്‍വാസികളാണെന്ന തരത്തിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം. ഇയാള്‍ക്കെതിരേ പരാതി നല്‍കിയപ്പോള്‍ ജയില്‍ശിക്ഷ കഴിഞ്ഞ് വന്നയാളെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. താക്കീത് ചെയ്തു വിടുക മാത്രമാണ് ചെയ്തത്.

അതിനിടെ പോത്തുണ്ടി ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍, ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍, നെന്മാറ സിഐ എം മഹേന്ദ്രസിംഹന്‍, ആലത്തൂര്‍ സിഐ ടി എന്‍ ഉണ്ണികൃഷ്ണന്‍, കുഴല്‍മന്ദം സിഐ മനോജ് കെ ഗോപി, നെന്മാറ എസ്‌ഐ ആര്‍ രാജേഷ്, ആലത്തൂര്‍ എസ്‌ഐ വിവേക് നാരായണന്‍ എന്നിവരാണ് സംഘത്തില്‍. കൃത്യം നടത്തിയശേഷം ചെന്താമര പോത്തുണ്ടി വനമേഖലയിലെ അയ്യപ്പന്‍കുന്നിലേക്ക് കയറിയതായി പൊലീസ് സംശയിക്കുന്നു. അയ്യപ്പന്‍കുന്നിലും പോത്തുണ്ടിവനത്തിന്റെ പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. പൊലീസ് മൂന്ന് സംഘമായി വനത്തില്‍ അന്വേഷണം തുടരുകയാണ്. ചെന്താമരയുടെ ഫോണ്‍ സിഗ്‌നല്‍, ഡ്രോണ്‍ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചില്‍. നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ ചെന്താമര കൊടും ക്രിമിനലാണ്. കൃത്യമായി പദ്ധതിയൊരുക്കി ആസൂത്രിതമായായിരുന്നു നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ ഉപയോഗിച്ച് ആദ്യം വെട്ടി. ശബ്ദം കേട്ട് ഇറങ്ങിവന്ന അമ്മ മീനാക്ഷിയെ അതിന് ശേഷം വെട്ടിവീഴ്ത്തി. ഇതിന് ശേഷം നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിമറയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസും നാട്ടുകാരും നെല്ലിയാമ്പതി കാട്ടില്‍ തിരച്ചില്‍ നടത്തുകയാണ്.

ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ലെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും പറഞ്ഞു. കഴിഞ്ഞ 29ന് രേഖാമൂലം പൊലീസിന് പരാതി നല്‍കി. ചെന്താമരയെ പേടിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോകുമായിരുന്നില്ല. അച്ഛന് അവിടെ താമസിക്കാന്‍ പേടിയായിരുന്നു.പ്രതി ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം സ്ഥിരമായി തങ്ങളെ നിരീക്ഷിക്കാറുണ്ടായിരുന്നു. ജനാലയിലൂടെ ഒളിഞ്ഞു നോക്കും. മാനസിക പ്രശ്നമാണെന്ന് നടിച്ചാണ് അയാള്‍ ഇതെല്ലാം ചെയ്തിരുന്നതെന്നും മകള്‍ അഖില വ്യക്തമാക്കി. സുധാകരനേയും ലക്ഷ്മിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ ചെന്താമര കൃത്യത്തിന് തൊട്ടുമുന്‍പ് തന്നെ കാണിച്ചതായി അയല്‍വാസി പറഞ്ഞു. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി വ്യക്തമാക്കി. പ്രതി ചെന്താമരയെ സംരക്ഷിച്ചത് അയാളുടെ കുടുംബമാണെന്ന് മറ്റ് അയല്‍വാസികളും പറഞ്ഞു. പ്രതി മാനസിക രോഗിയെന്ന് വരുത്തി തീര്‍ക്കുന്നത് കുടുംബമാണ്. ആദ്യത്തെ കൊലപാതകത്തിന് ശേഷം ജാമ്യം എടുക്കാന്‍ സഹായിച്ചത് പ്രതിയുടെ കുടുംബമാണ്. പ്രതി വീട്ടില്‍ ആയുധം ഉള്‍പ്പടെ സൂക്ഷിച്ചിരുന്നുവെന്നും അല്‍വാസികള്‍ പറഞ്ഞു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. കഴുത്തറുത്തായിരുന്നു കൊലപാതകം. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഈ കൊലയ്ക്ക് ശേഷവും ഇയാള്‍ നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറഞ്ഞത്. വൈകാതെ തന്നെ ഇയാള്‍ അറസ്റ്റിലായി. രണ്ട് മാസം മുന്‍പായിരുന്നു ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ സുധാകാരനെ വകവരുത്തുമെന്ന് ചെന്താമര പറഞ്ഞിരുന്നു.