ഡൽഹി: ചൈനീസ് ചാര വനിതയെന്ന് സംശയിക്കുന്ന യുവതിയെ വടക്കൻ ഡൽഹിയിലെ ടിബറ്റൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്തു. നേപ്പാളി സന്ന്യാസിനി എന്ന വ്യാജേന ക്യാമ്പിൽ കഴിയുകയായിരുന്നു ഇവർ. നേപ്പാളിലെ കാഠ്മണ്ഡു സ്വദേശിയെന്നും ദോൽമ ലാമ എന്നുമാണ് തിരിച്ചറിയൽ രേഖകളിലുള്ളത്. ശരിക്കുള്ള പേര് ഷായ് റുവോ എന്നാണെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി സർവകലാശാലയുടെ വടക്കേഭാഗത്തുള്ള കാമ്പസിന് അടുത്ത് വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന മജ്‌നു കാ ടില്ല എന്ന ടിബറ്റൻ അഭയാർത്ഥി ക്യാമ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്. മുടിമുറിച്ച് ബുദ്ധസന്ന്യാസിമാരുടെ പരമ്പരാഗത കടും ചുവപ്പ് കുപ്പായവും ധരിച്ച് വേഷപ്രച്ഛന്നയായാണ് കഴിഞ്ഞിരുന്നത്.

ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ പരിശോധിച്ചപ്പോൾ 2019 ലാണ് ഷായ് റുവോ ചൈനീസ് പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ എത്തിയതെന്ന് മനസ്സിലായി. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടോയെന്ന സംശയത്തിലാണ് അറസ്റ്റ്. ഇവരെ 14 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ചോദ്യം ചെയ്യലിനിടെ, ഇവർ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾ തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അതുഭയന്നാണ് ഇന്ത്യയിലേക്ക് കടന്നതെന്നും പറഞ്ഞു. ഇവർക്ക് മൂന്നുഭാഷകൾ അറിയാം: ഇംഗ്ലീഷ്, മാൻഡറിൻ, നേപ്പാളി. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡൽഹി പൊലീസ സ്‌പെഷ്യൽ സെൽ അറിയിച്ചു.