വടശേരിക്കര(പത്തനംതിട്ട): കാടല്ലേ, മാലിന്യം കൊണ്ട് തള്ളിയേക്കാം എന്ന് വിചാരിക്കുന്നവർക്ക് താക്കീതുമായി വനപാലകർ. വനമേഖലയിൽ മാലിന്യം നിക്ഷേപിച്ച് മുങ്ങിയ യുവാവിനെ അന്വേഷിച്ച് കണ്ടു പിടിച്ച് അറസ്റ്റ് ചെയ്തു. വാഹനം പിടിച്ചെടുത്തു.

ചിറ്റാർ പന്നിയാർ കോളനിയിൽ ധാരാലയം വീട്ടിൽ പ്രശാന്ത് ഡി പി(32)നെയാണ് വടശേരിക്കര റേഞ്ച് ഓഫിസർ കെ വി രതീഷ്‌കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് വനപാലകർ അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെ എൽ 26 എഫ് 5357 നമ്പർ പിക്അപ് വാനും പിടിച്ചെടുത്തു. എട്ടു വലിയ ചാക്കുകളിൽ വടശേരിക്കരയിൽ സുബി എന്നയാളുടെ അപ്പോൾസ്റ്ററി കടയിൽ മാലിന്യം ആണ് വനമേഖലയിൽ തള്ളിയത്.

ഞായറാഴ്ചയാണ് മാലിന്യം മണിയാർഅഞ്ച്മുക്ക് റോഡിൽ കൊടുമുടി ഫോറസ്റ്റ് ക്യാംപ് ഷെഡിന് സമീപം തള്ളിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വാഹനം ചിറ്റാറിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. മാലിന്യം ചിറ്റാറിൽ എത്തിക്കുമെന്ന് പറഞ്ഞ് 1500 രൂപ വണ്ടി വാടക വാങ്ങിയിരുന്നതായും ഇയാൾ മൊഴിനൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

സ്റ്റേഷൻ ഫോറസറ്റ് ഓഫിസർമാരായ ഷാജി വർഗീസ്, സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി പി സൗമ്യ, വാച്ചർ രാമചന്ദ്രൻ എന്നിവർ വനപാലക സംഘത്തിലുണ്ടായിരുന്നു. വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം അടക്കം നീക്ഷേപിക്കുന്നത് വന്യമൃഗങ്ങളുടെ ജീവന് ഭീക്ഷണിയാവുന്നതായും, മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വടശേരിക്കര റേഞ്ച് ഓഫിസർ കെ വി രതീഷ്‌കുമാർ പറഞ്ഞു.