കോഴിക്കോട്: കഴിഞ്ഞ ജനുവരി 21 ന് കോഴിക്കോട് കാരന്തൂരില്‍വെച്ച് 227 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടുമ്പോള്‍ രാജ്യവ്യാപകമായി നെറ്റ്വര്‍ക്കുള്ള വലിയ ഒരു മയക്കുമരുന്ന് ശൃംഖലയിലേക്കാണ് തങ്ങള്‍ പ്രവേശിച്ചിരിക്കുന്നത്, കുന്ദമംഗലം പൊലീസ് കരുതിയിരുന്നില്ല. മഞ്ചേശ്വരം സ്വദേശി ഇബ്രാഹിം മുസമില്‍, വെള്ളിപറമ്പ് സ്വദേശി അഭിനവ് എന്നിവര്‍ പിടികൂടിയ പൊലീസ്, തുടര്‍ന്ന് നടത്തിയ അന്വേഷണം സിനിമാക്കഥ പൊലെ അവിശ്വസനീയമാണ്. ആദ്യം, മൈസുരിലും, പിന്നീട് പഞ്ചാബിലും ഒടുവില്‍ ഡല്‍ഹിയിലും എത്തിയാണ്, കുന്ദമംഗലംപോലീസ് എംഡിഎംഎക്കേസിലെ പ്രതികളെ പൊക്കിയത്. ഇപ്പോള്‍ മൊത്തം 10 പേര്‍ കേസില്‍ പിടിയിലായിട്ടുണ്ട്. മാസങ്ങള്‍ നീണ്ട ലഹരിവേട്ടക്ക് ഒടുവിലാണ്, കേരളാ പൊലീസിന് ഈ നേട്ടത്തിലേക്ക് എത്താന്‍ കഴിഞ്ഞത്.

അന്താരാഷ്ട്ര ലഹരി വില്പനക്കാരനായ നൈജീരിയന്‍ പൗരന്‍ ഫ്രാങ്ക് ചിക്കന്‍സി കച്ചുകാ (33) എന്നയാളെയാണ് കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. നോയിഡയില്‍ ഫാര്‍മസിസ്റ്റായും ജോലി ചെയ്യുന്ന പ്രതി ഗാല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ എംസിഎ വിദ്യാര്‍ത്ഥിയാണ്. പഠിക്കുന്ന കോളെജില്‍ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കാരന്തൂരില്‍ തുടങ്ങി മൈസൂര്‍ വഴി

കഴിഞ്ഞ ജനുവരിയില്‍ കുന്ദമംഗലത്തിന് സമീപം കാരന്തൂരില്‍ വെച്ച് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായ കേസിന്റെ തുടര്‍ച്ചയായാണ് നൈജീരിയന്‍ സ്വദേശി പൊലീസ് വലയിലായത്. കേസില്‍ അറസ്റ്റിലാവുന്ന പത്താമത്തെ പ്രതിയാണ് ഇയാള്‍. ഇതേ കേസില്‍ പിന്നീട് മൈസൂരുവില്‍ വെച്ച് മുഹമ്മദ് ഷമീല്‍ എന്നയാളും പിടിയിലായത്. ഇവര്‍ക്ക് രാസലഹരി ലഭിച്ച വഴി തേടിയുള്ള പൊലീസ് അന്വേഷണമാണ് വിദേശപൗരന്‍മാരിലേക്ക് ഉള്‍പ്പെടെ എത്തിയത്.

പ്രതികളെ തെളിവെടുപ്പിനായി ബംഗളൂരുവില്‍ എത്തിച്ചപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ച് മനസിലാകുന്നത്. ഇവര്‍ വാങ്ങിയ രാസലഹരിയുടെ പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകളും ഇവര്‍ ഉപയോഗിച്ച വാട്സ് ആപ്പ് കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെ അന്വേഷണം നോയിഡയിലേക്കും പഞ്ചാബിലേക്കും പൊലീസിനെ എത്തിച്ചു. വലിയ തുക ടാന്‍സാനിയന്‍ സ്വദേശികളുടെ അക്കൗണ്ട് വഴി നോയിഡയില്‍ വെച്ചാണ് പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മാര്‍ച്ച് പതിനാലിന് ടാന്‍സാനിയന്‍ സ്വദേശികളായ ഡേവിഡ് എന്‍ഡമി, അറ്റ്ക്ക ഹരുണ എന്നിവരെ പിടികൂടിയതോടെയാണ് മുഖ്യ കണ്ണിയായ ഫ്രാങ്ക് ചിക്കന്‍സിയിലേക്ക് അന്വേഷണം നീണ്ടത്.

