തിരുവനന്തപുരം: കേരളാ പൊലീസിൽ അമർഷം ശക്തം. രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ സഹായിക്കണമെന്നാവശ്യപ്പെട്ടു വിളിച്ച മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ സിഐ ഡി.ഗിരിലാലും തമ്മിലുള്ള ഫോൺ സംഭാഷണം വാക്കേറ്റത്തിൽ എത്തിയതിനു പിന്നാലെ സിഐയെ വിജിലൻസിലേക്കു മാറ്റിയതാണ് ഇതിന് കാരണം. മന്ത്രിയുടെ ഓഫിസിൽനിന്നുള്ള പരാതിയെത്തുടർന്നാണ് നടപടി. സ്ഥലംമാറ്റം ന്യായീകരിക്കാൻ ഗിരിലാലിനൊപ്പം 5 സിഐമാരെക്കൂടി മാറ്റി. പൊലീസ് അസോസിയേഷനിലും ഓഫീസേഴ്‌സ് അസോസിയേഷനും ഇതിൽ പരാതികളുണ്ട്. സിഐയെ ബലിയാടാക്കിയെന്നാണ് നിലപാട്.

മന്ത്രി അനിൽ തന്റെ മണ്ഡലമായ നെടുമാങ്ങാടുള്ള ഒരു വീട്ടമ്മയുടെ പരാതിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് സിഐ അപമര്യാദയായി സംസാരിച്ചത് എന്നാണ് പരാതി. തന്റെ രണ്ടാം ഭർത്താവ് 11 കാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന വീട്ടമ്മയുടെ പരാതിയിൽ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടാണ് രാത്രി മന്ത്രി വിളിച്ചത്. എന്നാൽ ന്യായം നോക്കി ഇടപെടാമെന്നാണ് സിഐ പറഞ്ഞത്. പരാതി ലഭിച്ചാൽ ഉടനെ നടപടിയെടുക്കുകയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചതോടെ സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടുവെന്ന് സിഐ പറഞ്ഞു.

ഇതോടെ മന്ത്രിയും സിഐയും തമ്മിൽ വാക്കുതർക്കമായി. വിവരം മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി സിഐ ഗിരിലാലിനോട് വിശദീകരണം തേടിയിരുന്നു. വിജിലൻസിലേക്കാണ് ഗിരിലാലിനെ സ്ഥലം മാറ്റിയത്. അതേസമയം വീട്ടമ്മയുടെ പരാതിയിൽ ഇന്ന് വട്ടപ്പാറ പൊലീസ് മൊഴിയെടുത്ത് കേസെടുത്തു. ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടത്തത്.

ഗിരിലാലിനെ ആദ്യം മലബാറിലേക്ക് മാറ്റുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. എന്നാൽ പൊലീസിലെ പ്രതിഷേധം മനസ്സിലാക്കിയതോടെ തിരുവനന്തപുരത്ത് തന്നെ മാറ്റം കൊടുത്തു. 'ന്യായം' നോക്കി ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെയാണ് സിഐയെ മാറ്റി ഡിജിപി അനിൽകാന്ത് ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്‌ളാറ്റിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ഫോൺകോൾ. രാത്രി എട്ടരയ്ക്കു സ്ത്രീ പരാതിയുമായി സ്റ്റേഷനിൽ നിൽക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിളി. നെടുമങ്ങാട് ഡിവൈഎസ് പിയുടെ റിപ്പോർട്ടും ഗിരിലാലിനെതിരെ ഉണ്ട്.

ഭക്ഷ്യ മന്ത്രിയാണെന്നു പറയുമ്പോൾ 'സർ നമസ്‌കാരം' എന്നു പറഞ്ഞാണ് സിഐ തുടങ്ങിയതെങ്കിലും 'ന്യായം നോക്കി ചെയ്യാം' എന്ന മറുപടി മന്ത്രിയെ ചൊടിപ്പിച്ചു. ''ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോൾ ഇന്നു വൈകുന്നേരത്തിനു മുൻപ് അവനെ തൂക്കിയെടുത്തു കൊണ്ടുവരുമെന്നല്ലേ പറയേണ്ടത്?'' എന്നു മന്ത്രി ചോദിച്ചപ്പോൾ, ''അങ്ങനെ തൂക്കിയെടുത്തു വരുമ്പോൾ നമ്മളെയൊന്നും സംരക്ഷിക്കാൻ ആരുമുണ്ടാവില്ല'' എന്നായിരുന്നു മറുപടി. നിയമവിരുദ്ധമായി സിഐ ഒന്നും പറയുന്നുമില്ല.

പരാതിക്കാരിക്കും കുട്ടികൾക്കും സംരക്ഷണം നൽകാമെന്നും സിഐ പറഞ്ഞെങ്കിലും മന്ത്രി 'ഇയാൾ, ഏവൻ, താൻ' എന്നിങ്ങനെ വിളിച്ചപ്പോൾ സിഐയും ചൂടായി. ''നീ എന്നൊന്നും വിളിക്കരുത്. ആ രീതിയിൽ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടർ പറയുന്നതു കേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ല. പിരിവെടുത്തു കൊണ്ടല്ല ഞാനിവിടെ ഇരിക്കുന്നത്'' എന്നായിരുന്നു പ്രതികരണം. സാർ റെക്കോർഡു ചെയ്യുന്നതു പോലെ ഞാനും കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്നു സിഐ പറയുന്നുണ്ട്. ഈ ഫോൺ സംഭാഷണം മറുനാടനാണ് പുറത്തു വിട്ടത്.

രണ്ടാനച്ഛൻ 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം പരാതി രേഖാമൂലം നൽകാൻ തയാറായില്ലെന്നു പൊലീസ് പറയുന്നു. നിർബന്ധിച്ചശേഷമാണ് മൊഴി നൽകിയത്. ഭർത്താവിനു മാനസിക പ്രശ്‌നങ്ങളുള്ളതിന്റെ രേഖകൾ പരാതിക്കാരി ഹാജരാക്കിയിരുന്നു. ഭർത്താവിനെ തിരക്കി പൊലീസ് ഫ്‌ളാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.