കൊച്ചി: ഇത്തവണ പീഡകനെതിരെ അതിവേഗ നടപടി. പാരലൽ കോളേജിൽ ഒരുമിച്ചു പഠിപ്പിച്ച സൗഹൃദം മുതലാക്കി ചൂഷണം തുടർന്ന എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ സൈജുവിനെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സൈജുവിനെതിരെ കേസെടുത്തിരുന്നു. പൊലീസ് അസോസിയേഷൻ റൂറൽ പ്രസിഡന്റായിരുന്ന സൈജു പോക്‌സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ടതിന് മേലുദ്യോഗസ്ഥരുടെ താക്കീതിന് വിധേയനായിട്ടണ്ട്. സൈജുവിനെതിരായ പുതിയ പീഡന വാർത്ത ഇന്നലെ രാത്രി പത്ത് മണിക്കാണ് മറുനാടൻ പുറത്തു വിട്ടത്. പിന്നാലെയാണ് നടപടിയുണ്ടാകുന്നതും.

മലയിൻകീഴ് സി ഐ ആയിരിക്കെ വനിത ഡോക്ടറെ പീഡിപ്പിച്ചതിന് കേസിൽപ്പെട്ട സി ഐ സൈജുവിനെ ആഭ്യന്തര വകുപ്പ് രക്ഷിച്ചെടുത്തത് സി പി എമ്മിന്റെ അതിവിശ്വസ്തനായതു കൊണ്ടാണ്. സി ഐ സൈജുവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് നെടുമങ്ങാട് പൊലീസിന് പരാതി നല്കിയത്. സൈജു പൊലീസിൽ എത്തുന്നതിന് മുൻപ് ഒരുമിച്ച പാരലൽ കോളേജിൽ പഠിപ്പിച്ച് പരിചയം ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടതോടെ ഇരുവരും കുടുംബ സുഹൃത്തുക്കളായി. കുടംബങ്ങൾ ഒന്നിച്ച് യാത്രയും നടത്തി. ഇതിനിടയിലാണ് സി ഐ സൈജു ചൂഷണം തുടങ്ങിയത്.

വിവാഹം കഴിക്കാമെന്നു പറഞ്ഞ് ആണ് പീഡനം തുടങ്ങിയത്. പിന്നീട് ഭീഷണിയായി. ഇതിനിടെ യുവതിയിൽ നിന്നും പണവും കൈക്കലാക്കി. തിരികെ ചോദിച്ചപ്പോൾ ഭീഷണി തുടർന്നു. പീഡനം സഹിക്കാതെ വന്നപ്പോൾ യുവതി ഭർത്താവിനോടു കാര്യങ്ങൾ തുറന്ന് പറഞ്ഞു. അതിന് ശേഷം ഭർത്താവുമൊത്താണ് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്. പരാതി പരിശോധിച്ച് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ സസ്‌പെന്റ് ചെയ്തു. അന്വേഷണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് ഇത്. ബലാത്സംഗ കേസിൽ വ്യാജ രേഖ ചമയ്ക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇതിന്റെ പേരിൽ മലയിൻകീഴ് പൊലീസ് സ്‌റ്റേഷനിലെ റൈറ്റർക്കെതിരേയും നടപടിയുണ്ട്. റൈറ്റർ പ്രദീപിനേയും സസ്‌പെന്റ് ചെയ്തു.

നെടുമങ്ങാട്ടെ കേസിൽ യുവതിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ എപ്രിലിൽ മലയിൻകീഴ് സ്റ്റേഷനിൽ സി ഐ ആയി ജോലി ചെയ്യവെ വനിത ഡോക്ടറെ പീഡിപ്പിച്ചതിന് സൈജു കേസിൽ പെട്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് സി ഐ, ആയിരുന്ന എ വി സൈജുവിനെ സ്ഥലം മാറ്റിയിരുന്നു.. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ പ്രതിയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റുമായ സൈജു പിന്നീട് അവധിയിൽ പോയി.

തുടർന്ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം എറണാകുളത്തേക്ക് സ്ഥലം മാറ്റം വാങ്ങി പോകുകയായിരുന്നു. മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടർ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നൽകിയ പ്രശ്‌നം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്ന് എസ്ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായാണ് ഡോക്ടർ പരാതിപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഇവരുടെ വിവാഹ ബന്ധം വേർപ്പെട്ടു. പിന്നീട് അവർക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.

ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു. ഇതിന്റെ പേരിൽ സൈജുവിന്റെ ബന്ധുക്കൾ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന്യുവതി പറഞ്ഞിരുന്നു. സൈജുവിനെതിരെ സസ്‌പെൻഷന് നെടുമങ്ങാട് സി ഐ ശുപാർശ ചെയ്‌തെങ്കിലും ഇദ്ദേഹത്തിന്റെ സി പി എം ബന്ധം കാരണം ഒരു നടപടിയും ഉണ്ടായില്ല. ആഭ്യന്തര വകുപ്പും സൈജുവിന് പരവതാനി വിരിച്ചു കൊടുക്കയായിരുന്നു.എന്നാൽ പരാതിക്കാരിയെ അന്വേഷണത്തിന്റെ പേരു പറഞ്ഞ് വല്ലാതെ ബുദ്ധിമുട്ടിച്ചു. വീട്ടിലെ സി സി ടിവി അടക്കം പൊലീസ് കൊണ്ടു പോയി., എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ല.

