- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സജിതയെ കൊന്ന് മലകയറിയ ചെന്താമര 2019ല്‍ വിശപ്പ് സഹിച്ച് ഒളിച്ചിരുന്നത് അഞ്ചു ദിവസം; 2025ലെ ഇരട്ട കൊലയ്ക്ക് ശേഷം 36 മണിക്കൂര്‍ ആയപ്പോള്‍ വിശപ്പ് ചതിച്ചു! യൂണിഫോം പോലീസിനെ പിന്‍വലിച്ച് രാത്രിയില്‍ പ്രതിയെ പറ്റിച്ച പോലീസ് ബുദ്ധി; ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ഇറങ്ങിയ ചെന്താമരയെ പൊക്കിയത് മഫ്തി; പോത്തുണ്ടിയിലെ അറസ്റ്റ് വിശപ്പിന്റെ വില!
പാലക്കാട്: പോലീസ് വളഞ്ഞു പിടിച്ച ചെന്താമര കസ്റ്റഡിയിലായ ശേഷം പോലീസിനോട് പറഞ്ഞതെല്ലാം വിചിത്ര കാര്യങ്ങള്‍. ഒന്നും പോലീസ് വിശ്വസിച്ചിട്ടില്ല. അതേസമയം, താന്‍ ഇന്നലെ വിഷം കഴിച്ചിട്ടും ചത്തില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മരിക്കാന്‍ ആനയുടെ മുമ്പില്‍ നിന്നിട്ടും മരിച്ചില്ലെന്നും പ്രതി പറയുന്നു. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മട്ടായി മേഖലയില്‍ നിന്ന് ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇയാള്‍ പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പോത്തുണ്ടി മലയില്‍ നിന്നുള്ള വഴികളില്‍ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. എല്ലാവരും രാത്രിയില്‍ പോയി എന്ന് കരുതി ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങി. ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ചെന്താമരക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.
പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചില്‍ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ വിശപ്പു സഹിക്കാതെ ചെന്താമര പുറത്തു വന്നു. ഒളിയിടത്തില്‍ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാത്രി പോലീസ് തന്ത്രമൊരുക്കിയത്. ഇതിന് വേണ്ടിയാണ് സേനാ പിന്മാറ്റം എന്ന സന്ദേശം നല്‍കും വിധമുള്ള ഇടപെടല്‍ നടത്തിയത്. എല്ലാം നിരീക്ഷിച്ചിരുന്ന ചെന്താമര പോലീസ് പിന്മാറിയെന്ന് കരുതുകയും ചെയ്തു. കൃത്യമായി ഫലം കാണുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാര്‍ പ്രകോപിതരായി അടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനത്തെ നിയന്ത്രിച്ചത്.
പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. എല്ലാ പോലീസും നാട്ടുകാരും തിരച്ചില്‍ നിര്‍ത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയില്‍ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാര്‍ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചെന്താമരയെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. നെന്മാറ പൊലീസ് സ്റ്റേഷനില്‍ മുന്നിലെ സംഘര്‍ഷം കണക്കിലെടുത്തായിരുന്നു പുലര്‍ച്ചെ പൊലീസിന്റെ നാടകീയ നീക്കം. പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സ്റ്റേഷന് മുന്നില്‍ ജനം തടിച്ചുകൂടിയിരുന്നു. ഗേറ്റ് തകര്‍ത്ത നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കും. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.
ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തില്‍ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നല്‍കിയത്. ചെന്താമരയെ തൂക്കികൊല്ലണമെന്നും ആരുടെയും വാക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു . പുറത്തിറങ്ങാന്‍ ഭയമാണ്, തങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും അച്ഛമ്മയെയും നഷ്ടപ്പെട്ടു. നീതി കിട്ടണമെങ്കില്‍ പ്രതിയെ കൊല്ലണമെന്നും അവര്‍ പറയുന്നു. പ്രതിയെ പിടികൂടിയതറിഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞായിരുന്നു മക്കളുടെ പ്രതികരണം.
2019ല്‍ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് മലയില്‍ കഴിഞ്ഞത്. തുടര്‍ന്ന്, വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇത്തവണ ഒളിവുതാമസം 36 മണിക്കൂര്‍ മാത്രമാണ് നീണ്ടത്. അതിനിടെ തന്നെ വിശപ്പ് രൂക്ഷമായി. ചെന്താമര പിടിയിലായതോടെ ബോയന്‍ കോളനി ആശ്വാസത്തിലായി. ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ഒരുമാസമായി തിരുത്തമ്പാടം ബോയന്‍ കോളനിയിലെ വീട്ടില്‍ താമസമുറപ്പിച്ചിരുന്നത് അയല്‍വാസികളെ ഭയപ്പെടുത്തിയിരുന്നു.
2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയയാളാണ് ചെന്താമര. തിങ്കളാഴ്ച രാവിലെ ഇരട്ടക്കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി തമിഴ്നാട്ടിലും ഇയാള്‍ നേരത്തേ ജോലിചെയ്തിരുന്ന കോഴിക്കോട് കൂരാച്ചുണ്ട് മേഖലയിലുമെല്ലാം പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ നാലുസംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിന് സമീപത്തുവെച്ച് തന്നെ പ്രതി പിടിയിലായത്.