കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) നടത്തിയ തിരച്ചിലിൽ വിമാനത്തിൽ നിന്ന് ഏഴു കിലോ സ്വർണം പിടികൂടുമ്പോൾ തെളിയുന്നത് കടത്തിന്റെ പഴയ തന്ത്രം. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തു.

ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ കടത്തുകയായിരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു. വലിയ സംഘം തന്നെ ഇതിന് പിന്നിലുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സ്വർണം പിടിച്ചെടുക്കുകയായിരുന്നു. ഈ ഓപ്പറേഷന് പിന്നിൽ വിമാനത്തിലെ ജീവനക്കാരുടെ സഹായം കിട്ടാനും സാധ്യതയുണ്ട്. ഇതും പരിശോധിക്കും.

വിമാനത്തിൽ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം പൊതിഞ്ഞ് സീറ്റിനടിയിൽ വെച്ചിരിക്കുകയായിരുന്നു. ദുബായിൽനിന്ന് കൊച്ചിയിൽ എത്തി തുടർന്ന് വിമാനം ഡൽഹിക്കാണ് പോകുന്നത്. ദുബായിൽ നിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന മൂന്നുപേരെയും കൊച്ചിയിൽനിന്ന് ഡൽഹിക്ക് പോകാനായി വിമാനത്തിൽ കയറിയ മൂന്നുപേരെയുമാണ് ഡി.ആർ.ഐ. കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആറ് പേരും മലപ്പുറം സ്വദേശികളാണ്.

ദുബായിൽനിന്ന് സ്വർണവുമായി കയറുന്നവർ വിമാനത്തിലെ സീറ്റിനടിയിൽ സ്വർണം ഒളിപ്പിക്കും. കൊച്ചിയിൽ നിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്ന സ്വർണക്കടത്ത് സംഘാംഗങ്ങൾ മറ്റൊരു വിമാനത്തവളത്തിൽ വിമാനം നിർത്തുമ്പോൾ ഈ സ്വർണം എടുത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിക്കും. കള്ളക്കടത്ത് സംഘങ്ങൾ പതിവായി നടത്താറുള്ള രീതിയാണിത്. പിടിച്ചെടുത്ത സ്വർണത്തിന് മൂന്നരക്കോടിയിലധികം രൂപ വില വരും. പിടിയിലായവരിൽ ചിലർ മുൻപും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരം സുരക്ഷിത രീതികൾ പല സംഘങ്ങളും സ്വീകരിക്കാറുണ്ട്.

അന്താരാഷ്ട്ര വിമാനങ്ങളിൽ പരിശോധന കർശനമാണ്. എന്നാൽ ആഭ്യന്തര സർവ്വീസിലുള്ളവർക്ക് വലിയ പ്രശ്‌നമില്ലാതെ പുറത്തിറങ്ങാം. ഇതാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. ദുബായിൽ നിന്ന് എത്തിയ വിമാനം കൊച്ചിയിൽ നിന്ന് തിരിക്കുന്നത് ആഭ്യന്തര സർവ്വീസായാണ്. ഡൽഹിയിൽ എളുപ്പത്തിൽ സ്വർണ്ണവുമായി രക്ഷപ്പെടാം. ഇതിന് വേണ്ടിയാണ് സീറ്റിടയിലെ സ്വർണം ഒളിപ്പിക്കൽ. മൂന്നു പേർ ദുബായിൽ നിന്ന് അടുത്തടുത്ത സീറ്റിൽ ടിക്കറ്റെടുക്കും. അതേ വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള യാത്രയിലും അതേ സീറ്റിൽ അതേ മാഫിയാ സംഘത്തിലെ മൂന്ന് പേർ ടിക്കറ്റെടുക്കും.

ഒളിപ്പിക്കുന്ന സ്വർണം രണ്ടാമത് കയറുന്ന സംഘം എടുത്ത് സുരക്ഷിത വിമാനത്താവളത്തിലൂടെ പുറത്തേക്ക് കടത്തും. കേരളത്തിൽ ഇപ്പോൾ വിമാനത്താവളത്തിൽ പരിശോധന ശക്തമാണ്. അതുകൊണ്ടു കൂടിയാണ് ഈ കടത്തു രീതി. വിമാനജീവനക്കാരുടെ സഹായമുണ്ടെങ്കിലേ ഇങ്ങനെ സ്വർണം കടത്താനാകൂ. അതുകൊണ്ടാണ് പിടിയിലായവരെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്.