സി ഐ സൈജുവിനെതിരെ വേറെയും ആരോപണങ്ങൾ ഉയർന്നിരുന്നു. പീഡന കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച സൈജുവിന്റെ ക്രൂരതക്കെതിരെ കഴിഞ്ഞ വർഷം ഡിജിപിയുടെ ഇടപെടൽ ഉണ്ടായി. സംഭവത്തെ കുറിച്ച് മലയിൻകീഴ് സി ഐ സൈജുവിനെ റൂറൽ എസ് പി വിളിപ്പിച്ചു. വീഴ്ചയിൽ വിശദീകരണവും തേടിയിരുന്നു. അമ്മയുടെ പരാതിയിൽ ആണ് അന്ന് പൊലീസ് മേധാവിയുടെ ഇടപെടൽ ഉണ്ടായത്. ഇരയെ പ്രതിയുടെ അടുക്കൽ എത്തിച്ച പൊലീസ് വീഴ്ച മാധ്യമങ്ങൾ പുറത്തു വിട്ടപ്പോഴാണ് അന്ന് ഡിജി പി വിഷയത്തിൽ ഇടപെട്ടത്. പോക്‌സോ കേസിലെ പ്രതി കൺമുന്നിലുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച പൊലീസ്, ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസം ആണ് ഈ അമ്മ ജയിലിൽ കിടന്നത്.

ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഈ കേസിലായിരുന്നു അമ്മയെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്ത് എത്തുന്നത്. 2021ജൂലൈ 15ന് അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17ന് രാത്രി വീട്ടിൽ തന്റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന ശേഷം മൊബൈൽ അടക്കം പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി പരാതിപ്പെട്ടിരുന്നു.

രണ്ട് തവണ വധശ്രമമുണ്ടായെന്നും പരാതി ഉണ്ടായി. മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകാതെ പിന്മാറില്ലെന്ന ഉറച്ച നിലപാട് യുവതി എടുത്തതോടെ പ്രശ്‌നം വഷളായി .സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ഓഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകി. ഇതന്വേഷിക്കാൻ മലയിൻകീഴ് പൊലീസ് എത്തിയതോടെയാണ് മകൾ നേരിട്ട പീഡനം പൊലീസിനെ യുവതി അറിയിക്കുന്നത്. 2021 ഓഗസ്റ്റ്് 31ന്.അന്നെ ദിവസം അമ്മയെയും മകളെയും അവിടതന്നെ നിർത്തി പൊലീസ് കടന്നു.

സെപ്റ്റംബർ ഒന്നിന് രണ്ടും കൽപിച്ച് യുവതി മകളുമായി പൊലീസ് സ്റ്റേഷനിൽ എത്തി.ആറ് വയസുകാരി മജിസ്‌ട്രേറ്റിന് മൊഴി നൽകി.മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി.മെഡിക്കൽ റിപ്പോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തി്. എന്നിട്ടും അന്നേ ദിവസം രാത്രി പൊലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിൽ.കൺമുന്നിൽ പോക്‌സോ കേസ് പ്രതിയുണ്ടായിട്ടും പൊലീസ് തൊട്ടില്ല.

പൊലീസ് വീട്ടിലെത്തിച്ച അതെ ദിവസമാണ് ഭർത്താവ് ഭാര്യയും തമ്മിൽ തർക്കമുണ്ടാകുന്നതും എയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേൽക്കുന്നതും.സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം. ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയൻകീഴ് പൊലീസ് പോക്‌സോ കേസ് പ്രതിക്ക് പരിക്കേറ്റകേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്തു.

പോക്‌സോ കേസിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങി. എന്നാൽ വധശ്രമകേസിൽ നാൽപത്തിയഞ്ച് ദിവസം ജയിൽവാസം നേരിടേണ്ടി വന്ന ദുരവസ്ഥയിലേക്ക് മുംബൈ യുവതിയെ എറിഞ്ഞു കൊടുത്ത പൊലീസ് വീഴ്ചയാണ് കുറ്റകരം. ഇതിലും പ്രതികൂട്ടിലുണ്ടായരുന്നത്് സി ഐ സൈജു തന്നെയായിരുന്നു. പാർട്ടി ബന്ധവും പൊലീസ്് അസോസിയേഷൻ നേതാവെന്ന പരിഗണനയും ലഭിച്ചതോടെ സൈജുവിനെ താക്കീതു ചെയ്തവർ തന്നെ എല്ലാംമറന്നു.