കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലാം പ്രതിയായ യുവതി അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഗൂഡാലോചനയിലെ വിശദാംശങ്ങള്‍. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് കൊച്ചിയില്‍ നിന്നും പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കപ്പലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. ചിഞ്ചുവിന്റെ ഭര്‍ത്താവ് ഈ കേസിലും അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. ഇയാളെ പറ്റിയും പോലീസ് അന്വേഷണം തുടരുകയാണ്.

മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലിയാണ് നിഷാദിനു നല്‍കിയ വാഗ്ദാനം. വായ്പ എടുത്താണ് നിഷാദ് പണം നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. ഗുഗിള്‍ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരില്‍ നിന്നും തട്ടിയത്. 2023 മേയ് മുതല്‍ നവംബര്‍ വരെ പലതവണയായിട്ടാണ് നിഷാദ് ഇവര്‍ക്ക് പണം നല്‍കിയിരുന്നത്. പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. വലിയതോതിലുള്ള പരാതി ഉയര്‍ന്നതോടെ എറണാകുളത്ത് ഇവര്‍ക്കുണ്ടായിരുന്ന ടാലന്റ് വീസ എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്.

ബിനില്‍കുമാര്‍ എം.ഡിയായി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്‌ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇപ്പോഴത്തെ കേസിന് ആസ്പദമായ തട്ടിപ്പ്. 2023 മേയില്‍ ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്. ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ നടത്തി വ്യാജ ഓഫറിംഗ് ലെറ്ററും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. ചിഞ്ചുവും ഭര്‍ത്താവ് അനീഷും സമാനമായ മറ്റൊരു കേസില്‍ 2023ല്‍ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടാതെ ചിഞ്ചുവിനെതിരെ പാലാരിവട്ടം, കടവന്ത്ര, എറണാകുളം നോര്‍ത്ത്, കാലടി സ്റ്റേഷനുകളിലും തട്ടിപ്പ് കേസുണ്ടെന്നും പുനലൂര്‍ എസ്.എച്ച്.ഒ ടി.രാജേഷ് കുമാര്‍ പറഞ്ഞു. കാലടി സ്റ്റേഷനില്‍ മാത്രം മൂന്ന് കേസുണ്ട്.എസ്.ഐമാരായ കൃഷ്ണകുമാര്‍, പ്രമോദ്, എ.എസ്.ഐ മറിയക്കുട്ടി, സി.പി.ഒ രാജേഷ് എന്നിവരുടെ സംഘമാണ് കൊച്ചിയില്‍ നിന്ന് ചിഞ്ചുവിനെ അറസ്റ്റ് ചെയ്തത്.

യു.കെ., സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് 1.9 കോടി രൂപ തട്ടിയ കേസിലാണ് ചിഞ്ചുവും ഭര്‍ത്താവും 2023ല്‍ അറസ്റ്റിലായത്. കലൂര്‍ അശോക റോഡില്‍ ടാലെന്റിവിസ് എച്ച്.ആര്‍. കണ്‍സള്‍ട്ടന്‍സി റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തുകയായിരുന്നു അവര്‍. കൊടുങ്ങല്ലൂര്‍ ശൃംഗപുരം വക്കേക്കാട്ടില്‍ അനീഷ് ആണ് ചിഞ്ചുവിന്റെ ഭര്‍ത്താവ്. അന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സമയപരിധി കഴിഞ്ഞിട്ടും വിസ നല്‍കാതെ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളെത്തി ബഹളം വെച്ചിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 30 പേര്‍ക്ക് സിങ്കപ്പൂരിലേക്കുള്ള വ്യാജ വിസയും വിമാനടിക്കറ്റും വാട്‌സാപ്പ് വഴി നല്‍കി. പ്രതികള്‍ അയച്ചുനല്‍കിയ വിമാന ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അവ റദ്ദാക്കിയതാണെന്ന് മനസ്സിലാക്കി. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നത് ഡമ്മി ടിക്കറ്റാണെന്നും വിമാനത്താവളത്തിലെത്തിയാല്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നുമറിയിച്ചു. ബാഗ് പായ്ക്ക് ചെയ്ത് വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് പ്രതികള്‍ 2023ല്‍ കുടുങ്ങിയത്.

പ്രതികള്‍ നല്‍കിയ ഉറപ്പില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍കുമാര്‍ തന്നെയാണ് തട്ടിപ്പ് സംശയിച്ച് 2023ല്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാജ്യംവിടാന്‍ ഒരുങ്ങുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടിയത്. പാസ്‌പോര്‍ട്ടുകള്‍, വിവിധ തരത്തിലുള്ള സീലുകള്‍ എന്നിവയും അന്ന് പിടിച്ചെടുത്തു.