കൊല്ലം: ബാറിലെ അഭിഭാഷകനായ പനമ്പിൽ ജയകുമാറിനെ അതിക്രൂരമായി മർദിക്കുകയും കൈയാമം വച്ച് സെല്ലിൽ തള്ളുകയും ചെയ്ത സംഭവത്തിൽ സസ്പെൻഷനായിരുന്ന കരുനാഗപ്പള്ളി മുൻ എസ്എച്ച്ഓ ജി. ഗോപകുമാർ അടക്കം നാലു ഉദ്യോഗസ്ഥരെയും സർവീസിൽ തിരിച്ചെടുത്തു.

നാളെ പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ ഇവർക്ക് നിർദ്ദേശം ലഭിച്ചു. എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്ഐ ടി. ഫിലിപ്പോസ്, സിപിഓ കെ.കെ. അനൂപ് എന്നിവരാണ് സർവീസിൽ തിരികെ പ്രവേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 21 നാണ് ഇവരെ സസ്പെഷൻ ചെയ്തത്. വകുപ്പുതല അന്വേഷണം പൂർത്തിയായതിന് പിന്നാലെയാണ് സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്.

കുട്ടൻ തമ്പുരാൻ എന്ന് അറിയപ്പെടുന്ന ഗോപകുമാർ അഭിഭാഷകൻ ജയകുമാറിനെ മുൻവൈരാഗ്യം മൂലം കള്ളക്കേസിൽ കുടുക്കി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.സെപ്റ്റംബർ അഞ്ചിന് വാഹനാപകട കേസുമായി ബന്ധപ്പെട്ടാണ് ജയകുമാറിനെ കസ്റ്റഡിയിൽ എടുത്തത്.

തുടർന്ന് ഗോപകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ ക്രൂരമർദനം വക്കീലിന് ഏൽക്കേണ്ടി വന്നു. കൈകൾ പിന്നോട്ടാക്കി വിലങ്ങ് വച്ച് സെല്ലിൽ തള്ളുകയും ചെയ്തു. മദ്യലഹരിയിൽ ജയകുമാർ പൊലീസിനെ ആക്രമിച്ചുവെന്ന് വരുത്തി തീർക്കാൻ വേണ്ടി ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതാണ് തിരിച്ചടിയായത്.

ജയകുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തതിനും മർദിച്ചതിനുമെതിരേ സംസ്ഥാനമൊട്ടാകെ അഭിഭാഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വിശ്വസ്തനായ കുട്ടൻ തമ്പുരാനെതിരേ ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയാറായില്ല. അഭിഭാഷകൻ കൂട്ടത്തോടെ കോടതി ബഹിഷ്‌കരണം നടത്തുമെന്ന് വന്നതോടെ സർക്കാർ അയഞ്ഞു.

ആരോപണ വിധേയരായ നാല് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്ത് സർക്കാർ പ്രക്ഷോഭം തണുപ്പിച്ചു. കേരളാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊലീസ് ഇൻസ്പെക്ടർക്ക് വേണ്ടി ഐപിഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ പ്രമേയം പാസാക്കി. ഗോപകുമാറിന് വേണ്ടി ഇരവാദം ഉന്നയിച്ച് സർക്കാരിൽ സമ്മർദം ചെലുത്തി. എന്നാൽ, അഭിഭാഷകരുടെ എതിർപ്പ് ഭയന്ന് സർക്കാർ വിട്ടു വീഴ്ചയ്ക്ക് തയാറായില്ല.

സർവീസിൽ തിരികെ കയറിയ ഗോപകുമാർ ഇനി കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ വന്നാൽ ബഹിഷ്‌കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ഇയാൾക്കെതിരേ ശക്തമായ പ്രതിഷേധവും ഉണ്ടാകും. സുപ്രീംകോടതി ഉത്തരവുകൾക്കെതിരായി അഭിഭാഷകനെ വിലങ്ങു വച്ചതിന്റെ പേരിൽ ഗോപകുമാർ അടക്കമുള്ളവർക്കെതിരേ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജിയും നിലവിലുണ്ട്.