- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് നാവായിക്കുളം സ്വദേശി ഹസൻ
തിരുവനനന്തപുരം: തിരുവനന്തപുരത്ത് പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിലായതിനെ തുടർന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പിടിയിലായ പ്രതി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ആളാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം നാവായിക്കുളം സ്വദേശി ഹസൻ എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. എഡിജിപി അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പോക്‌സോ കേസ് പ്രതിയാണ് ഇയാൾ. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും പൊലീസ് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ മറ്റൊരു സംഭവം നടന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് പൊലീസ പിന്നീട് വ്യക്തമാക്കും. അയിരൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാൾ മുൻപ് അറസ്റ്റിലായത്.
രണ്ട് ആഴ്ച മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പിന്നീട് 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
കഴിഞ്ഞ രണ്ടുദിവസമായി പ്രതിക്കു പിന്നാലെയായിരുന്നു അന്വേഷണസംഘം എന്നാണ് ലഭിക്കുന്ന വിവരം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് ഇടയിലും പൊലീസ് വിശദമായ അന്വേഷണത്തിലായിരുന്നു. സിസി ടിവികൾ അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
കുഞ്ഞ് സ്വയം നടന്നുപോകാൻ സാധ്യതയില്ലെന്നും ആരോ ഉപേക്ഷിച്ചതായിരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അന്ന് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. തുടർന്ന് പലവഴികളിലൂടെ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്.