മുംബൈ: ലഹരി മരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായ ശേഷം ദുരനുഭവങ്ങൾ പങ്കുവെച്ചു രംഗത്തുവന്നു. കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് 25ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചിതയായത്. കുടുംബവുമായി വീഡിയോ കോൾ ചെയ്ത ക്രിസാൻ ജയിലിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു.

ജയിലിൽ അലക്ക് സോപ്പ് ഉപയോഗിച്ച് മുടി കഴുകുകയും ടോയ്‌ലറ്റ് വെള്ളത്തിൽ കാപ്പി ഉണ്ടാക്കുകയും ചെയ്തുവെന്ന് 27-കാരിയായ ക്രിസിൻ പറയുന്നു. ഒരു കത്തിലൂടെയാണ് താൻ അനുഭവിച്ച ദുരവസ്ഥ വിവരിക്കുന്നത്. 26 ദിവസത്തെ ജയിൽവാസത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ പുറത്തിറങ്ങിയ താരം ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'പ്രിയപ്പെട്ടവരെ, ജയിലിൽ പേനയും പേപ്പറും കണ്ടെത്താൻ എനിക്ക് മൂന്നാഴ്ചയും അഞ്ച് ദിവസവും വേണ്ടി വന്നു. ടൈഡ് ഉപയോഗിച്ച് മുടി കഴുകിയ ശേഷം, ടോയ്‌ലറ്റ് വെള്ളം ഉപയോഗിച്ച് കാപ്പി ഉണ്ടാക്കിയ ശേഷം, ഞാൻ ബോളിവുഡ് സിനിമകൾ കണ്ടു. എന്റെ അഭിലാഷമാണ് എന്നെ ഇവിടെ എത്തിച്ചത്. നമ്മുടെ സംസ്‌കാരത്തെയും സിനിമകളെയും ടിവിയിലെ പരിചിത മുഖങ്ങളെയും നോക്കി ഞാൻ ചിലപ്പോൾ പുഞ്ചിരിക്കും. ഒരു ഇന്ത്യക്കാരനെന്ന നിലയിലും ഇന്ത്യൻ സിനിമാ വ്യവസായത്തിൽ പെട്ടവനാണെന്നതിലും എനിക്ക് അഭിമാനം തോന്നുന്നു,'' അവർ എഴുതി.

തന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു. ''എന്റെ ജീവനും ഈ തട്ടിപ്പിന് ഇരയായ മറ്റ് നിരപരാധികളുടെ ജീവനും രക്ഷിച്ചതിന് നന്ദി. നീതി എപ്പോഴും വിജയിക്കട്ടെ' എന്നും താരം കുറിച്ചു. ബോറിവലി ആസ്ഥാനമായുള്ള ബേക്കറി ഉടമ ആന്റണി പോൾ (35) മയക്കുമരുന്ന് കേസിൽ കുടുക്കിയതിനെ തുടർന്ന് ഏപ്രിൽ ഒന്നിനാണ് താരം അറസ്റ്റിലാകുന്നത്.

നടി ക്രിസൻ പെരേരയെ മയക്കുമരുന്നുമായി ഷാർജയിൽ കുടുക്കിയതിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേരെ നേരത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൈയിലുണ്ടായിരുന്ന ട്രോഫിക്കുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടർന്നാണ് ജയിലിലായത്. ട്രോഫിയിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി നടിയെ ഷാർജയിലേക്ക് അയച്ചതിന് ഇയാളുടെ കൂട്ടാളിയായ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലക്കാരനായ രവി എന്ന രാജേഷ് ബഭോട്ടെയെയും ക്രൈംബ്രാഞ്ച് പിടികൂടിയിട്ടുണ്ട്.

ട്രോഫിക്കുള്ളിൽ ലഹരിമരുന്നുമായി എത്തിയതിനാണ് വിമാനത്താവളത്തിൽ നിന്ന് ഷാർജാ പൊലീസ് ഏപ്രിൽ 1ന് ക്രിസാൻ പെരേരയെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ രണ്ട് പേർ ചേർന്ന് മകളെ കുരുക്കിയതാണെന്ന പരാതിയുമായി പിന്നാലെ ക്രിസാന്റെ അമ്മ മുംബൈ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോൾ മോചനത്തിലേക്ക് നയിച്ചത്.

നടിയുടെ അതേ ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ആന്റെണി പോൾ എന്നയാൾക്ക് നടിയുടെ കുടുംബവുമായി വൈരാഗ്യമുണ്ടായിരുന്നു. ഇയാളുടെ സഹോദരിയും ക്രിസാന്റ അമ്മയും ഒരു നായക്കുട്ടിയെ ചൊല്ലി വഴക്കിട്ടിരുന്നു. ഇതേ തുടർന്നാണ് നടിയെ കുരുക്കാൻ ഇയാൾ പദ്ധതിയിട്ടത്. ഇതിനായി രാജേഷ് എന്നയാളെ ടാലന്റ് മാനേജർ എന്ന വ്യാജേന നടിയുടെ അടുത്തേക്ക് അയച്ചു. ഒരു ഇംഗ്ലീഷ് വെബ് സീരീസിൽ അവസരമുണ്ടെന്നും ഓഡിഷനായി ഷാർജയിൽ പോവണമെന്നും ഇയാൾ തെറ്റിധരിപ്പിച്ചു. ഒരു ട്രോഫിയും കയ്യിൽ നൽകി ടിക്കറ്റെടുത്ത് യാത്രയാക്കി. പിന്നീട് ആന്റണി തന്നെ ഷാർജാ പൊലീസിനെ വിവരം അറിയിച്ചു. നടിയെ വിട്ട് കിട്ടാൻ പണം വേണമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തെളിവുകൾ കിട്ടിയതോടെ പ്രതികളെയെല്ലാം മുംബൈ പൊലീസ് പിടികൂടി.

ഇരുപത്തേഴുകാരിയായ നടി ജയിൽമോചനത്തിനു പിന്നാലെ അമ്മയുമായി നടത്തിയ വിഡിയോ കോളിന്റെയും മകളെ കണ്ട് അമ്മ സന്തോഷത്തോടെ തുള്ളിച്ചാടുന്നതിന്റെയും വിഡിയോ സഹോദരൻ കെവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ''ക്രിസാൻ ജയിൽമോചിതയായി! 48 മണിക്കൂറിനുള്ളിൽ അവൾ ഇന്ത്യയിലെത്തും'' വിഡിയോയ്ക്കൊപ്പം കെവിൻ ഇങ്ങനെയെഴുതി. അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വിഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ നടിയുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞുതുളുമ്പി. അതേ സമയം 48 മണിക്കൂറിനുള്ളിൽ ക്രിസനിനെ ഇന്ത്യയിൽ എത്തിക്കുമെന്ന് മുംബൈ ജോയിന്റ് കമ്മിഷണർ ഓഫ് പൊലീസ് (ക്രൈം) ലഖ്മി ഗൗതം ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി. സഡക് 2, ബട്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് 27-കാരിയായ ക്രിസൻ പെരേര.