- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞതിന് പിന്നാലെ തുടങ്ങിയ പീഡനങ്ങൾ; വിവാഹമോചനം വേണമെന്ന് പറഞ്ഞും നിരന്തരം ഉപദ്രവിച്ചു; കുട്ടികൾ എന്റെ ഭർത്താവിന്റേതല്ലെന്നും പോലും പ്രചരിപ്പിച്ചു ഭർതൃമാതാവ്; കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചു; കൈ കടിച്ചു മുറിച്ചു; ചേർത്തലയിൽ യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ ക്രൂരപീഡനമെന്ന് പരാതി
ആലപ്പുഴ: സ്ത്രീധന പീഡനങ്ങൾ കേരള സമൂഹത്തിൽ നാൾക്കുനാൾ വർധിച്ചു വരികണെന്നാണ് മാധ്യമ വാർത്തകളിൽ നിന്നും വ്യക്തമാകുന്ന കാര്യം. മിക്ക ദിവസങ്ങളിലും ഇത്തരം വാർത്തകൾ പുറത്തുവരുമ്പോഴും ഇതിന് യാതൊരു കുറവും ഇല്ലെന്നതാണ വസ്തുത. ഏറ്റവും ഒടുവിൽ ചേർത്തലയിൽ യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ ക്രൂരപീഡനം ഉണ്ടായെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ടാണ് യുവതിക്ക് പീഡനം നേരിടേണ്ടി വന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് നിരന്തരം മർദിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തെന്നും ഭർതൃമാതാവ് കൈ കടിച്ചു മുറിച്ചെന്നും പരാതിക്കാരി ആരോപിച്ചു. പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും യുവതിയുടെ പിതാവ് ആരോപിക്കുന്നു.
2013 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ ഇവർ നിരന്തരം മർദിച്ചിരുന്നു. പ്രസവത്തിന് ശേഷവും യുവതിയെ ഭർത്താവും വീട്ടുകാരും പീഡനം തുടർന്നുവെന്നുമാണ് ആരോപണം. ഭർത്താവും ഭർതൃമാതാവും പിതാവും ചേർന്ന് വീട്ടിൽ നിന്ന് തന്നെ പുറത്താക്കുകയും ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു. ഷാൾ വലിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഭർതൃമാതാവ് കൈകൾ കടിച്ചു മുറിച്ചു. പെൺകുട്ടിയെ ഇനിയും ഭർത്താവിന്റെ വീട്ടിൽ നിർത്തിയാൽ ജീവൻ നഷ്ടമാകുമെന്നറിഞ്ഞ് മകളെ തിരികെ കൊണ്ടുവരികയായിരുന്നു എന്നുമാണ് പിതാവ് പറഞ്ഞത്.
'2013 ഏപ്രിൽ 5-നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി. സംഭവം അറിഞ്ഞ് മകളെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നു. എന്നാൽ പലരും ഇടപെട്ട് ഒത്തുതീർപ്പായതിനാൽ വീണ്ടും ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോയി. പ്രസവശേഷം വീണ്ടും പീഡനം തുടർന്നപ്പോൾ ഞങ്ങൾ ചെന്ന് സംസാരിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ല', യുവതിയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ അഞ്ചുമാസമായി വിവാഹമോചനം വേണമെന്ന് പറഞ്ഞായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. കുട്ടികൾ എന്റെ ഭർത്താവിന്റേതല്ല എന്നുപോലും ഭർതൃവീട്ടുകാർ പ്രചരിപ്പിക്കാൻ തുടങ്ങിയെന്നും യുവതി പറയുന്നു. പലതവണ പൊലീസിൽ പരാതി നൽകി. വിവാഹമോചനത്തിനായി നിരന്തരമായി വക്കീലന്മാരെക്കൊണ്ട് വിളിപ്പിക്കുമായിരുന്നു. കുട്ടികളേയും ഭാവിയേയും ഓർത്ത് അതൊക്കെ എതിർത്തു. ഒരു ദിവസം ബാത്‌റൂമിൽ കയറിയപ്പോഴാണ് ഭർത്താവ് കുട്ടികളുമായി മുറിയടച്ചത്. ഫോൺ തല്ലിപ്പൊട്ടിച്ചതുകൊണ്ട് ആരേയും വിളിക്കാൻ പറ്റാതായി. വെളിയിലിരുന്ന് നേരം വെളുപ്പിച്ച ശേഷം പിറ്റേദിവസം സുഹൃത്തിന്റെ ഫോണിൽ നിന്നാണ് പൊലീസിനെ അറിയിക്കുന്നത്. എപ്പോൾ പരാതിയുമായി ചെന്നാലും ഒത്തുതീർപ്പെന്ന തരത്തിലാണ് പൊലീസ് സംസാരിക്കാറുള്ളതെന്നും യുവതി ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