കണ്ണൂർ: ചിറക്കലിൽ വധശ്രമക്കേസിലെ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പൊലീസ് സംഘത്തിനുനേരേ വെടിവെച്ചുവെന്ന് വ്യക്തമാക്കി എഫ് ഐ ആർ. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് സംഘം പ്രതി റോഷന്റെ പിതാവിനെ സാഹസികമായി കീഴ്‌പ്പെടുത്തി. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മൻ തോമസ് (71) ആണ് മൂന്ന് റൗണ്ട് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല. പൊലീസിനെ വെടിവച്ച തോക്കിന് ലൈസൻസ് ഇല്ലെന്നാണ് എഫ് ഐ ആർ. വെടിയുതിർത്തത് പ്രാണരക്ഷാർത്ഥമാണെന്നും ആകാശത്തേക്കാണ് വെടിവച്ചതെന്നും ബാബു ഉമ്മൻ തോമസിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെ പൊളിക്കുന്നതാണ് എഫ് ഐ ആർ.

റിവോൾവർ തോക്ക് ഉപയോഗിച്ചു പൊലീസ് സംഘത്തിനെതിരെ മൂന്ന് തവണ വെടിവെച്ചെന്നും എസ്‌ഐയും സംഘവും കുനിഞ്ഞു നിന്നതു കൊണ്ടാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ചിറക്കൽ ചിറക്ക് സമീപം റേഷൻ എന്ന വധശ്രമ കേസിലെ പ്രതിയെ തേടി ചെന്നപ്പോൾ പ്രതിയുടെ പിതാവായ ബാബു ഉമ്മൻ തോമസാണ് വളപട്ടണം എസ്‌ഐക്കും സംഘത്തിനുമെതിരെ ലൈറ്റ് ഓഫ് ചെയ്തു ജനാലയിലൂടെ വെടിവെച്ചത്.

ഇരു നില വീട്ടിൽ കയറിയ പൊലീസ് ബാബുവിന്റെ അടച്ചിട്ട മുറിയുടെ വാതിൽ തട്ടി വിളിക്കുകയായിരുന്നു. ഇതിനിടെ കറന്റ് കട്ടാവുകയും റിവോൾവർ വഴി മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു ബാബു ഉമ്മൻ തോമസിന്റെ വെടി ഭയന്ന് എസ്‌ഐ ഉൾപ്പെടെ തറയിൽ കിടക്കുകയായിരുന്നു. വിളിച്ചു പറഞ്ഞതനുസരിച്ചു കണ്ണൂർ എ.സി.പി. ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ളവൻ പൊലിസ് സംഘമെത്തിയാണ് പ്രതിയെ കീഴടക്കിയത്.

ചിറക്കൽ ചിറ പൂരക്കടവിന് സമീപത്തെ വീട്ടിൽ രാത്രി 10 മണിയോടെയാണ് സംഭവം. രണ്ട് സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആറ് പൊലീസുകാരാണ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. വളപട്ടണം പൊലീസിനു നേരേയാണ് വെടിവെച്ചത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് എഫ് ഐ ആർ. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി. ബലപ്രയോഗത്തിലൂടെ റോഷന്റെ അച്ഛനെ റിവോൾവർ സഹിതം അറസ്റ്റ് ചെയ്തു. ലഹരി കേസടക്കം നിരവധി കേസിൽ പ്രതിയാണ് റോഷൻ. ദിവസങ്ങൾക്ക് മുമ്പ് അയൽവാസിയെ ആക്രമിക്കാൻ ശ്രമിച്ചതാണ് പുതിയ കേസ്.

ഇതോടെ ഇയാൾ ഒളിവിൽ പോയി. റോഷൻ ഇന്നലെ വീട്ടിലെത്തിയെന്ന് പൊലീസിനെ നാട്ടുകാർ അറിയിച്ചു. ഇത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തിയത്. നാട്ടുകാരും ഒപ്പമുണ്ടായിരുന്നു, ഇരുനില വീടിന്റെ മുകളിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പൊലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ തൊട്ടടുത്ത മുറിയുടെ ജനാല വഴി പ്രതിയുടെ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവെക്കുകയായിരുന്നു. ഇതിനിടയിൽ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.

സംഭമറിഞ്ഞ് നിരവധി പേർ വീടുനുസമീപം തടിച്ചുകൂടി. ചുറ്റുമതിലും ഇരുമ്പുഗേറ്റുമുള്ള വീട്ടിൽ നാലഞ്ച് പട്ടികളെ വളർത്തുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. റോഷൻ കർണാടകത്തിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് വിവരമുണ്ട്. റോഷനെ തമിഴ്‌നാട്ടുകാരനെ വധിക്കാൻ ശ്രമിച്ചെന്നതാണ് പുതിയ കേസ്. ചിറക്കൽ ചിറയിൽ താമസിക്കുന്ന തമിഴ്‌നാട് കല്ലക്കുറിശ്ശി പഴനിവീട്ടിൽ പി.ബാലാജി(32)യെ പേപ്പർ കട്ടർകൊണ്ട് വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

ഒക്ടോബർ 22-ന് രാത്രി 11.15-ഓടെയായിരുന്നു ആ സംഭവം. ഒരു സ്ത്രീയുടെ വീട്ടിലെ കതകിന് ആരോ മുട്ടുന്നുണ്ടെന്നറിഞ്ഞ് ചെന്നതായിരുന്നു തമിഴ്‌നാട്ടുകാരനായ നല്ലതമ്പി വീട്ടിൽ ഭരതും സുഹൃത്ത് ബാലാജിയും. ഇവർ ചെല്ലുമ്പോൾ റോഷൻ വീടിന്റെ ഗേറ്റ് ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നത് കണ്ടതായി ഭരത് വളപട്ടണം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാര്യം തിരക്കിയപ്പോൾ വീശിയ പേപ്പർ കട്ടർകൊണ്ട് ബാലാജിയുടെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ആരോപണം നിഷേധിച്ച് ബാബുവിന്റെ ഭാര്യ

വെടിവയ്പു സമയത്ത് റോഷന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. അതേസമയം ചിറക്കലിൽ വെള്ളിയാഴ്‌ച്ച രാത്രി പത്തരയോടെയുണ്ടായവെടിവെപ്പ് കേസിൽ പൊലീസിനെതിരെ പ്രതി ബാബു തോമസിന്റെ ഭാര്യ ലിന്റ രംഗത്തു വന്നു.ഇന്നലെ രാത്രി തങ്ങളുടെ വീട്ടിലേക്ക് പൊലീസിനൊപ്പം പുറത്തുനിന്നുള്ള ആളുകളും എത്തിയെന്നും മകൻ റോഷനുമായി നേരത്തെ തർക്കമുള്ളവരാണ് വന്നതെന്നും ലിന്റ പറഞ്ഞു.

പൊലീസിനൊപ്പം ഇവരും വീടിനകത്ത് കയറി. വാതിൽ പൊലീസുകാർ അടിച്ചുപൊളിച്ചു. ആൾക്കൂട്ടം വീട്ടിലെ വാഹനങ്ങളും ജനലും തകർത്തു. അക്രമികളെ ഓടിക്കാനാണ് ബാബു തോമസ് ആകാശത്തേക്ക് വെടിവച്ചത്. പൊലീസിന് നേരെ വെടിവച്ചില്ലെന്ന് പറഞ്ഞ ലിന്റ ബാബു തോമസിന് തോക്ക് ലൈസൻസ് ഉണ്ടെന്നും വ്യക്തമാക്കി.