കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്ത സർക്കിൾ ഇൻസ്‌പെക്ടർ സുനുവിനെ പൊലീസ് വിട്ടയച്ചതിന് പിന്നിൽ തെളിവില്ലെന്ന കാരണത്താൽ. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവില്ലെന്ന് പറഞ്ഞാണ് തൃക്കാക്കര പൊലീസ് ഉദ്യോഗസ്ഥനെ വിട്ടയച്ചത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സിഐ പി.ആർ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. അടുത്ത ദിവസം രാവിലെ പത്തിന് ഹാജരാവണം എന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്. സിഐയെ കൂടാതെ കേസിൽ കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരെയും വിട്ടയച്ചു.

ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാവുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും രാത്രിയോടെ വിട്ടയയ്ക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. തെളിവില്ലെന്നാണ് പൊലീസ് നിഗമനം. സാമ്പത്തിക തർക്കത്തിന്റെ പ്രതികാരമാണോ കേസെന്നും സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ പി.ആർ സുനു ആരോപണങ്ങൾ നിഷേധിച്ചിരുന്നു. യുവതിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മി, ഭർത്താവിന്റെ സുഹൃത്ത് ശശി, അഭിലാഷ്, മറ്റൊരു പ്രതിയായ രാജീവ് എന്നിവരാണ് കസ്റ്റഡിയിലെടുത്ത മറ്റുള്ളവർ. കേസിൽ മൊത്തം ഏഴ് പ്രതികളാണുള്ളത്. രണ്ട് പേർ ഒളിവിലാണ്.

യുവതിയുടെ പരാതിയിൽ ചില വൈരുധ്യങ്ങൾ ഉണ്ടെന്നും പൊലീസ് പറയുന്നു. അതിനാൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൊഴി എടുത്ത ശേഷമേ ഇനി കേസിൽ തുടർ നടപടിയുണ്ടാകൂവെന്നാണ് സൂചന. ലോട്ടറി മാഫിയയുമായി ബന്ധപ്പെട്ട ഒരു പ്രമുഖനുമായി അടുത്ത ബന്ധം ശശി എന്ന കേസിലെ പ്രതിക്കുണ്ടായിരുന്നു. ശശിക്ക് പണം നൽകാനുള്ള വ്യക്തിയാണ് ജയിലിലുള്ള ഒരു പ്രതിയെന്നാണ് ആരോപണം. ഇയാളുടെ ഭാര്യയാണ് പീഡന പരാതിക്ക് പിന്നിൽ.

ഇതിലേക്ക് വഴിയൊരുക്കിയത് സാമ്പത്തിക തർക്കമാണോ എന്ന സംശയമുണ്ട്. പീഡനം നടന്നെന്ന് പറയുന്ന ദിവസത്തെ മൊബൈൽ ടവർ പരിശോധനയാണ് നിർണ്ണായകമായതെന്നാണ് സൂചന. ലോട്ടറി മാഫിയാ തലവനായ ഒരാളുടെ പഴയ വിശ്വസ്തനും കേസിലെ കണ്ണിയാണ്. ഇയാൾക്ക് പൊലീസിലും ഉന്നത ബന്ധങ്ങളുണ്ട്. ഇത് അട്ടിമറിക്ക് കാരണമായോ എന്ന സംശയവും സജീവമാണ്.

യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഇയാളെ പുറത്തിറക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് തൃക്കാക്കര സിഐ എന്ന് പരിചയപ്പെടുത്തി ബന്ധപ്പെട്ട സുനു കൊച്ചിയിൽ രണ്ടിടങ്ങളിൽ വച്ച് മറ്റു പ്രതികൾക്കൊപ്പം ചേർന്ന് ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. ഇതിനു മുമ്പും മൂന്ന് പീഡനക്കേസുകളിൽ പ്രതിയാണ് സിഐ സുനു. എന്നാൽ ഇപ്പോൾ പീഡനം ആരോപിക്കുന്ന ദിവസം സിഐയുടെ ടവർ ലൊക്കേഷൻ ആ മേഖലയിൽ അല്ല. ഇതാണ് സുനുവിനെ വിട്ടയയ്ക്കാൻ കാരണം.

അന്വേഷണത്തിൽ പ്രാഥമികമായി ലഭിച്ച തെളിവുകൾ പൊലീസ് വിശകലനം ചെയ്തിട്ടുണ്ട്. അതിന് ശേഷം വീണ്ടും യുവതിയുടെ മൊഴി എടുക്കും. അതിലൂടെ തെളിവുകളിൽ വ്യക്തത വരുത്താനാണ് നീക്കം.