തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടത്തിയെന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. മഹാക്ഷേത്രത്തില്‍ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികള്‍ പ്രതിഷേധം കടുപ്പിച്ചു. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി.

ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കി. ക്ഷേത്ര മര്യാദകള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉത്തരാവാദികള്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ശശികല ടീച്ചര്‍ പ്രതികരിച്ചു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയില്‍ പുറത്ത് നിന്ന് എങ്ങനെ മാംസാഹാരങ്ങള്‍ കൊണ്ട് വരാന്‍ സാധിച്ചു എന്നതും ദുരൂഹമാണ്. പുറത്ത് നിന്ന് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് ക്ഷേത്ര ഓഫീസില്‍ കൊണ്ട് വന്ന് വിളമ്പിയതും ഇതിന് നേതൃത്വം നല്‍കിയത് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ ആണുന്നുള്ളതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മാംസാഹാരം വിളമ്പി പാര്‍ട്ടി നടത്തിയത് ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്തരായ ക്ഷേത്ര ജീവനക്കാര്‍ തന്നെയാണ് എന്നത് ഭക്തരെ ഞെട്ടിപ്പിച്ചു. ജീവനക്കാര്‍ ക്ഷേത്ര ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി മാംസാഹാരം കൊണ്ട് വന്ന് വിളമ്പിക്കഴിച്ചതും ആഘോഷം സംഘടിപ്പിച്ചതും സാമാന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടന്നു.

രാജകുടുംഭാംഗം ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതലവഹിക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന ആചാരലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകള്‍ ക്ഷേത്ര ഭരണ സമിതി ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറേ കാലമായി ക്ഷേത്രത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവൃത്തികളാണ് എക്സിക്യൂട്ടിവ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് കര്‍മ്മചാരി സംഘ് ഭാരവാഹികള്‍ പറഞ്ഞു . ക്ഷേത്രവും ഓഫീസും പരിപാവനമായ സ്ഥലമാണ്. എന്നാല്‍ ഇവിടെ നടക്കുന്നത് കടുത്ത ആചാര ലംഘനമാണ്. സ്വച്ഛേധിപതിയെ പോലെ പെരുമാറുന്ന എക്സിക്യൂട്ടിവ് ഓഫീസറെ മാറ്റണമെന്നും ശക്തമായ നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ നടത്തണമെന്നും അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും ഉന്നയിച്ചു.
വിവാദമായതിനെ തുടര്‍ന്ന് ഭരണ സമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു. ഉത്തരവാദിത്വപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് നടന്നത് അത്യന്തം നിര്‍ഭാഗ്യകരമായ സംഭവമാണ്. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ആചാര മര്യാദകള്‍ അറിയില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ക്ഷേത്ര മര്യാദകള്‍ അറിഞ്ഞുകൊണ്ട് ലംഘിച്ചുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. വളരെ ഗുരുതരമായ കുറ്റമാണിത്. ഭഗവാന്റ ശരീരമായാണ് ക്ഷേത്രത്തെ കാണുന്നത്. ശ്രീകോവില്‍ പോലെ ഓരോ ഭാഗവും പരിശുദ്ധമായി സൂക്ഷിക്കേണ്ടതാണ്. അങ്ങനെയുള്ളിടത്ത് ബിരിയാണി ട്രീറ്റ് നടത്തിയെന്ന പറഞ്ഞാല്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

ജീവനക്കാര്‍ മാംസം കഴിക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ക്ഷേത്രത്തിനകത്തേക്ക് ഇത് കൊണ്ടുവന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ക്ക് തരിമ്പു പോലും വിശ്വാസമില്ലെന്നും ആചാരങ്ങള്‍ ലംഘിക്കാന്‍ യാതൊരു മടിയില്ലെന്നും ഇതോടെ കൂടുതല്‍ വ്യക്തമായി. കേവലം ഒരു ശിക്ഷ നടപടികള്‍ ഇതിന് പരിഹാരമില്ല. ഭക്തര്‍ മര്യാദകള്‍ പാലിക്കുന്നുണ്ടോയന്ന് ശ്രദ്ധിക്കേണ്ട ജീവനക്കാരാണ് ഇത് ചെയ്തത്. അവര്‍ ഇതിനെ ഒരു തൊഴിലായാണ് കാണുന്നത്. ഉത്തരവാദികള്‍ക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി.

ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം നടന്നത്. വിവരം ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ നടത്തണമെന്നും എക്‌സിക്യൂട്ടിവ് ഓഫീസറെ മാറ്റണനെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു.