- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിഐ സുനിൽദാസിനും എസ് ഐയ്ക്കും സസ്‌പെൻഷൻ
വളാഞ്ചേരി: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതികളായ വളാഞ്ചേരി സിഐ സുനിൽ ദാസ്, എസ്‌ഐ ബിന്ദുലാൽ എന്നിവരെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. സ്‌ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അൻസാറിനും നൽകിയെന്നാണ് ക്വാറി ഉടമ പരാതിയിൽ പറയുന്നത്. ഇതിൽ ബിന്ദുലാലിനേയും ഇടനിലക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം പൊലീസിന് തീരാ കളങ്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സസ്‌പെൻഷൻ.
സുനിൽദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്‌ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നൽകിയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാർച്ചിൽ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്. ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പൊലീസ് പങ്കെടുത്തതിനു പിന്നാലെ മലപ്പുറത്ത് ക്വാറി ഉടമയിൽ നിന്ന് എസ്ഐയും സിഐയും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത് പൊലീസിന് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിൽ എസ് ഐയെ അതിവേഗം അറസ്റ്റു ചെയ്തു. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തു. സിഐ ഒളിവിലാണ്.
വളാഞ്ചേരി പാറമടയിൽ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു പിടിച്ച കേസുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഭൂവുടമ തിരൂർ മൂത്തൂർ സ്വദേശി തൊട്ടിയിൽ നിസാറാണ് പരാതിക്കാരൻ. വളാഞ്ചേരി എസ്ഐ ബിന്ദുലാൽ (48), ഇടനിലക്കാരൻ പാലക്കാട് തിരുവേഗപ്പുറ സ്വദേശി പൊന്നൻതൊടി അസൈനാർ (39) എന്നിവരെയാണ് തിരൂർ ഡിവൈഎസ്‌പി പി.പി. ഷംസ് അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ വളാഞ്ചേരി സിഐ സുനിൽദാസിനെ (53) തേടിയുള്ള തിരച്ചിൽ ശക്തമാക്കി. സുനിൽ ദാസിന് മാഫിയാ ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് നിഗമനം.
എസ്ഐ ബിന്ദുലാലിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഇയാളുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. സുനിൽദാസിനെതിരേ നേരത്തേയും പരാതികൾ ഉയർന്നിരുന്നെങ്കിലും കൃത്യമായ നടപടികളുണ്ടായില്ല. എന്നാൽ ഇപ്പോഴത്തെ പരാതിയിൽ അതിവേഗം നടപടികളെടുക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം. വടക്കുംപുറം, മനയ്ക്കൽപ്പടി ഭാഗങ്ങളിലെ ക്വാറികളിൽ ഉപയോഗിക്കാനെത്തിച്ച സ്ഫോടക വസ്തു ശേഖരം കൊടുമുടിയിൽ വളാഞ്ചേരി പൊലീസ് വാഹന പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.
വളാഞ്ചേരി എസ്‌ഐ ബിന്ദുലാലും ഇൻസ്‌പെക്ടർ സുനിൽദാസും ചേർന്നാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. കേസിൽ പ്രതിയായ തിരൂർ മുത്തൂർ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാൻഡിലാക്കുമെന്ന് എസ്‌ഐയും ഇൻസ്‌പെക്ടറും ഭീഷണിപ്പെടുത്തി. ഇവരുടെ കൂടെയുള്ള ചില ഭൂവുടമകൾക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതുപ്രകാരം എസ്‌ഐ ബിന്ദുലാൽ 10 ലക്ഷം രൂപയും ഇൻസ്‌പെക്ടർ സുനിൽദാസ് 8 ലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. ഇതിനെല്ലാം ഇടനിലക്കാരനായിനിന്ന അസൈനാർ 4 ലക്ഷം രൂപയും കൈപ്പറ്റി.
നിസാർ ഈ വിവരം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്‌പി ടി.മനോജാണു പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് തിരൂർ ഡിവൈഎസ്‌പിക്കു കൈമാറി. തിരൂർ ഡിവൈഎസ്‌പി ഇന്നലെ രാവിലെ വളാഞ്ചേരി സ്റ്റേഷനിലെത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും എസ്‌ഐയെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനിടെ ഇൻസ്‌പെക്ടർ ഒളിവിൽ പോയി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗുരുവായൂരിലും എയർപോർട്ടിലും പുതുക്കാടും എല്ലാ ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനിൽദാസ്. ഇയാൾക്കെതിരെ ഗുരുവായൂരിൽ അടക്കം റിയൽ എസ്റ്റേറ്റ് മാഫിയയുമായുള്ള ആരോപണം ഉയർന്നിട്ടുണ്ട്. എസ് ഐയായ ബിന്ദുലാലും നിരവധി ആരോപണങ്ങളിൽ മുമ്പും കുടുങ്ങി. ഇതുകാരണം നിരവധി സ്റ്റേഷനുകളിലേക്ക് മാറ്റവും കിട്ടിയിട്ടുണ്ട്.