മധുരയ്: തിരുനല്‍വേലിയില്‍ അയല്‍ക്കാരിയുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മൂന്ന് വയസുകാരന്റെ മൃതദേഹമാണ് അയല്‍ക്കാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ മദ്ധ്യവയസ്‌കയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.തങ്കമ്മാള്‍ എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..തങ്കമ്മാളിന്റെ മകന്‍ നേരത്തെ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.ഈ മരണത്തിന് കാരണക്കാരന്‍ അയല്‍വാസി വിഘ്‌നേഷാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുമായിരുന്നു.ഇതാണ് അവരുമായുള്ള വിദ്വേഷത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

കുട്ടിയെ അംഗനവാടിയില്‍ കൊണ്ടുപോയി വിടുന്നതിനായി ഡ്രസ് ചെയ്യിപ്പിച്ച ശേഷം തയ്യാറെടുക്കുകയായിരുന്നു അമ്മ രമ്യ.ഈ സമയം കുട്ടി വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു.പിന്നീട് നോക്കിയപ്പോള്‍ കുട്ടിയെ കാണുന്നുണ്ടായിരുന്നില്ല.പരിസരത്താകെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് കെട്ടിടനിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് വിഘ്‌നേഷിനെ രമ്യ വിവരമറിയിച്ചു.

അച്ഛനും അമ്മയും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.പിന്നാലെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അയല്‍വാസിയായ തങ്കമ്മാള്‍ എന്ന സ്ത്രീയെ സംശയമുണ്ടെന്ന് വിഘ്‌നേഷ് പൊലീസുകാരോട് പറഞ്ഞു.തങ്കമ്മാളുമായി ഇവരുടെ കുടുംബത്തിന് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. തുടര്‍ന്നാണ് പൊലീസ് സംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ഒടുവില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം വീട്ടിലെ വാഷിംഗ് മെഷീനുള്ളില്‍ പൊലീസുകാര്‍ കണ്ടെത്തുകയായിരുന്നു.

കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.മകന്റെ മരണത്തിന് ശേഷം തങ്കമ്മാളിന്റെ മാനസിക നില താളം തെറ്റിയതായും പ്രദേശവാസികള്‍ പറഞ്ഞതായി പൊലീസ് അറയിച്ചു.കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണ് തമിഴ്‌നാട് പൊലീസ്.