പഞ്ചാബിലെ പെര്‍ഗാനയിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഡേവിഡ് എന്‍ഡമിയും അറ്റ്ക്ക് ഹരുണയും. സര്‍വകലാശാലയ്ക്ക് സമീപമുള്ള വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്നിടത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരുടെ അക്കൗണ്ടില്‍ നാലു മാസത്തിനകം 1.3 കോടി രൂപയിലേറെ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പല ഇടനിലക്കാര്‍ വഴി കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ച വകയിലുള്ള പണം കൈപ്പറ്റിയതും ഇവരുടെ അക്കൗണ്ടു വഴിയാണെന്നും കണ്ടെത്തി. പിടിയിലായ ടാന്‍സാനിയന്‍ സ്വദേശികള്‍ ജുഡീഷ്യല്‍ കസ്റ്റിഡിയിലാണിപ്പോഴുള്ളത്.

ഒടുവില്‍ നോയിഡയിലേക്ക്

ഇവരുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ എംഡിഎംഎ വാങ്ങിക്കാനാവശ്യമായ പണം അയച്ച് നല്‍കിയ മറ്റൊരു അക്കൗണ്ട് കൂടി ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയിലേക്ക് അന്വേഷണം എത്തുകയായിരുന്നു. ഇയാളില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളില്‍ നിന്നായി ഏഴ് സിം കാര്‍ഡുകളും കുറ്റവാളികള്‍ നിയമവിരുദ്ധമായി പണം കൈകാര്യം ചെയ്യാനുപയോഗിക്കുന്നതായി സംശയിക്കുന്ന ബാങ്കുകളുടെ രണ്ട് എടിഎം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.

ഈ അക്കൗണ്ടുകളിലേക്ക് ലക്ഷണക്കിന് രൂപയാണ് വന്നുചേരുന്നതെന്നും പണമെത്തുന്ന ദിവസം തന്നെ അത് പിന്‍വലിക്കുന്നതായുമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളെജ് അസി. കമ്മീഷണര്‍ ഉമേഷ് എയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ് ഐ നിധിന്‍, എസ് സി പി ഒ മാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ലഹരി നിര്‍മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ്അറിയിച്ചു.

ഒരു ചെറിയ സംഭവത്തിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വലിയ റാക്കറ്റിന്റെ ചിത്രമാണ് വെളിവായിരിക്കുന്നത്. മെത്ത് എന്ന് വിളിക്കുന്ന എംഡിഎംഎ, ഇന്ത്യയില്‍ വ്യാപകമാക്കിയത് നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുന്ദമംഗലം പൊലീസിന്റെ അന്വേഷണം ഈ വാദത്തിന് അടിവരയിടുന്നു. ഇത് ഇന്ത്യയിലും കുടില്‍ വ്യവസായം പോലെയാക്കിയത്. പഠനം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ സ്വദേശികള്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈൗ ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെത്തിയാണ് മെത്ത് നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഡിറ്റര്‍ജന്റ്, പെര്‍ഫ്യൂം തുടങ്ങിയവ നിര്‍മിക്കുന്ന ചെറുകിട വ്യവസായ സംരംഭകരെ പാട്ടിലാക്കിയാണ് എംഡിഎംഎ നിര്‍മ്മാണം. ഇവരുടെ നിര്‍മാണകേന്ദ്രത്തില്‍ ഒരു വശത്തു ചെറിയ മുറി തരപ്പെടുത്തി ലാബ് സ്ഥാപിക്കും. രാസവസ്തുക്കളില്‍ ചിലതില്‍ മറ്റുചില രാസവസ്തുക്കള്‍ ചേര്‍ത്തു നിശ്ചിത താപനിലയില്‍ ചൂടാക്കിയാണ് എംഡിഎംഎ നിര്‍മിക്കുന്നത്. പൊടി രൂപത്തിലാണ്. ചിലയിടത്ത് ഗുളിക രൂപത്തിലായിരിക്കും. രാസവസ്തുക്കള്‍ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തു ചൂടാക്കിയാലേ ഫലം ലഭിക്കൂ. ഇക്കാര്യത്തില്‍ ആഫ്രിക്കന്‍ വംശജര്‍ക്കാണ് പ്രാവീണ്യം. ആദ്യകാലത്ത് ഇതിന്റെ കുട്ട് ആഫ്രിക്കക്കാര്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. കുക്കിങ്ങ് എന്നാണ് എംഡിഎംഎ നിര്‍മ്മാണം അറിയപ്പെട്ടിരുന്നത്! ഇന്ത്യയില്‍ രാസലഹരി നെറ്റ് വര്‍ക്ക് എത്ര ശക്തമാണെന്ന് തെളിയിക്കുന്ന കേസ് കൂടിയാണിത്.