കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിൽ വയോധികനായ വീട്ടുടമസ്ഥൻ പൊലിസിന് നേരെ റിവോൾവർ ഉപയോഗിച്ചു വെടി വെച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ചിറയ്ക്കൽ ചിറയ്ക്കു സമീപം വില്ല ലേക് റീ ട്രറ്റ് എന്ന വീട്ടിൽ താമസിക്കുന്ന ബാബു തോമസാണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച്ച രാത്രി പത്തു മണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളുടെ മകൻ റോഷനെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. കഴിഞ്ഞ മാസം 22 ന് തൊട്ടടുത്ത വീട്ടിലെ തമിഴ് നാട് സ്വദേശിയെ അക്രമിച്ച വധശ്രമ കേസിലെ പ്രതിയാണ് റോഷൻ . സംഭവത്തിനു ശേഷം ഇയാൾ ചിറക്കലിൽ നിന്നും മുങ്ങുകയായിരുന്നു.

വളപട്ടണം എസ്‌ഐ നിഥിൻ ഉൾപ്പെടെ അഞ്ചു പൊലിസുകാരാണ് പ്രതിയെ തേടി വീട്ടിലെത്തിയത്. പൊലീസ് വിളിച്ചിട്ടും മുൻ വശത്തെ ഡോർ തുറക്കാത്തതിനാൽ രണ്ടാം നിലയിൽ പൊലീസ് കോവണി വെച്ചു കയറുകയായിരുന്നു. റോഷന്റെ മുറിയിൽ അടച്ചിട്ട കതകിൽ തട്ടി വിളിക്കുന്നതിനിടെ കറന്റ് പോവുകയും പിതാവായ ബാബു ഉമ്മൻ തോമസ് തന്റെ റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ വെടിവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.

വെടിയേൽക്കാതിരിക്കാൻ പൊലീസ് തറയിൽ കിടന്നു. ഇതിനിടെ യിൽ റോഷൻ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. എസ്‌ഐ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ എഴുപതോളം പൊലിസുകാർ സ്ഥലത്ത് എത്തുകയും ബാബു ഉമ്മൻ തോമസിൽ നിന്നും തന്ത്രപരമായി റിവോൾവർ പിടിച്ചു വാങ്ങുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വളപട്ടണം പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വൈദ്യ പരിശോധനയ്ക്കു ശേഷംഅറസ്റ്റു രേഖപ്പെടുത്തി.

എന്നാൽ ബാബു ഉമ്മൻ തോമസിനെ അറസ്റ്റു ചെയ്യുന്നത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണവുമായി ഭാര്യ രംഗത്തുവന്നതോടെ
വിശദീകരണവുമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. രംഗത്തെത്തി. തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതിയായ റോഷൻ റൗഡി ലിസ്റ്റിലുള്ളയാലാണെന്നും ഇയാൾക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ കണ്ണൂർ എസ്‌പി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിന് ലൈസൻസ് ഉണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായി പരിശോധിക്കും. ലൈസൻസ് ഇല്ല എന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കമ്മീഷണർ വിശദീകരിച്ചു നേരത്തെ ബാബു ഉമ്മൻ തോമസ് ഉപയോഗിച്ച തോക്ക് ലൈസൻസില്ലാത്തതാണെന്ന പൊലീസ് വാദം തള്ളി കൊണ്ടു ഭാര്യ ലിൻഡ രംഗത്തുവന്നിരുന്നു. ബാബു ഉമ്മൻ തോമസ് പൊലീസിനു നേരെ വെടിവെച്ചില്ലെന്നും വീടാക്രമണം ഭയന്ന് ആത്മരക്ഷാർത്ഥം മുകളിലേക്ക് വെടി വെച്ചതാണെന്നുമാണ് ഇദ്ദേഹത്തിന്റെ ഭാര്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

ഒരു സംഘം ഗുണ്ടകളെ കൂട്ടിയാണ് പൊലീസ് റെയ്ഡിനെത്തിയതെന്നും ഇവരാണ് വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് കേടുപാടുകൾ വരുത്തിയതും വീടിനു മുൻപിലുണ്ടായിരുന്ന കാർ തകർത്തതെന്നും ഇവർ ആരോപിച്ചു. ഇതോടെയാണ് പൊലീസ് പ്രതിസന്ധിയിലായത്. ഒളിവിൽ പോയ റോഷനായി തെരച്ചിൽ നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.