തൊടുപുഴ: ചീനിക്കുഴിയില്‍ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പിതാവ് ആലിയക്കുന്നേല്‍ ഹമീദ് മക്കാറിന് (79) വധശിക്ഷ. മകനും ഭാര്യയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ നാല് പേര്‍ വെന്തുമരിച്ച കേസില്‍ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കഠിനമായ വിധി പ്രസ്താവിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്.

2022 മാര്‍ച്ച് 19ന് അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ അതിക്രൂരമായ കൂട്ടക്കൊല നടന്നത്. തൊടുപുഴ ചീനിക്കുഴി സ്വദേശികളായ മുഹമ്മദ് ഫൈസല്‍ (ഷിബു - 45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. പ്രതിയായ ഹമീദ്, തന്റെ പിതാവ് മക്കാര്‍ കൊച്ചുമകനായ ഫൈസലിന് ഇഷ്ടദാനമായി നല്‍കിയ സ്വത്ത് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മകനുമായി നിരന്തരം തര്‍ക്കം പുലര്‍ത്തിയിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ടായിരുന്നു ഹമീദ് ഈ ഭീകരകൃത്യം നടത്തിയത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന മുറി പുറത്തുനിന്നു പൂട്ടി, ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെട്രോളൊഴിച്ചാണ് പ്രതി തീയിട്ടത്. വീട്ടിലേക്കുള്ള ശുദ്ധജല കണക്ഷന്‍ വിച്ഛേദിച്ചതിനാലും വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ സാധിച്ചില്ല. തീ പടര്‍ന്നതോടെ നാല് പേരും ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചെങ്കിലും, ഹമീദ് അവിടേക്കും ചെറിയ കുപ്പികളില്‍ പെട്രോളൊഴിച്ചു. ഇരുകൈകളിലും മക്കളെ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം കണ്ടെത്തുന്നത്.

അയല്‍വാസികള്‍ ഓടിക്കൂടിയതോടെ വീടിന്റെ പിന്നിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഹമീദിനെ പോലീസ് പിടികൂടുകയായിരുന്നു. പലചരക്ക് കട നടത്തിവരികയായിരുന്നു ഫൈസല്‍. പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

സ്വത്ത് തിരികെ വേണം എന്ന വാശി

മുഹമ്മദ് ഫൈസല്‍ ചീനിക്കുഴിയില്‍ 'മെഹ്റിന്‍ സ്റ്റോഴ്സ്' എന്ന പേരില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. കൊലപാതകം നടന്ന വീടും അതിനോടൊപ്പമുള്ള 58 സെന്റ് പുരയിടവും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ഹമീദ് മകന് ഇഷ്ടദാനമായി നല്‍കിയതായിരുന്നു. ഇഷ്ടദാനക്കരാറില്‍, മരണം വരെ മകന്‍ ഉപജീവനത്തിന് ആവശ്യമായ വിഹിതം നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ദിവസവും നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഹമീദ് നിരന്തരം ഫൈസലുമായി വഴക്കിലേര്‍പ്പെട്ടിരുന്നു. എല്ലാ ദിവസവും മീനും, ഇറച്ചിയും വേണമെന്നായിരുന്നു

ഇയാളുടെ ആവശ്യം. ജയിലില്‍ മട്ടന്‍ കറി കിട്ടുമെന്നും താന്‍ അതിനുള്ള വഴി നോക്കുമെന്നും ഇയാള്‍ കൂടെക്കൂടെ നാട്ടുകാരോട് പറഞ്ഞിരുന്നു.

സ്വന്തം പേരിലുള്ള സ്വത്ത് തിരികെ ലഭിക്കണമെന്ന വാശിയില്‍ ഹമീദ് തൊടുപുഴ മുന്‍സിഫ് കോടതിയിലും, ജീവിതച്ചെലവിനായി പണം ആവശ്യപ്പെട്ട് കുടുംബ കോടതിയിലും കേസ് ഫയല്‍ ചെയ്തിരുന്നു. സ്വത്ത് തിരികെ നല്‍കിയില്ലെങ്കില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നുകളയുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസല്‍ 2022 ഫെബ്രുവരി 25-ന് കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഫൈസലും ഭാര്യയും രണ്ട് മക്കളും വീടിന്റെ ഒരു പ്രത്യേക മുറിയിലും ഹമീദ് മറ്റൊരു മുറിയിലും താമസമായിരുന്നത്.

പോലീസ് അന്വേഷണവും കണ്ടെത്തലുകളും

ഹമീദിന്റെ വഴിവിട്ട ജീവിതശൈലിയെക്കുറിച്ചും അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടിറങ്ങിയ ഹമീദ് പല സ്ത്രീകളോടൊപ്പവും മാറിമാറി താമസിച്ചിരുന്നു. സ്വത്ത് തര്‍ക്കമാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് കണ്ടെത്തി. പ്രതി ഹമീദ് മറ്റ് സഹായങ്ങളില്ലാതെ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. വിവിധ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.