കോഴിക്കോട്: എംബിബിഎസും എംഡിയുമൊക്കെ എടുത്ത് ഡോക്ടർ ആവാൻ വർഷങ്ങളുടെ പ്രയത്നവും, അപാരമായ കഴിവും വേണം. എന്നാൽ സമാന്തര വൈദ്യത്തിന്റെ പേരിൽ ഡോക്ടറാവാൻ ഇതിന്റെയൊന്നും ആവശ്യമില്ല. ഇപ്പോൾ ആയുഷ് മന്ത്രാലയം ഉള്ളതുകൊണ്ട് ആയുഷിന്റെ അംഗീകരാം ഉണ്ട് എന്നു പറഞ്ഞാണ് മിക്ക തട്ടിപ്പുകാരും നിലനിൽക്കുന്നത്. ഇപ്പോൾ കോഴിക്കോട് ഇതുപോലെ ഒരു തട്ടിപ്പുകാരൻ പിടിയിലായിരിക്കയാണ്.

അംഗീകാരമില്ലാത്ത പ്രവാചക വൈദ്യത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് മതപണ്ഡിതന്മാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പണം തട്ടിയ, കാരന്തൂർ പൂളക്കണ്ടി മുഹമ്മദ് ഷാഫി ( 51) നെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അമ്പതിനായിരം രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് ഇയാൾ വാങ്ങിയത്. ഇത്തരത്തിൽ പലരിൽ നിന്നും കോടികൾ വാങ്ങി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊബേറ്റിക്ക് മെഡിസിൻ എന്ന സ്ഥാപനം ആരംഭിച്ചു.

പരാതിയെ തുടർന്ന് കുന്ദമംഗലത്തെ ഓഫീസിൽ കഴിഞ്ഞ നവംബറിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി. അതിനെ തുടർന്ന് ഈ സ്ഥാപനം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ വാഴക്കാട് വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ എസ്ഐ കലാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജീഷ്, അജീഷ്, ശ്രീരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

എന്താണ് പ്രവാചക വൈദ്യം?

പ്രവാചകന്റെ മുഹമ്മദ് നബിയുടെ കാലത്ത് നിലനിന്നിരുന്നതും, ഹദീസുകളിൽ അദ്ദേഹം ഉപയോഗിച്ചു എന്ന് പറയുന്നതുമായ ചികിത്സാരീതികൾ ക്രോഡീകരിച്ചാണ് പ്രവാചക വൈദ്യം ഉണ്ടാക്കിയത്. പക്ഷേ ഇതിന് പൂർണ്ണമായ ശാസ്ത്രീയ അടിത്തറിയില്ല. കക്കരി, ഈത്തപ്പഴം, ചുരങ്ങ, കരിഞ്ചീരികം എന്നിവയൊക്കെ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് പലയിടത്തും പ്രവാചക വൈദ്യത്തിന്റെ പേരിൽ നടക്കുന്നത്.

പ്രവാചകൻ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു എന്ന ബുഖാരിയിലെ ഹദീസ് എടുത്താണ് ഒരു കൂട്ടർ പ്രചരിപ്പിക്കുന്നത്." എന്റെ മാതാവ് പല ചികിത്സകൾ ചെയ്തു നോക്കിയെങ്കിലും ഞാൻ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്" എന്ന് ആയിശ പറഞ്ഞ ഹദീസും അവർ ക്വാട്ട് ചെയ്യാറുണ്ട്. പ്രവാചകൻ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു എന്ന് മുസ്ലീമിൽ പറയുന്ന ഹദീസാണ് ഇതിന്റെ ഉപയോഗത്തിന്റെ അടിസ്ഥാനം. 'നിങ്ങൾ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്‌കവും ശക്തിപ്പെടുത്തുമെന്നും'- പ്രവചകൻ പറയുന്നതായി പ്രവാചകെൈ വദ്യത്തിനുവേണ്ടിയുള്ള വെബ്സൈറ്റുകളിൽ പറയുന്നു. എന്നാൽ ഇത്തരം ഉദ്ധരണികൾ പലതും വ്യാജമാണെന്നും മതപണ്ഡിതരിൽ ഒരു വിഭാഗം പറയുന്നുണ്ട്.

അതുപോലെ കൂണിന്റെ നീരിൽ കണ്ണിന് രോഗശമനമുണ്ടെന്ന് ബുഖാരി ഹദീസിൽ പറഞ്ഞിട്ടുള്ളതും പ്രവാചകവൈദ്യക്കാർ ഉദ്ധരിക്കാറുണ്ട്. അങ്ങനെയാണ് കൂൺ നീരു കൊണ്ട് സുറുമയിടുന്ന രീതി വന്നത്. ഗർഭിണികൾക്ക് കട്ടക്കുന്തിരിക്കം കൊടുക്കാൻ പ്രവാചകൻ ഉപദേശിച്ചിരുന്നതായും പ്രവാചക വൈദ്യം സംബന്ധിച്ച വെബ്്സൈറ്റുകളിൽ പറയുന്നു. പ്രവാചകൻ വാരിവേദനക്ക് ചായപ്പുല്ലും സൈത്തെണ്ണയും നിർദ്ദേശിക്കാറുണ്ടായിരുന്നുവെന്നം ഇവർ പറയുന്നു. അതുപോലെ വെളുത്തുള്ളി, കരിഞ്ചീരകം, ഈത്തപ്പഴം എന്നിവയൊക്കെ ഇവിടെ ഔഷധമായി ഉപയോഗിക്കന്നുണ്ട്.

പക്ഷേ സയൻസിന്റെ രീതിശാസ്ത്രം വെച്ചുനോക്കുമ്പോൾ, ഇവയിൽ ഒന്നും ശാസ്ത്രീയതയില്ല. ഒരു ഫലത്തിനോ, ചെടിക്കോ ഔഷധഗുണം ഉണ്ടെങ്കിൽ അതിന് അതേപടി എടുത്ത് ഇടിച്ച് പിഴിയുകയല്ല, പകരം, അതിലെ രോഗശമനിയായ ഘടകത്തെ കണ്ടെത്തി അതിൽനിന്ന് മരുന്നുണ്ടാക്കി കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കയാണ് വേണ്ടത്. ഫാർമക്കോളജി ഉണ്ടാകുന്നതിന് മുമ്പ് രൂപപ്പെട്ട പ്രവാചക വൈദ്യത്തെ വെറും വിശ്വാസ അധിഷ്ഠിത ചികിത്സയായി മാത്രമേ കാണാൻ കഴിയൂവെന്നാണ് ആധുനിക ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ കേരളത്തിൽ അടക്കം എത്രയോ പേർ ഈ രീതി ഉപയോഗിക്കുന്നുണ്ട്.