തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അരുണ്‍ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിവരം അറിഞ്ഞപ്പോള്‍ തന്നെ നിയമപരമായ നടപടി എടുത്തുവെന്നും അരുണ്‍ ഗോപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണിലെണ്ണ ഒഴിച്ചെന്ന് പോലെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് താല്‍കാലിക ജീവനക്കാരെ പിരിച്ച് വിട്ടതായും അരുണ്‍ഗോപി അറിയിച്ചു. കുട്ടിയെ അപ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിരിച്ചുവിട്ട ഏഴുപേരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. താത്ക്കാലിക കരാര്‍ ജീവനക്കാരാണ് ഇവര്‍.

ക്രഷില്‍വെച്ച് കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് ദേഹത്ത് മുറിവുകളുള്ളതായി ശ്രദ്ധയില്‍പെട്ടത്. കുറ്റക്കാര്‍ക്കെതിരെ വളരെ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു. കുട്ടികള സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല. ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ല എന്ന് തന്നെയാണ് നിലപാട്. കുറ്റകൃത്യം ഇവിടം കൊണ്ട് അവസാനിപ്പിക്കുകയല്ല ചെയ്തത്. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് നിയമനടപടിയിലേക്ക് പോയതെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.

ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. എങ്കിലും സംഭവിക്കാന്‍ പാടില്ലാത്തത് എന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിന്റെ ഭാഗമായിട്ടാണ് ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുമ്പൊന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. താല്‍ക്കാലിക ജീവനക്കാരാണ് ആരോപണവിധേയരായ മൂന്ന് ആയമാരും. ഏറ്റവും കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്. കുട്ടികളെ നോക്കാന്‍ ആളുകളെ കിട്ടാതെ വന്നപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ്. ഒരു കുട്ടി ആശുപത്രിയിലായാല്‍ രണ്ട് ആയമാര്‍ കുഞ്ഞിനെ നോക്കാന്‍ വേണം. വലിയ സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയുമൊക്കെയാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി നേരിടുന്നത്. ഒരുപാട് പേരുടെ സഹായത്തോടെയും പിന്തുണയോടെയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്-അരുണ്‍ഗോപി പറഞ്ഞു.

കുട്ടി ഇപ്പോള്‍ ആരോഗ്യവതിയാണെന്നും അദ്ദേഹം പറഞ്ഞു. ''നഖം കൊണ്ട് നുള്ളിയ ഒരു ചെറിയപാടുമാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. ആ ചെറിയപാടുപോലും കുട്ടികളില്‍ ഉണ്ടാവാന്‍ പാടില്ല എന്നതുകൊണ്ടാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നിയമനടപടിയിലേക്ക് നീങ്ങിയത്. കണ്ണില്‍ എണ്ണയൊഴിച്ചാണ് ഞങ്ങള്‍ കുട്ടികളെ പരിപാലിക്കുന്നത്. കുറ്റംചെയ്ത ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തിരിക്കുകയാണ്. ഈ ഭരണസമിതി വന്നതിനുശേഷം കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം എല്ലാവര്‍ക്കും നല്‍കിയതാണ്.''

ശിശുക്ഷേമസമിതിയിലെ രണ്ടരവയസ്സുകാരി കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ ക്രൂരമായി പെരുമാറിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചായിരുന്നു ശിക്ഷ. സംഭവത്തില്‍ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. ആയമാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നുപറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.